തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖത്തിനെതിരെ മത്സ്യത്തൊഴിലാളികൾ ഇന്നലെ നടത്തിയ റോഡ് ഉപരോധ സമരം അതിരുകൾ ലംഘിച്ചതായി ആക്ഷേപവുമായി തിരുവനന്തപുരത്തെ വ്യാപാര-വാണിജ്യ സമൂഹം. വിഴിഞ്ഞം പ്രതിഷേധം പൊതുശല്യമായി മാറിയിരിക്കുകയാണെന്ന് ആരോപിച്ച് ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രി രംഗത്തെത്തി. സമരക്കാർ സാധാരണക്കാരോട് പ്രതികാരം ചെയ്യുകയണ്. സമരം ജീവിതത്തിന്റെ എല്ലാ മേഖലകളെയും തടസ്സപ്പെടുത്തുന്നുവെന്ന് അവർ ആരോപിച്ചു.

തുറമുഖത്തിനെതിരായ വികലമായ വാദങ്ങൾ നിരസിച്ച നഗരവാസികളോട് പ്രതികാരം ചെയ്യുകയാണ് പ്രക്ഷോഭകർ . റോഡുകൾ തടയാൻ മത്സ്യബന്ധന ബോട്ടുകൾ ഉപയോഗിക്കുന്നത് പ്രക്ഷോഭമല്ല, ഗുണ്ടാപ്രവർത്തനമാണ്. നഗരത്തിൽ അക്രമം സൃഷ്ടിക്കാനും അത് വഴി ശ്രദ്ധ നേടാനും അവർ ശ്രമിക്കുന്നുവെന്നത് വ്യക്തമാണ്. തങ്ങളുടെ പരാജയം മറച്ചുവെക്കാനും നിക്ഷിപ്ത താൽപര്യം നേടിയെടുക്കാനും സാമൂഹികവിരുദ്ധവും അധാർമ്മികവുമായ രീതികൾ അവലംബിക്കാൻ സമര നേതാക്കൾ അനുയായികളെ പ്രേരിപ്പിക്കുകയാണ് എന്ന് ടിസിസിഐ പ്രസിഡന്റ് എസ് എൻ രഘുചന്ദ്രൻ നായർ പറഞ്ഞു.

തിരുവനന്തപുരത്തെ പൊതുസമൂഹം തുറമുഖത്തിനെതിരായ ഗൂഢാലോചന തിരിച്ചറിഞ്ഞു കഴിഞ്ഞു ജനങ്ങൾ തങ്ങളുടെ നീക്കങ്ങളെ അവഗണിക്കുന്നതിൽ സമര നേതാക്കൾ രോഷാകുലരാണ്. പ്രതികാരമെന്നോണം ജനങ്ങളെ ഏറ്റവും മോശമായ രീതിയിൽ അസൗകര്യത്തിലാക്കാനാണ് അവരുടെ തീരുമാനം. സർക്കാർ മൃദു സമീപനം ഒഴിവാക്കിസമരക്കാർക്കും അവരെ നിരന്തരം തെറ്റിദ്ധരിപ്പിക്കുന്ന ഇടവകയ്ക്കും എതിരെ കർശനമായ നടപടിയെടുക്കണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അടുത്ത കാലത്തായി മിക്ക രാഷ്ട്രീയ പാർട്ടികളും പ്രതിഷേധങ്ങൾ റോഡിന്റെ ഒരു ഭാഗത്ത് ഒതുക്കി നിർത്തി തലസ്ഥാനത്തെ ജനങ്ങളോട് താരതമ്യേന സൗഹാര്ദപരമായാണ് പെരുമാറുന്നത്. എന്നാൽ ഇന്ന് 25 വർഷത്തിനിടെ ആദ്യമായി ടെക്നോപാർക്കിലെ കമ്പനികളിലെ നിരവധി ജീവനക്കാർക്ക് അവരുടെ ഓഫീസുകളിൽ എത്താനായില്ല. നിരവധി പേരുടെ വിമാന യാത്ര മുടങ്ങി. സമരക്കാരുടെ അനിയന്ത്രിതമായ പെരുമാറ്റം പൊലീസ് തടയണം എന്ന് ടിസിസിഐ സെക്രട്ടറി എബ്രഹാം തോമസ് പറഞ്ഞു

സമരസമിതിയുടെ നേതൃത്വത്തിൽ ചാക്ക അടക്കമുള്ള എട്ടിടങ്ങളിൽ റോഡ് ഉപരോധിച്ചതോടെ 71 യാത്രക്കാർക്ക് വിമാനയാത്ര മുടങ്ങിയെന്നതാണ് വസ്തുത. സ്‌കൂളുകളിലും കോളേജുകളിലും പോകേണ്ട നിരവധി കുട്ടികൾ പെരുവഴിയിലായി. ജീവനക്കാർക്ക് ടെക്‌നോപാർക്ക് ഉൾപ്പെടെയുള്ള ഓഫീസുകളിൽ എത്താൻ കഴിഞ്ഞില്ല. പല കോളേജുകളിലും നടക്കുന്ന ഇന്റേർണൽ പരീക്ഷയ്ക്ക് കുട്ടികൾക്ക് ഹാജരാകാൻ കഴിഞ്ഞില്ലെന്നും പരാതിയുണ്ട്.

ഈ സാഹചര്യത്തിലാണ് തിരുവനന്തപുരം ലത്തിൻ അതിരൂപതയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിനെതിരെ ട്രിവാൻഡ്രം ചേംബർ ഓഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീസും രംഗത്തെത്തിയത്. വള്ളവും വലയും മത്സ്യബന്ധന ഉപകരണങ്ങളുമടക്കം റോഡിലിറക്കി നൂറു കണക്കിന് സ്ത്രീകളും കുട്ടികളും കന്യാസ്ത്രീകളുമടക്കം തെരുവിലിറങ്ങിയാണ് റോഡ് ഉപരോധിച്ചത്. ലത്തീൻ അതിരുപത മത്സ്യത്തൊഴിലാളികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കുകയാണെന്ന ആരോപണവും ശക്തമാണ്.

വിമാനത്താവളത്തിലേക്കു പോകുന്ന പ്രധാന റോഡിൽ ഉപരോധ സമരം നടക്കുമെന്നു നേരത്തെ അറിയിപ്പുണ്ടായിരുന്നെങ്കിലും പൊലീസ് കൃത്യമായ മുന്നൊരുക്കങ്ങൾ പാലിക്കാതിരുന്നതോടെയാണ് യാത്രക്കാർ വലഞ്ഞത്. ആറ്റിങ്ങൽ, കഴക്കൂട്ടം, സ്റ്റേഷൻകടവ്, ചാക്ക, തിരുവല്ലം, വിഴിഞ്ഞം, പൂവാർ, ഉച്ചക്കട എന്നിവിടങ്ങളിൽ രാവിലെ എട്ടരയോടെയാണ് ഉപരോധം ആരംഭിച്ചത്. വൈകിട്ട് 3 വരെ പ്രതിഷേധം നീണ്ടു. ആഭ്യന്തര യാത്രക്കാരാണു യാത്ര മുടങ്ങിയവരുടെ പട്ടികയിൽ കൂടുതലും. യാത്ര റദ്ദാക്കേണ്ടി വന്നതോടെ വീണ്ടും വലിയ തുക മുടക്കി ടിക്കറ്റ് എടുക്കേണ്ട അവസ്ഥയിലാണ് ഇവർ. ദീപാവലി അടുത്തതിനാൽ ടിക്കറ്റുകൾക്കെല്ലാം ഉയർന്ന നിരക്കാണ് വിമാനക്കമ്പനികൾ ഈടാക്കുന്നത്.

വിമാനത്താവളത്തിലേക്കുള്ള യാത്രക്കാർ വിവിധയിടങ്ങളിൽ കുടുങ്ങിയെങ്കിലും പൊലീസിന്റെ ഭാഗത്തുനിന്ന് സഹായം കിട്ടിയില്ല. ഇതര ജില്ലകളിൽനിന്ന് എത്തിയവർ മറുവഴി കണ്ടെത്താനാകാതെ കുടുങ്ങി. ഗതാഗതക്കുരുക്ക് മറികടന്ന് വിമാനത്താവളത്തിൽ എത്തിയപ്പോഴേക്കും വിമാനങ്ങൾ പോയിരുന്നു. ഇൻഡിഗോ വിമാനത്തിൽ ചെന്നൈ, ബെംഗളൂരു, കണ്ണൂർ എന്നിവിടങ്ങളിലേക്കു പോകേണ്ടിയിരുന്നവർക്കും, വിസ്താര എയർലൈൻസിൽ പോകേണ്ട യാത്രക്കാർക്കും മസ്‌ക്കറ്റിലേക്കു എയർ ഇന്ത്യ എക്സ്‌പ്രസിൽ പോകേണ്ടിയിരുന്നവർക്കും ശ്രീലങ്കയിലേക്കു പോകേണ്ടിയിരുന്ന ഒരാൾക്കുമാണു യാത്ര മുടങ്ങിയത്.

ദീപാവലിയായതിനാൽ ആഭ്യന്തര യാത്രകൾക്ക് ഉയർന്ന നിരക്കാണ്. യാത്ര ചെയ്യാൻ കഴിഞ്ഞില്ലെങ്കിൽ ടിക്കറ്റിന്റെ പണം വിമാനക്കമ്പനികൾ മടക്കി നൽകില്ല. വീണ്ടും ഉയർന്ന നിരക്കു നൽകി യാത്ര ചെയ്യേണ്ടിവരും. വിമാനത്താവളത്തിലേക്കുള്ള ഗതാഗതം പൊലീസ് സുഗമമാക്കിയിരുന്നെങ്കിൽ ദുരവസ്ഥ വരില്ലായിരുന്നെന്നാണു വിമർശനം. ഓഗസ്റ്റ് 16ന് ആണ് സമരം തുടങ്ങിയത്.