തിരുവനന്തപുരം: ഷെഫീക്കിന്റെ സന്തോഷം എന്ന സിനിമയുടെ പ്രതിഫലത്തെ ചൊല്ലിയുള്ള തർക്കം തുടരുന്നു. നടൻ ബാല ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി സിനിമയുടെ നിർമ്മാതാവും നടനുമായ ഉണ്ണി മുകുന്ദൻ രംഗത്തുവന്നു. ബാലയുടെ ഒരു ചിത്രത്തിൽ താൻ പ്രതിഫലം ഇല്ലാതെ അഭിനയിച്ചു എന്ന് ഉണ്ണി മുകുന്ദൻ വ്യക്തമാക്കി. സൗഹൃദം എന്തെന്ന് പഠിച്ചുകൊണ്ടിരിക്കുകയാണ് എന്നും നടൻ കൊച്ചിയിൽ വിളിച്ചുചേർത്ത വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഉണ്ണി നിർമ്മിച്ച പുതിയ ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം കിട്ടിയില്ല എന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു. ബാലയുടെ രണ്ടാം വിവാഹത്തിൽ പങ്കെടുത്തത് താൻ മാത്രമായിരുന്നു എന്നും ഉണ്ണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. ടെക്‌നീഷ്യന് പ്രതിഫലം ക്ലിയറായില്ല എന്ന ആരോപണം ഗൗരവമായി കാണുന്നതാണ് ഉണ്ണി പറഞ്ഞു. 7 ലക്ഷം രൂപ ഡിപിഒ എൽദോയ്ക്ക് നൽകിയിട്ടുണ്ട്.

'നീ എനിക്ക് വേണ്ടി ചെയ്തത് ഞാൻ നിനക്ക് വേണ്ടി ചെയ്യും' എന്ന് ബാല പറഞ്ഞു. 20 ദിവസം ചിത്രത്തിൽ ജോലിചെയ്തതിനു രണ്ട് ലക്ഷം രൂപ പ്രതിഫലമായി നൽകി. ഒരു ദിവസത്തിന് 10,000 രൂപ എന്നായിരുന്നു കണക്ക്. ട്രോളുകൾ കൊണ്ട് ഹിറ്റായി എന്നതുകൊണ്ട് കൂടുതൽ പണം നൽകാൻ കഴിയില്ല എന്നും ഉണ്ണി കൂട്ടിച്ചേർത്തു. മുൻ ചിത്രത്തിൽ ബാലയ്ക്ക് മൂന്ന് ലക്ഷം ആയിരുന്നു പ്രതിഫലം. ആരും പണം ലഭിക്കാതെ ഈ സിനിമയിൽ ജോലി ചെയ്തിട്ടില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു.

അതേസമയം സിനിമയുടെ അണിയറ പ്രവർത്തകർക്കെതിരെ വിമർശനവുമായി ബാലയുടെ ഭാര്യ എലിസബത്തും രംഗത്തുവന്നിരുന്നു. സിനിമയുടെ അണിയറ പ്രവർത്തകർ ബാലയെ പറ്റിച്ചതാണെന്ന് എലിസബത്ത് പറഞ്ഞു. അവർ ആദ്യമേ പറ്റിക്കുന്നുവെന്ന് തനിക്ക് തോന്നിയിരുന്നുവെന്നും മുൻകൂർ തുക മേടിക്കണമെന്നുള്ള തന്റെ വാക്ക് അനുസരിക്കാതെയാണ് ബാല അഭിനയിച്ചതെന്നും എലിസബത്ത് ആരോപിച്ചു. ബാലയ്ക്ക് എല്ലാവരെയും വിശ്വാസമാണ്. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ ഉണ്ണി മുകുന്ദനോട് പണം ചോദിച്ചു. തിരക്ക് പിടിക്കേണ്ട ഡബ്ബിങ് സമയത്ത് നൽകിയാൽ മതിയെന്നാണ് പറഞ്ഞത്. എന്നാൽ ഡബ്ബിങ് നടക്കുമ്പോൾ വാക്ക് തർക്കമായി. വിനോദ് മംഗലത്ത് മോശമായി സംസാരിച്ചു. ഡബ്ബിങ് കാണാനെത്തിയ എലിസബത്തിന്റെ മാതാപിതാക്കളെ ഇറക്കിവിട്ടുവെന്ന് ബാല ആരോപിച്ചു.

വളരെ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളിൽ ഓടുന്ന കുടുംബ ചിത്രമാണ് ഉണ്ണി മുകുന്ദൻ രണ്ടാമതായി നിർമ്മിച്ച്, നായക വേഷവും ചെയ്ത 'ഷെഫീക്കിന്റെ സന്തോഷം'. സിനിമയിൽ അമീർ എന്ന വേഷം ചെയ്തത് നടൻ ബാലയാണ്. എന്നാൽ തീർത്തും അപ്രതീക്ഷിതമായി കഴിഞ്ഞ ദിവസം ചില ഓൺലൈൻ മാധ്യമങ്ങളിൽ തനിക്കു പ്രതിഫലം ലഭിക്കാതെ പോയി എന്ന് ബാല ആരോപണം ഉന്നയിച്ചിരുന്നു. സ്ത്രീകഥാപാത്രങ്ങൾ ചെയ്തവർക്കൊഴികെ, സംവിധായകനും ചില അണിയറ പ്രവർത്തകർക്കും ഉൾപ്പെടെ ശമ്പളം കിട്ടിയില്ല എന്നായിരുന്നു ബാലയുടെ വാദം. ഇതിനു തൊട്ടുപിന്നാലെ ലൈൻ പ്രൊഡ്യൂസർ വിനോദ് മംഗലത്ത്, സംവിധായകൻ അനൂപ് പന്തളം എന്നിവർ വിശദീകരണവുമായെത്തി.

ഉണ്ണി സഹോദരനെ പോലെയാണ്. അതിനാൽ പ്രതിഫലം വേണ്ടെന്ന് ബാല തന്നെ പറഞ്ഞിരുന്നു. എന്നിട്ടും ഡബ്ബിങ് കഴിഞ്ഞതും രണ്ടു ലക്ഷം രൂപ നൽകി. ഇപ്പോൾ എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് വ്യക്തമല്ല എന്നും വിനോദ്. സിനിമയിലേക്ക് ബാലയുടെ പേര് നിർദ്ദേശിച്ചത് ഉണ്ണി ആണെന്നും, തനിക്കു പ്രതിഫലം ലഭിച്ചു എന്നും അനൂപ് പന്തളം ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.

'അദ്ദേഹത്തെ ഈ സിനിമയിൽ റെക്കമെന്റ് ചെയ്തത് തന്നെ ഉണ്ണി ബ്രോ ആണ്. സിനിമയിൽ നല്ലൊരു കഥാപാത്രമാണ് ബാലക്ക്. അദ്ദേഹമത് നന്നായി ചെയ്യുകയും പ്രേക്ഷക പ്രശംസ പിടിച്ചുപറ്റുകയും ചെയ്തതിൽ സന്തോഷം. സിനിമ നന്നായി പൂർത്തിയാക്കാൻ എല്ലാവരും സഹകരിക്കുകയും, ഇപ്പോൾ വിജയം നേടിയ സന്തോഷത്തിലുമാണ് ഞങ്ങൾ. ഈ സമയത്ത് ഇത്തരം വിഷയങ്ങളിൽ എന്റെ പേര് വലിച്ചിഴക്കുന്നതിൽ വിഷമമുണ്ട്,' എന്ന് അനൂപ് ഫേസ്‌ബുക്ക് കുറിപ്പിൽ പറഞ്ഞു.