ചെന്നൈ: ദക്ഷിണേന്ത്യയിലെ ആദ്യ വന്ദേഭാരത് സർവീസ് ആരംഭിച്ച് ആറു മാസം പൂർത്തിയാകുമ്പോൾ റെയിൽവേയ്ക്ക് നൽകുന്നത് പ്രതീക്ഷ. കേരളത്തിൽ വന്ദേഭാരത് എത്തുന്നതും ഈ സാഹചര്യത്തിലാണ്. തിരുവനന്തപുരം-കാസർഗോഡ് സർവ്വീസ് പ്രധാനമന്ത്രി നരേന്ദ്ര മോദി 25ന് ഉദ്ഘാടനം ചെയ്യും. 27ന് ആദ്യ യാത്ര സർവ്വീസും. കേരളത്തിലും വമ്പൻ സ്വീകരണം കിട്ടുമെന്നാണ് പ്രതീക്ഷ. കൂടുതൽ തീവണ്ടി സർവ്വീസും കേരളത്തിനായി പ്രധാനമന്ത്രി പ്രഖ്യാപിക്കാൻ സാധ്യതയുണ്ട്.

2022 നവംബർ 11ന് ആരംഭിച്ച ചെന്നൈ മൈസൂരു ട്രെയിനിലും ഇക്കഴിഞ്ഞ 8ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ചെന്നൈ കോയമ്പത്തൂർ ട്രെയിനിലും ഉൾപ്പെടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈ ബെംഗളൂരു മൈസൂരു റൂട്ടിലെ ട്രെയിനിൽ മിക്ക വാരാന്ത്യങ്ങളിലും ടിക്കറ്റുകൾ വെയ്റ്റിങ് ലിസ്റ്റിലാകുമ്പോൾ, ചെന്നൈ കോയമ്പത്തൂർ ചെന്നൈ വന്ദേഭാരതിൽ മെയ്‌ 8 വരെയുള്ള ടിക്കറ്റുകൾ ഇതിനകം വെയ്റ്റിങ് ലിസ്റ്റിലായിക്കഴിഞ്ഞു.

കോയമ്പത്തൂർ സെൻട്രൽ റൂട്ടിൽ ശതാബ്ദി എക്സ്‌പ്രസിന് 7 മണിക്കൂർ വേണ്ടിടത്ത് വന്ദേഭാരതിന് 5 മണിക്കൂറും 50 മിനിറ്റും മതി ഓടിയെത്താൻ. യാത്രാസമയം കുറയുന്നത് പാലക്കാട്ടേക്കും സമീപ പ്രദേശങ്ങളിലേക്കുമുള്ള മലയാളികൾക്കും സൗകര്യമാണ്. എസി ചെയർ കാറിന് 1215 രൂപ മുതലും എക്‌സിക്യൂട്ടീവ് കാറിന് 2310 രൂപ മുതലുമാണ് നിരക്ക്. ചെന്നൈ ജോലാർപെട്ട് സെക്ഷനിൽ വന്ദേഭാരത് ട്രെയിനുകൾ മണിക്കൂറിൽ 130 കി.മീ വേഗത്തിലാണ് ഓടുന്നത്.

ഈ സെക്ഷനിൽ ട്രെയിനുകളുടെ വേഗപരിധി 110 കിലോമീറ്ററിൽനിന്ന് 130 കി.മീറ്ററായി വർധിപ്പിച്ചതും പരമാവധി വേഗം നേടാൻ സഹായമായി. ഇവിടെ വേഗപരിധി വർധിപ്പിച്ചത് മറ്റു ട്രെയിനുകളുടെയും യാത്രാസമയം കുറയ്ക്കാൻ സഹായിക്കുമെങ്കിലും അതിവേഗം സഞ്ചരിക്കാവുന്ന വന്ദേഭാരതിനാണ് കൂടുതൽ പ്രയോജനം ലഭിക്കുന്നത്. ഇതേ രീതിയിൽ ഭാവിയിൽ കേരളത്തിലും വേഗം കൂട്ടും.

കേരളത്തിലെ വന്ദേഭാരത് എക്സ്‌പ്രസിന്റെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് ഏകദേശ ധാരണയായതായി സൂചനയുമുണ്ട്. തിരുവനന്തപുരം- കണ്ണൂർ യാത്രയ്ക്ക് എക്‌സിക്യൂട്ടീവ് ക്ലാസിൽ 2106 രൂപയും എസി ചെയർകാറിൽ 1032 രൂപയുമാണ് നിരക്ക്. കേരളത്തിലെ വന്ദേഭാരതിന്റെ ഏറ്റവും കൂടിയ നിരക്കാണിത്. കോഴിക്കോട് വരെ എക്‌സിക്യൂട്ടീവ് ക്ലാസിൽ 1752 ഉം എസി ചെയർകാറിൽ 866 രൂപയുമാണ്.

വന്ദേഭാരതിൽ അമ്പതു കിലോമീറ്റർ യാത്രയ്ക്ക് എസി ചെയർകാറിൽ 238 രൂപയും എക്‌സിക്യൂട്ടീവ് ക്ലാസിൽ 499 രൂപയുമാണ് അടിസ്ഥാന നിരക്ക്. ഇതിനുപുറമെ ജിഎസ്ടിയും റിസർവേഷൻ ചാർജും അടക്കം നൽകേണ്ടി വരും. 27 മുതലുള്ള സർവീസുകളിൽ ടിക്കറ്റ് റിസർവ് ചെയ്തു യാത്ര ചെയ്യാം. അന്തിമ വിജ്ഞാപനം വന്നാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ട്രെയിൻ ഐആർസിടിസി വെബ്‌സൈറ്റിൽ ബുക്കിങ്ങിന് ലഭ്യമാകും.

വന്ദേഭാരതിൽ മികച്ച ഭക്ഷണം ഉറപ്പാക്കാനുള്ള ശ്രമത്തിലാണ് ഐആർസിടിസി. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഭക്ഷണം വേണോ വേണ്ടയോ എന്നു തീരുമാനിക്കാം. ഇത് അനുസരിച്ചു ടിക്കറ്റ് നിരക്കു വ്യത്യാസപ്പെടും.

ടിക്കറ്റ് ചാർജ് ഏകദേശ നിരക്ക് (തിരുവനന്തപുരത്തുനിന്ന്)

സ്ഥലം എസി ചെയർകാർ എക്‌സിക്യൂട്ടീവ് ക്ലാസ്

കൊല്ലം 354- 689
കോട്ടയം 469- 937
എറണാകുളം നോർത്ത് 571- 1141
തൃശൂർ 682- 1364
തിരൂർ 779- 1566
കോഴിക്കോട് 866- 1752
കണ്ണൂർ 1032- 2106