കൊച്ചി: കേരളത്തിലും ഇനി അതിവേഗ തീവണ്ടി യാത്ര. കെ റെയിലിന്റെ പ്രസക്തി തന്നെ ചോദ്യം ചെയ്ത് കേരളം ഏറെക്കാലമായി കാത്തിരുന്ന വന്ദേ ഭാരത് ട്രെയിൻ യാഥാർഥ്യമാകുന്നു. കേരളത്തിൽ ഓടാനുള്ള തീവണ്ടി ബോഗികൾ ദക്ഷിണ റെയിൽവേയ്ക്ക് കിട്ടി. 24-ന് കൊച്ചിയിലെത്തുന്ന എത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേഭാരത് ഫ്‌ളാഗ്ഓഫ് ചെയ്‌തേക്കും. പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും ഉണ്ടാവുമെന്നാണ് സൂചന. യുവം സമ്മേളനത്തിൽ പങ്കെടുക്കാനാണ് മോദി കൊച്ചിയിൽ എത്തുന്നത്. തീവണ്ടി കൂടി തുടങ്ങി കേരളത്തിൽ ബിജെപിയുടെ പ്രചരണത്തിന് പുതിയ തലം നൽകാനാണ് മോദിയുടെ ആലോചന.

ചെന്നൈയിൽ നിന്ന് വന്ദേഭാരത് തീവണ്ടി വെള്ളിയാഴ്ച തിരുവനന്തപുരത്ത് എത്തും എന്നും സൂചനയുണ്ട്. ഇല്ലെങ്കിൽ ശനിയാഴ്ച എത്തും.  കോച്ച് ഫാക്ടറിയിൽ നിർമ്മിച്ച തീവണ്ടിക്ക് 16 ബോഗികളാണുള്ളത്. തിരുവനന്തപുരത്തുനിന്ന് രാവിലെ 9.45-ന് പുറപ്പെട്ട് വൈകീട്ട് 3.30-ന് കോഴിക്കോട്ട് എത്തും. ചെന്നൈയിൽനിന്ന് വ്യാഴാഴ്ച രാത്രി ഒമ്പതരയ്ക്ക് പ്രത്യേക തീവണ്ടിയിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ് തിരുവനന്തപുരത്തേക്ക് പുറപ്പെട്ടു. ആർ.എൻ. സിങ് ഉൾപ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകൾ നടത്തും. ആറു മണിക്കൂറിൽ താഴെ സമയമെടുത്ത് തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട് എത്തും.

മണിക്കൂറിൽ 160 കിലോമീറ്റർ വരെ വേഗത്തിൽ പോകാൻ കഴിയുന്നതാണ് വന്ദേഭാരത് എങ്കിലും നിലവിലെ സാഹചര്യത്തിൽ കേരളത്തിലെ പാളങ്ങളിലൂടെ ആ വേഗത്തിൽ ഓടാനാവില്ല. കേരളത്തിൽ വന്ദേഭാരത് ഓടിക്കുന്നതിനുള്ള ക്രമീകരണങ്ങൾ കുറെക്കാലമായി റെയിൽവേ നടത്തി വരുന്നുണ്ട്. പാളങ്ങളിലെ പ്രശ്‌നങ്ങൾ പരിഹരിച്ചാൽ അഞ്ചു മണിക്കൂറിൽ കുറഞ്ഞ സമയത്തിൽ കോഴിക്കോട് എത്താനാകും. ആദ്യ യാത്രയിൽ കൊല്ലം, വർക്കല, ചെങ്ങന്നൂർ, എറണാകുളം സൗത്ത്, എറണാകുളം നോർത്ത് എന്നിവിടങ്ങളിൽ വന്ദേഭാരത് യാത്രയ്ക്കിടയിൽ അല്പനേരം നിർത്തിയിടുമെന്നും സൂചനയുണ്ട്. വന്ദേ ഭാരത് എത്തുന്ന വിവരം കഴിഞ്ഞ ദിവസം രാത്രിയാണ് കേരളത്തിലെ റെയിൽവേ ഓഫീസുകളിൽ ലഭിച്ചത്.

കേരളത്തിന് രണ്ട് വന്ദേ ഭാരത് ട്രെയിനുകൾ അനുവദിച്ചു എന്നാണ് റിപ്പോർട്ട്. ഇതുസംബന്ധിച്ച പ്രഖ്യാപനം ഈ മാസം 24ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തും. കൊച്ചയിൽ ബിജെപി നടത്തുന്ന യുവം പരിപാടിയോടനുബന്ധിച്ച് പ്രധാന മന്ത്രിയുടെ കേരളത്തിലെ ആദ്യ റോഡ് ഷോ കൊച്ചിയിൽ നടക്കും. ഏപ്രിൽ 24ന് കൊച്ചി നേവൽ ബെയ്‌സ് മുതൽ തേവര സേക്രഡ് ഹാർട്ട് കോളജ് മൈതാനി വരെയാണ് റോഡ് ഷോ നടക്കുക. കേരളത്തിന്റെ വികസനമാകും ചർച്ചയാക്കുക.

വന്ദേ ഭാരതിന്റെ സർവീസിനായുള്ള അറ്റകുറ്റ സൗകര്യങ്ങൾ കൊച്ചുവേളിയിൽ പൂർത്തിയായി. തിരുവനന്തപുരം മുതൽ കണ്ണൂർ വരെയാണ് വന്ദേ ഭാരതി??െന്റ സർവീസ്. എറണാകുളം മുതൽ തിരുവനന്തപുരം വരെ മണിക്കൂറിൽ 75, 90, 100 കിലോമീറ്റർ എന്നിങ്ങനെയാണ് വേഗത. നഗരങ്ങളിലെ പ്രധാന കേന്ദ്രങ്ങളിലായിരിക്കും സ്റ്റോപ്പുകൾ.

വന്ദേ ഭാരതിനായി രണ്ട് പിറ്റ് ലൈനുകൾ വൈദ്യുതീകരിച്ചിട്ടുണ്ട്. ഇരട്ടപ്പാതയുള്ളതിനാൽ കോട്ടയം വഴിയാകും സർവീസ് എന്നാണ് അറിയുന്നത്. യാത്രക്കാരുടെ വർധനവ് അനുസരിച്ച് കോച്ചുകളുടെ എണ്ണവും കൂട്ടാൻ സാധ്യതയുണ്ട്. ഇതിനുപുറമെ, വിവിധ റൂട്ടുകളിൽ വന്ദേ ഭാരത് ട്രെയിൻ സർവീസ് തുടങ്ങുന്നതിനുള്ള പ്രക്രിയകൾ നടക്കു?ന്നുണ്ട്.