കോഴിക്കോട്: കോഴിക്കോട് വേങ്ങേരി ബൈപാസ് ജംഗ്ക്ഷനു സമീപം ബസിടിച്ച് മരിച്ച സ്‌കൂട്ടർ യാത്രികരായ ദമ്പതികൾ 15വർഷം മുമ്പു പ്രണയിച്ച് വിവാഹിതരായവർ. കഴിഞ്ഞ ജനുവരി 2023നാണു 15-ാം വിവാഹ വാർഷികത്തിന്റെ ഭാഗമായി സുഹൃത്ത് ജയന്റെ വിവാഹ ദിവസം 43കാരനായ ഷൈജു എന്ന ഗോപിയും 36കാരിയായ ഭാര്യ ജീമയും പൂച്ചെണ്ടും കയ്യിൽ പിടിച്ച് സുഹൃത്തുക്കളെ കൊണ്ടു ഫോട്ടോയെടുപ്പിച്ചത്. ജയന്റെ വിവാഹത്തിനായി കൊണ്ടുവന്ന പൂച്ചെണ്ട് കൈയിൽ പിടിച്ചാണ് ഇരുവരും ഫോട്ടോക്കു പോസ്ചെയ്തത്.

ചേവായൂരിൽ വിദ്യാഭ്യാസവകുപ്പ് ഓഫിസിലെ പ്യൂണായിരുന്ന ഷൈജു വകുപ്പിലെ എല്ലാ ഉദ്യോഗസ്ഥരുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന വ്യക്തിയാണ്. ഷൈജുവിന്റേയും ജീമയുടേയും പ്രണയ വിവാഹത്തിന് തുടക്കത്തിൽ ഷൈജുവിന്റെ വീട്ടുകാർ എതിർപ്പ് പ്രകടിപ്പിച്ചിരുന്നെങ്കിലും പിന്നീട് ഷൈജുവിന്റെ താൽപര്യത്തിനോട് യോജിക്കുകയായിരുന്നു. ശേഷം കരമംഗലം വിഷ്ണു ക്ഷേത്രത്തിൽ വച്ചാണു ജീമയെ താലികെട്ടി ഷൈജു കൂടെ കൂട്ടിയത്. നാട്ടിലെ മാതൃകാ ദമ്പതികളുമായിരുന്നു ഇരുവരും. വീട്ടമ്മയായിരുന്നെങ്കിലും നാട്ടിലെ ക്ലബ്ബായ അർപ്പണ കലാസാംസ്‌കാരിക കേന്ദ്രത്തിന്റേയും പാണ്ട്യാടത്ത് കുടുംബയോഗത്തിന്റെയും ഭാരവാഹിയായിരുന്നു ജീമ. ശ്രേഷ്ടാചാര്യാസഭയിൽനിന്നും പൂജകൾ പഠിച്ച ഷൈജു കുടുംബ ക്ഷേത്രത്തിന്റെ പൂജകൾക്കും നേതൃത്വം നൽകാറുണ്ട്. എല്ലാവരോടും അടുപ്പംപുലർത്തുന്നവരായിരുന്നു ഈ ദമ്പതികൾ. ഒരിക്കൽ പരിചയപ്പെട്ടാൽ പിന്നീട് മറക്കാത്ത വ്യക്തികളായിരുന്നു ഇരുവരുമെന്ന് സുഹൃത്തും ബന്ധവുമായ എൻ.പി. വിജേഷ് പറയുന്നു.

വേങ്ങേരി ബൈപാസ് ജംഗ്ക്ഷനു സമീപമായിരുന്നു ദമ്പതികൾ ഇന്നലെ അപകടത്തിൽ മരിച്ചത്. വേങ്ങേരി ബൈപാസ് ജംഗ്ക്ഷൻ കഴിഞ്ഞു മലാപ്പറമ്പിലേക്കു പോകുന്ന ഭാഗത്ത് അമിതവേഗത്തിലെത്തിയ 'തിരുവോണം' ബസ് ദമ്പതികൾ സഞ്ചരിച്ച സ്‌കൂട്ടറിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ഇവർക്കു മുന്നിൽ പോയിരുന്ന ബസ് ബൈപാസ് ഡിവൈഡറിനു സമീപം വേഗം കുറച്ചപ്പോഴാണു പിന്നാലെ എത്തിയ ബസ് ഇടിച്ചു കയറിയത്. ഓവർടേക്ക് ചെയ്യാനുള്ള ശ്രമത്തിനിടെയായിരുന്നു അപകടം.



സംഭവത്തിൽ ബസ് ഉടമയും ഡ്രൈവറും അറസ്റ്റിലായിട്ടുണ്ട്. ബസ് ഉടമ അരുൺ, ഡ്രൈവർ കാരന്തൂർ സ്വദേശി അഖിൽ കുമാർ എന്നിവരാണ് അറസ്റ്റിലായത്. ചേവായൂർ പൊലീസാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. ഡ്രൈവർക്കെതിരെ മനഃപൂർവമല്ലാത്ത നരഹത്യയാണ് ചുമത്തിയിരിക്കുന്നത്. ഉടമയ്ക്കെതിരെ പ്രേരണാക്കുറ്റം ഉൾപ്പെടെയുള്ള വകുപ്പുകളും ചുമത്തി. ഇരുവരേയും കോടതി റിമാൻഡ് ചെയ്തു.

ദേശീയപാത പ്രവൃത്തി നടക്കുന്നതിനാൽ വേങ്ങേരി ജങ്ഷനിൽ ഗതാഗതനിയന്ത്രണമുണ്ട്. ബാലുശ്ശേരി ഭാഗത്തുനിന്ന് മലാപ്പറമ്പ് ഭാഗത്തേക്ക് വരുകയായിരുന്നു ദമ്പതിമാർ. മുന്നിൽ സഞ്ചരിച്ചിരുന്ന ബസ് പെട്ടെന്ന് ബ്രേക്കിട്ടപ്പോൾ സ്‌കൂട്ടറും ബ്രേക്കിടുകയായിരുന്നു. എന്നാൽ ഇവരുടെ പിറകിലുണ്ടായിരുന്ന പയിമ്പ്ര- കോഴിക്കോട് റൂട്ടിലോടുന്ന 'തിരുവോണം' ബസ് ഒരു ഓട്ടോയെ മറികടക്കാനുള്ള ശ്രമത്തിനിടെ സ്‌കൂട്ടറിന് പിറകിൽ ഇടിച്ചു. ഇതോടെ ദമ്പതിമാർ സഞ്ചരിച്ച സ്‌കൂട്ടർ ബസുകൾക്കിടയിൽ കുടുങ്ങുകയായിരുന്നു.

'തിരുവോണം' ബസ് ഡ്രൈവറുടെ അശ്രദ്ധമായ ഡ്രൈവിങ്ങാണ് മരണകാരണമെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി കോഴിക്കോട് എൻഫോഴ്‌സ്‌മെന്റ് ആർ.ടി.ഒ. അറിയിച്ചു. അപകടത്തെ തുടർന്നു ദേശീയപാതയും ബാലുശേരി റോഡും രണ്ടു മണിക്കൂർ ഗതാഗതക്കുരുക്കിലായി. രണ്ട് സ്വകാര്യ ബസുകൾ മത്സരിച്ച് നഗരത്തിലേക്കു വരുന്നതിനിടയിലാണ് അപകടമുണ്ടായത് എന്നാണ് കണ്ടെത്തിയത്.

വേങ്ങേരി ബൈപാസ് ജങ്ഷൻ കഴിഞ്ഞു മലാപ്പറമ്പ് ഭാഗത്തേക്ക് പോകുന്നതിനിടയിൽ മുന്നിൽ സഞ്ചരിച്ച ബസ് ഡിവൈഡറിനു സമീപം വേഗം കുറച്ചു. പിന്നിൽ സഞ്ചരിച്ച സ്‌കൂട്ടർ യാത്രക്കാരും ബൈക്കും വേഗം കുറയ്ക്കുന്നതിനിടയിൽ അമിതവേഗത്തിൽ വന്ന തിരുവോണം എന്ന ബസ് സ്‌കൂട്ടറും ബൈക്കും ചേർത്ത് മുന്നിലെ ബസിനു പിന്നിൽ ഇടിക്കുകയായിരുന്നു. ബൈക്ക് യാത്രക്കാരൻ പുറത്തേയ്ക്കു തെറിച്ചുവീണതുകൊണ്ട് പരിക്കുകളോടെ രക്ഷപ്പെട്ടു.

അപകടത്തെ തുടർന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ച ബസ് ഡ്രൈവറെ നാട്ടുകാർ പിടികൂടി പൊലീസിനു കൈമാറിയിരുന്നു. ദമ്പതികൾക്ക് 13, 11 വയസുള്ള മക്കളുണ്ട്. ഈ കുട്ടികളാണ് അച്ഛന്റേയും അമ്മയുടേയും മരണത്തോടെ അനാഥരായത്.