തിരുവനന്തപുരം: വിഴിഞ്ഞം സമരത്തിന് കോടതി ഇടപെടൽ ശമനമുണ്ടാക്കുമോ? വിഴിഞ്ഞം പ്രദേശത്തു ക്രമസമാധാനം നിലനിർത്താൻ ഉചിതമായ നടപടികൾ സ്വീകരിക്കാൻ തിരുവനന്തപുരം പൊലീസ് കമ്മിഷണർക്കും ബന്ധപ്പെട്ട് പൊലീസ് സ്റ്റേഷൻ ഹൗസ് ഓഫിസർമാർക്കും ഹൈക്കോടതി നിർദ്ദേശം നൽകിയിരുന്നു. പൊലീസ് സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ടു അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്‌സ് എന്നിവർ നൽകിയ ഹർജിയിലാണു ജസ്റ്റിസ് അനു ശിവരാമന്റെ നിർദ്ദേശം.

വിഴിഞ്ഞം തുറമുഖ സമരം സംബന്ധിച്ചു മുഖ്യമന്ത്രി പിണറായി വിജയനുമായി ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ അനൗദ്യോഗിക ചർച്ച നടത്തിയെങ്കിലും പ്രശ്‌നപരിഹാരം ആയില്ലെന്നതാണ് വസ്തുത. തുറമുഖ നിർമ്മാണം നിർത്തി വച്ചു തീരശോഷണം ഉൾപ്പെടെ കാര്യങ്ങളെക്കുറിച്ചു പഠിക്കണമെന്ന് ആർച്ച് ബിഷപ് ആവശ്യപ്പെട്ടു. എന്നാൽ നിർമ്മാണം നിർത്തിവയ്ക്കുന്നതിനു ബുദ്ധിമുട്ട് ഉണ്ടെന്നും പഠനം നടത്തുന്നതു പരിഗണിക്കാമെന്നും മുഖ്യമന്ത്രി അറിയിച്ചു. മുഖ്യമന്ത്രിയുടെ ക്ഷണപ്രകാരമാണു വികാരി ജനറൽ മോൺ. യൂജിൻ എച്ച്.പെരേരയ്ക്ക് ഒപ്പം ആർച്ച് ബിഷപ് ക്ലിഫ് ഹൗസിലെത്തിയത്. ഇതിനിടെയാണ് ഹൈക്കോടതി ഇടപെടൽ.

കേന്ദ്രസേനയുടെ ആവശ്യമില്ലെന്നും സംരക്ഷണം നൽകാനാകുമെന്നും സർക്കാർ ഹൈക്കോടതിയിൽ വിശദീകരിച്ചു. എന്നാൽ പ്രശ്‌നങ്ങൾ പരിഹരിക്കേണ്ടതു സർക്കാരാണെന്നു കമ്പനികൾ വ്യക്തമാക്കി. പദ്ധതിക്കു നിയമപരമായ എല്ലാ അനുമതിയുമുണ്ട്. കരാറിൽ ഏർപ്പെടുന്നതിനു മുൻപു 2014 ജൂണിൽ തന്നെ പരിസ്ഥിതി അനുമതി ലഭിച്ചിട്ടുണ്ടെന്നും പദ്ധതി തടസ്സപ്പെടുത്തുന്നതു പൊതു താൽപര്യത്തിനു വിരുദ്ധമാണെന്നും ഹർജിക്കാർ വ്യക്തമാക്കി. ഈ വിഷയത്തിൽ കോടതി നടപടികൾ തുടങ്ങിയിട്ടുണ്ട്. കോടതി വിധി ലത്തീൻ അതിരൂപത അംഗീകരിക്കുമോ എന്നതാണ് ഉയരുന്ന ചോദ്യം.

തിരുവനന്തപുരം ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോ ഉൾപ്പെടെയുള്ളവർക്കു പ്രത്യേക ദൂതൻ വഴി നോട്ടിസ് നൽകാനും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഹർജി 29ന് വീണ്ടും പരിഗണിക്കും. പൊലീസും സർക്കാരും മൂകസാക്ഷികളായി നിൽക്കുകയാണെന്നും മതിയായ സംരക്ഷണം നൽകാൻ സർക്കാരിനും പൊലീസിനും സിആർപിഎഫിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും നിർദ്ദേശം നൽകാനുമാണ് ഹർജിയിൽ ആവശ്യപ്പെട്ടത്.

അതിനിടെ വിഴിഞ്ഞം രാജ്യാന്തര തുറമുഖ കവാടത്തിലെ മത്സ്യത്തൊഴിലാളികളുടെ സമരപ്പന്തലിലേക്ക് പിന്തുണ അറിയിച്ച് കൂടുതൽ സഭകളും സംഘടനകളും എത്തുകയാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള മത, രാഷ്ട്രീയ, സാമൂഹിക സംഘടനാ പ്രതിനിധികളാണ് ഐക്യദാർഢ്യവുമായി എത്തിയത്. സമരക്കാർ ബാരിക്കേഡുകളും മതിലും ഗേറ്റും ഭേദിച്ച് പദ്ധതി പ്രദേശത്തേക്കു നീങ്ങി കൊടികൾ നാട്ടി. തുടർന്നു നടന്ന പ്രതിഷേധ സംഗമം ധീവരസഭ സംസ്ഥാന ജനറൽ സെക്രട്ടറി വി.ദിനകരൻ ഉദ്ഘാടനം ചെയ്തു.

വിഴിഞ്ഞത്തു സമരം നടത്തുന്ന മത്സ്യത്തൊഴിലാളികൾക്കു പ്രത്യേക പാക്കേജ് പ്രഖ്യാപിക്കണമെന്നു സിപിഐ തൃശൂർ ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. സമരം ന്യായമാണെന്നും സമ്മേളന പ്രമേയത്തിൽ വ്യക്തമാക്കിയിട്ടുണ്ട്. പദ്ധതിയുടെ പേരിൽ ദുരിതാശ്വാസ ക്യാംപുകളിൽ കഴിയുന്നവരാണു സമരം നടത്തുന്നത്. കേരളത്തിന്റെ തീരദേശം രാജ്യത്തിന്റെ അതിർത്തി കൂടിയാണ്. തീരദേശ പരിരക്ഷയിൽ നിന്നു കേന്ദ്രസർക്കാർ ഒഴിഞ്ഞു മാറുകയാണെന്നും കുറ്റപ്പെടുത്തി.

ബഫർ സോൺ വിഷയത്തിൽ കർഷകരോടും തീരദേശത്തു സമരം ചെയ്യുന്ന ജനങ്ങളോടും സിറോ മലബാർ സഭ സിനഡ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു. കർഷകരുടെ ആവശ്യങ്ങളോടു വൈമുഖ്യം പുലർത്തുന്ന വനംവകുപ്പിനെ മാത്രം കേസ് നടത്തിപ്പിനായി നിയോഗിച്ചതു സർക്കാർ വീഴ്ചയാണെന്നു സിനഡ് യോഗം വിലയിരുത്തി.