ന്യൂഡൽഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് കേരളത്തിന് എയിംസും ഒരു വന്ദേഭാരത് തീവണ്ടിയും കൂടി കിട്ടിയേക്കും. കേരളത്തിന് എയിംസ് അനുവദിക്കുന്ന കാര്യത്തിൽ രണ്ടാഴ്ചയ്ക്കകം തീരുമാനമുണ്ടാകും. കോഴിക്കോട് കിനാലൂരിലെ 250 ഏക്കർ സ്ഥലം എയിംസിനു വേണ്ടി ഏറ്റെടുക്കാൻ സംസ്ഥാന സർക്കാർ ഉത്തരവിട്ടതുൾപ്പെടെയുള്ള നടപടികൾ എയിംസ് വിഷയത്തിൽ കേരളത്തിനു ഗുണകരമാകുമെന്നാണു പ്രതീക്ഷ.

എയിംസ് വിഷയം കേന്ദ്രമന്ത്രിസഭയുടെ പരിഗണനയ്ക്കു സമർപ്പിക്കുമെന്നും സെപ്റ്റംബർ പകുതിയോടെ വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്നും കേരള സർക്കാരിന്റെ പ്രത്യേക പ്രതിനിധി കെ.വി.തോമസുമായി നടത്തിയ ചർച്ചയിൽ കേന്ദ്ര ആരോഗ്യസെക്രട്ടറി സുധാംശ് പന്ത് അറിയിച്ചു. അടുത്ത മന്ത്രിസഭാ യോഗം എയിംസിൽ തീരുമാനം എടുക്കും. കേരളത്തിന്റെ ആവശ്യത്തിൽ അനുകൂല തീരുമാനം ഉണ്ടാകുമെന്നാണ് സൂചന. കെവി തോമസ് നൽകുന്നതും ഈ വിലയിരുത്തലുകളാണ്.

സെപ്റ്റംബർ 21,22 തീയതികളിൽ സാന്ത്വന പരിചരണവുമായി ബന്ധപ്പെട്ട ദേശീയ സമ്മേളനം കൊച്ചിയിൽ നടക്കുന്നുണ്ട്. സംസ്ഥാന ആരോഗ്യമന്ത്രിമാരും സെക്രട്ടറിമാരും ഉൾപ്പെടെ പങ്കെടുക്കുന്ന സമ്മേളനത്തിനു മുൻപ് ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന് കെ.വി.തോമസ് അഭ്യർത്ഥിച്ചു. തീരുമാനം വൈകില്ലെന്ന മറുപടിയാണു ലഭിച്ചത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വന്ദേഭാരതും എയിംസും അടക്കം ചർച്ചയാക്കാനാണ് കേന്ദ്ര തീരുമാനം.

ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപ് കേന്ദ്രം എയിംസ് അനുവദിക്കുമെന്ന പ്രതീക്ഷയിൽ ഭൂമി ഏറ്റെടുക്കലടക്കം പ്രാരംഭ നടപടികൾ സർക്കാർ പൂർത്തിയാക്കുന്നു.കോഴിക്കോട് കിനാലൂരിൽ വ്യവസായ വകുപ്പിന്റെ 153ഏക്കറിന് പുറമെ, 99 ഏക്കർ സ്വകാര്യഭൂമിയും ( മൊത്തം 252 ഏക്കർ) ഏറ്റെടുത്ത് മതിൽ കെട്ടാനും രേഖകൾ കേന്ദ്രത്തിന് കൈമാറാനും അനുമതി നൽകിയിരുന്നു. കേരള സർക്കാരിന്റെ ശുപാർശ അംഗീകരിച്ച് കിനാലൂരിൽ തന്നെ എയിംസ് അനുവദിക്കാനാണ് സാധ്യത.

റോഡും വെള്ളവുമുള്ള 200ഏക്കർ നൽകിയാൽ എയിംസ് അനുവദിക്കാമെന്ന് 2014ൽ കേന്ദ്രം പ്രഖ്യാപിച്ചതാണ്. യു.ഡി.എഫ് സർക്കാർ തിരുവനന്തപുരത്തും കോട്ടയത്തും എറണാകുളത്തും കോഴിക്കോട്ടും സ്ഥലം കണ്ടെത്തി. എംപിമാർ എയിംസ് സ്വന്തം മണ്ഡലത്തിൽ എത്തിക്കാൻ സമ്മർദ്ദം ചെലുത്തിയതോടെ, 2018ൽ പദ്ധതി പരിഗണനയിലില്ലെന്ന് കേന്ദ്രം വ്യക്തമാക്കി. പിന്നീട് സംസ്ഥാന സർക്കാർ നിരന്തരം സമ്മർദ്ദം ചെലുത്തി. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചകളിലെല്ലാം മുഖ്യമന്ത്രി എയിംസ് ആവശ്യപ്പെട്ടു.

കേരളത്തിലെവിടെയും സ്ഥലം നൽകാമെന്നും അറിയിച്ചിരുന്നു. ഇതോടെ, എയിംസ് അനുവദിക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം ധനമന്ത്രാലയത്തിന് ശുപാർശ നൽകി. എയിംസ് വന്നാൽ സൗജന്യ ചികിത്സ ലഭ്യമാവും. പ്രഗത്ഭരായ ഡോക്ടർമാർ കേരളത്തിലെത്തും. 200 എം.ബി.ബി.എസ് സീറ്റുകൾ കിട്ടാം. വൈറോളജിയിലടക്കം ഗവേഷണവുമുണ്ടാവും. 2000 കോടിയാണ് എയിംസിന് ചെലവ്.