ഉത്തരാഖണ്ഡ്: ഉത്തരകാശിയിലെ സിൽക്യാരയിലെ തുരങ്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ ചക്രങ്ങളുള്ള സ്‌ട്രെക്ചറിൽ പുറത്ത് എത്തിക്കാൻ തീരുമാനം. 41 തൊഴിലാളികളാണ് തുരങ്കത്തിൽ കുടുങ്ങിയത്. വലിയ പൈപ്പിലൂടെ വീലുള്ള സ്‌ട്രെക്ചറുകളിൽ ഓരോരുത്തരെയായി പുറത്തെത്തിക്കുമെന്ന് ദേശീയ ദുരന്ത പ്രതികരണ സേന ഡയറക്ടർ ജനറൽ അതുൽ കർവാൾ പിടിഐയോട് പറഞ്ഞു.

തൊഴിലാളികൾ ഓരോരുത്തരായി ഇഴഞ്ഞിറങ്ങുന്ന കാര്യവും രക്ഷാദൗത്യസംഘം ആലോചിച്ചിരുന്നു. എന്നാൽ, 12 ദിവസമായി തുരങ്കത്തിൽ കഴിയുന്ന ഇവർക്ക് ഇഴങ്ങിറങ്ങാനുള്ള ശേഷിയുണ്ടാവില്ല എന്നത് കണക്കിലെടുത്താണ് അതുവേണ്ടെന്ന് വച്ചത്. എൻഡിആർഎഫ് അംഗങ്ങൾ പൈപ്പ് വഴി ഇറങ്ങി തൊഴിലാളികളുടെ അടുത്തെത്തും. പിന്നീട് സ്ട്രക്ചറുകളിൽ ബന്ധിച്ച് ഓരോരുത്തരെയായി പുറത്തുകൊണ്ടുവരും. കയർ ഉപയോഗിച്ച് വലിച്ചായിരിക്കും പുറത്തെക്കിക്കുക.

ഇതിന് മുന്നോടിയായി 800 എംഎം വ്യാസമുള്ള പൈപ്പുകളിൽ തടസം ഒന്നുമില്ല എന്ന് ഉറപ്പാക്കേണ്ടതുണ്ട്. നിർമ്മാണാവിശിഷ്ടങ്ങൾ പൈപ്പിനുള്ളിൽ കുടുങ്ങിയാൽ സ്ട്രെച്ചറിന്റെ നീക്കത്തെ ബാധിക്കും. തൊഴിലാളികളെ പുറത്ത് എത്തിക്കാൻ 800എംഎം പൈപ്പ് പര്യാപ്തമാണ്. പൈപ്പിന് 32 ഇഞ്ച് വീതിയാണ് ഉണ്ടാവുക. ഇതിലൂടെ അനായാസം തൊഴിലാളികളെ പുറത്ത് എത്തിക്കാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. നിലവിൽ അവശിഷ്ടങ്ങൾക്കിടയിലൂടെ 48 മീറ്റർ ദൂരം വരെ പൈപ്പുകൾ കടത്തിവിട്ടു കഴിഞ്ഞു. ഇനി 12 മീറ്റർ ദൂരത്താണ് ഡ്രില്ലിങ് പൂർത്തിയാക്കാനുള്ളതെന്നും അധികൃതർ വ്യക്തമാക്കി.

രക്ഷാദൗത്യം പുരോഗമിക്കുന്നതിനിടെ യന്ത്രത്തിന്റെ തകരാറു മൂലം ഡ്രില്ലിങ് താത്കാലികമായി നിർത്തിവച്ചു. ഒന്നരമണിക്കൂർ തുരന്നശേഷമാണ് ഡ്രില്ലിങ് നിർത്തിവച്ചത്. യന്ത്രത്തകരാർ പരിഹരിക്കാനുള്ള ശ്രമം തുടങ്ങി.

ഇന്നലെ പകൽ തുരങ്കത്തിലെ അവശിഷ്ടങ്ങൾ ഡ്രിൽ ചെയ്തു നീക്കി കുഴലുകൾ ഉള്ളിലെത്തിക്കാൻ സാധിച്ചരിന്നു. 80 സെന്റിമീറ്റർ വ്യാസമുള്ള 9 കുഴലുകൾ ഒന്നിനു പിറകെ ഒന്നായി വെൽഡ് ചെയ്താണു മുന്നോട്ടുനീക്കിയത്. തൊഴിലാളികളിലേക്കെത്താൻ ആകെ 10 കുഴലുകളാണു വേണ്ടത്. ഇപ്പോൾ പത്താമത്തെ കുഴലാണ് വെൽഡ് ചെയ്ത് ചേർക്കുന്നത്. ഇതിനു പുറമേ പതിനൊന്നാമത് ഒരു കുഴൽ കൂടി ചേർക്കുമെന്നാണ് വിവരം.

കുടുങ്ങിയവരെ രക്ഷിക്കാനുള്ള ശ്രമങ്ങൾക്ക് ആദ്യം തിരിച്ചടിയായത് അവശിഷ്ടങ്ങൾക്കിടയിലെ സ്റ്റീൽ കഷണങ്ങളും പാറക്കല്ലുകളുമായിരുന്നു. നവംബർ 12-ന് കൂറ്റൻ ആഗർയന്ത്രം ഉപയോഗിച്ച് ആരംഭിച്ച തുളയ്ക്കൽ തുരങ്കം കൂടുതൽ തകരാനിടയാക്കുമെന്നും തൊഴിലാളികളുടെ ജീവന് ഭീഷണിയാകുമെന്നും കണ്ടെത്തിയതിനെ തുടർന്നാണ് നിർത്തിവെച്ചത്. തുടർന്ന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്ന പ്രദേശം ശക്തിപ്പെടുത്തിയാണ് ഡ്രില്ലിങ് പുനരാരംഭിച്ചത്. തുരങ്കത്തിൽ കുടുങ്ങിയ 41 തൊഴിലാളികളും സുരക്ഷിതരാണെന്ന് കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചിരുന്നു. തുരങ്കത്തിനകത്തേക്ക് തിങ്കളാഴ്ച സ്ഥാപിച്ച കുഴലിലൂടെ എൻഡോസ്‌കോപിക് ക്യാമറ കടത്തി തൊഴിലാളികളുടെ ദൃശ്യങ്ങൾ പകർത്തി. മറ്റൊരു നാലിഞ്ച് കംപ്രസർ ട്യൂബ് വഴി തൊഴിലാളികൾ പുറത്തുള്ള ബന്ധുക്കളുമായി സംസാരിക്കുകയും ചെയ്തിരുന്നു.

തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്. തൊഴിലാളികൾക്കുള്ള ഭക്ഷണവും വെള്ളവും ആറ് ഇഞ്ച് വ്യാസമുള്ള പൈപ്പിലൂടെയാണ് നൽകുന്നത്. ഇതുവഴി എൻഡോസ്‌കോപ്പി ക്യാമറ കടത്തിവിട്ടാണ് ദൃശ്യങ്ങൾ പകർത്തിയത്. വാക്കിടോക്കിയിലൂടെ രക്ഷാപ്രവർത്തകരും കുടുംബാംഗങ്ങളും തൊഴിലാളികളുമായി സംസാരിക്കുന്നുണ്ട്.

ബിഹാർ, ഝാർഖണ്ഡ്, ഉത്തർപ്രദേശ്, പശ്ചിമബംഗാൾ, ഒഡിഷ, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ബ്രഹ്‌മഖൽ - യമുനോത്രി ദേശീയപാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിലുള്ള തുരങ്കത്തിൽ ഞായറാഴ്ച രാവിലെ ഏഴോടെയാണ് മണ്ണിടിച്ചിലുണ്ടായത്. ചാർധാം റോഡുപദ്ധതിയുടെ ഭാഗമായാണ് തുരങ്കം നിർമ്മിക്കുന്നത്. യാഥാർഥ്യമായാൽ ഉത്തരകാശിയിൽനിന്ന് യമുനോത്രിയിലേക്കുള്ള യാത്രയിൽ 26 കിലോമീറ്റർ ദൂരം കുറയും.