കാസർകോട്: നവകേരള സദസിലെ ആദ്യപരാതി ബവ്‌കോയ്ക്ക് എതിരെയെന്ന് ഇന്നലെ മറുനാടൻ അടക്കം മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ബവ്‌കോയിലൂടെ വീര്യം കുറഞ്ഞ മദ്യം വിൽക്കുന്നുവെന്ന് ആരോപിച്ച് കാസർകോട് സ്വദേശി വിശ്വംഭരൻ കരിച്ചേരിയാണ് ബവ്‌കോ അധികൃതർക്കു പരാതി നൽകിയത്. അതേസമയം, മുഖ്യമന്ത്രിയെ അഭിസംബോധന ചെയ്താണ് പരാതിയെങ്കിലും നവകേരള സദസ്സിലേക്ക് ഇതു കൈമാറിയിട്ടില്ലെന്ന് ബവ്‌കോ അധികൃതർ പറയുന്നു.

എന്നാൽ പരാതി കള്ളമാണെന്നും അങ്ങനെ ഒരു സംഭവമേ ഉണ്ടായിട്ടില്ല എന്നാണ് ദേശാഭിമാനി അവകാശപ്പെടുന്നത്. പതിനേഴാം തീയതി വൈകുന്നേരം 3 മണിയോടുകൂടിയാണ് കാസർഗോഡ് ബിവറേജിലേക്ക് വിശ്വംഭരൻ എത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ദൃശ്യ വാർത്ത മറുനാടൻ എക്‌സ്‌ക്ലൂസീവ് പ്രസിദ്ധീകരിച്ചതുമാണ്. സമാന വാർത്തയാണ് മലയാള മനോരമ ഓൺലൈനിൽ ഈ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.. തന്റെ പരാതി ബവ്‌റിജ് ഇൻചാർജിന് കൈമാറുകയും മുഖ്യമന്ത്രിക്ക് കൈമാറണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഒമ്പത് മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോ ജനങ്ങളുടെ മുന്നിലിരിക്കുമ്പോൾ ഈ സംഭവം കള്ളമാണെന്ന് പറയാൻ ദേശാഭിമാനിക്ക് എങ്ങനെ സാധിച്ചു എന്ന അമ്പരപ്പിലാണ് പൊതുജനം.

ഗോവൻ മദ്യവുമായി താരതമ്യപ്പെടുത്തുമ്പോൾ കേരളത്തിൽ ബവ്കോ വിൽക്കുന്ന മദ്യം ലഹരിയുള്ളതല്ലെന്നും എന്നാൽ കേരളത്തിൽ മദ്യം കൂടിയ വിലയ്ക്കാണ് വിൽക്കുന്നതെന്നും വിശ്വംഭരൻ പരാതിയിൽ പറയുന്നു. 'പ്രിയപ്പെട്ട മുഖ്യമന്ത്രി, കള്ളിന് കിക്ക് കിട്ടുന്നില്ല. ഗോവ സാധനം ക്വാർട്ടർ കിട്ടുന്നില്ല, മത്തുമില്ല. ദിവസം 400 രൂപ കൊടുത്ത് കുടിക്കാൻ പറ്റുന്നില്ല. ഇപ്പോൾ എന്തെങ്കിലും ചെയ്യണം.''- സ്വന്തം കൈപ്പടയിൽ എഴുതിയ അഞ്ചുവരി കത്തിൽ വിശ്വംഭരൻ പറയുന്നു.

കാസർകോട് ടൗൺ ഭണ്ഡാരി റോഡിലുള്ള ബവ്കോ ഔട്ട്ലെറ്റിലെ സ്റ്റോർ ഇൻചാർജ് ശ്രീകുമാറിനാണ് വിശ്വംഭരൻ നിവേദനം നൽകിയത്. വകുപ്പിലെ ഉന്നതർക്ക് നിവേദനം കൈമാറാമെന്ന് ഉറപ്പു കിട്ടിയതായി വിശ്വംഭരൻ പറഞ്ഞു. താൻ നവകേരള സദസ്സ് നടക്കുന്ന വേദിയിലേക്കു പോകുന്നില്ലെന്നും അതിനാലാണ് തനിക്ക് പരിചയമുള്ള ബവ്കോ ഔട്ട്ലെറ്റിൽ പരാതി നൽകിയതെന്നും വിശ്വംഭരൻ പറഞ്ഞിരുന്നു.