തിരുവനന്തപുരം: 2020 ൽ വെഞ്ഞാറമൂട് തേമ്പാമൂട് ഡിവൈഎഫ്ഐ പ്രവർത്തകരായ മിഥിലാജ്, ഹക്ക് മുഹമ്മദ് എന്നിവർ കൊലചെയ്യപ്പെട്ട കേസിലെ സാക്ഷികളായിരുന്നവരിൽ ഏഴു പേരേ പ്രതികളാക്കി കോടതിയുടെ നടപടി. അവർക്കെതിരെ കോടതി സമൻസ് അയച്ചു. കൊലപാതക കേസിൽ സജീബ്, സനൽ സിങ്, ഉണ്ണി തുടങ്ങി ആറോളം പേർ പ്രതികളായിരുന്നു. ഇവർ രണ്ടര വർഷത്തോളമായി വിചാരണ തടവിലാണ്.

ഒന്നാംപ്രതി സജീബിന്റെ അമ്മ റംല ബീവി കോടതിയിൽ നൽകിയ പരാതിയിലാണ് സമൻസ് അയക്കുന്നത്. തന്റെ മകനും ഒന്നാം പ്രതിയുമായ സജീബിനെ മുൻകൂട്ടി കൊലപ്പെടുത്തണം എന്ന ഉദ്ദേശത്തോടുകൂടി തേമ്പാമൂട് ജംഗ്ഷനിൽ ബൈക്കിൽ എത്തിയ സംഘം കാത്തിരുന്നു എന്നാണ് ആരോപണം. അവർ മാരകായുധങ്ങൾ ഉപയോഗിച്ച് ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടി പരിക്കേൽപ്പിച്ച് കൊല്ലുവാൻ ശ്രമിച്ചപ്പോൾ ജീവൻ നിലനിർത്തുന്നതിനായി പ്രതിരോധിക്കുകയായിരുന്നു മകൻ. ഇതുകൊലപാതകമാകില്ലെന്നാണ് അമ്മയുടെ നിലപാട്. അവിടെ നിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ആണ് ഈ നിഗമനം എന്നും പരാതിയിൽ പറയുന്നു.

സിസിടിവി ദൃശ്യങ്ങൾ അതി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയാണ് കോടതി നിർണ്ണായക തീരുമാനം എടുത്തത്. തുടർന്ന് പൊലീസിനെ അന്വേഷണ ചുമതല ഏൽപ്പിക്കുകയായിരുന്നു. എന്നാൽഒരു അന്വേഷണത്തിന് ആവശ്യമില്ലെന്നും അങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും കാണിച്ച് രണ്ടുതവണ പൊലീസ് റഫർ ചാർജ് നൽകുകയായിരുന്നു. റഫർ ചാർജ് തള്ളിയ ശേഷം നെടുമങ്ങാട് മജിസ്ട്രേറ്റ് കോടതി അന്നത്തെ സാക്ഷികളിൽ ഏഴ് പേരെ പ്രതികളാക്കി കേസെടുക്കാനുള്ള നടപടികൾ തുടങ്ങുകയായിരുന്നു.

മിഥിലാജ് ഹക്ക് മുഹമ്മദ് എന്നിവരുടെ കൊലപാതകത്തിൽ വ്യക്തമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. രണ്ട് സംഘങ്ങളെയും തമ്മിലടിപ്പിക്കുന്നതിനായി ബോധപൂർവ്വം ആരോ ശ്രമിച്ചിട്ടുള്ളതായിട്ടാണ് കണ്ടെത്താൻ കഴിഞ്ഞത് പരസ്പരം ആക്രമിക്കുമെന്ന് രണ്ടുപേരെയും അറിയിച്ചതായിട്ടാണ് അന്ന് വിവരങ്ങൾ വന്നത്. എന്നാൽ അതിൽ വ്യക്തത വരുത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

സിസിടിവി ദൃശ്യത്തിൽ ഇപ്പോൾ പ്രതിയാക്കപ്പെട്ടവർ മരകായുധങ്ങളുമായി ബൈക്കിൽ എത്തി സജീബിനെയും സംഘത്തെയും ആദ്യം ആക്രമിക്കുന്നത് വ്യക്തമായി കാണാം. സാക്ഷിയാക്കപ്പെട്ടവർ പ്രതികളായി മാറിയ സാഹചര്യമുള്ളതും രണ്ട് കേസുകളും ഒരേസമയം പരിഗണിക്കുകയും ചെയ്യുന്നുവെന്നത് വിചാരണയിൽ നിർണ്ണായകമാകും.

2020ൽ ഒരു തിരുവോണത്തിന്റെ തലേ രാത്രിയാണ് വെഞ്ഞാറമൂടിനടുത്ത് തേമ്പാമൂട് ഡിവൈഎഫ്‌ഐ പ്രവർത്തകരായ ഹഖ് മുഹമ്മദും(25) മിഥിലാജും(32) കൊല്ലപ്പെട്ടത്. രണ്ടര മാസത്തോളം നീണ്ട അന്വേഷണത്തിനൊടുവിൽ ആറ്റിങ്ങൾ ഡിവൈഎസ്‌പി എസ് വൈ സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആദ്യം പിടിയിലായ ഒൻപത് പേർ മാത്രമാണ് പ്രതി ചേർത്തിരിക്കുന്നത്. കോൺഗ്രസ് പ്രവർത്തകരായ സജീവ്, സനൽ, ഉണ്ണി, അൻസർ എന്നിവർക്ക് കൊലയിൽ നേരിട്ട് ബന്ധമുണ്ടെന്ന് കുറ്റപത്രത്തിൽ വ്യക്തമാക്കിയിരുന്നു.

രാഷ്ട്രീയ വൈര്യാഗ്യമെങ്കിലും പ്രതികൾ തമ്മിൽ വ്യക്തിപരമായി പ്രശ്നങ്ങൾ നിലനിന്നിരുന്നു. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെയുണ്ടായ ഏറ്റുമുട്ടൽ വൈരാഗ്യത്തിന് കാരണമായി. ഇതിന് പിന്നാലെ പലതവണ സംഘർഷങ്ങളുണ്ടായതോടെ വൈരാഗ്യം മൂർച്ഛിച്ചുവെന്നും കുറ്റപത്രത്തിൽ പറഞ്ഞിരുന്നു.