തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പ്രശ്‌നത്തിൽ സമവായം ഉറപ്പായി. സർക്കാരും സമരത്തിനു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയും കടുത്ത നിലപാടിൽനിന്ന് അയയുന്നതായാണ് സൂചന. ചർച്ചകൾക്കായി നിയോഗിക്കപ്പെട്ട മന്ത്രിസഭാ ഉപസമിതി മുഖ്യമന്ത്രി പിണറായി വിജയനുമായി സമരസമിതിയുടെ ആവശ്യങ്ങൾ ചർച്ച ചെയ്തു. മന്ത്രിമാരായ കെ.രാജൻ, വി.ശിവൻകുട്ടി, ആന്റണി രാജു, വി.അബ്ദുറഹിമാൻ, അഹമ്മദ് ദേവർകോവിൽ എന്നിവരാണ് ഉപസമിതിയിലുള്ളത്.

സർക്കാരിന്റെ നിലപാട് ചീഫ് സെക്രട്ടറി വി.പി.ജോയ് ആർച്ച് ബിഷപ് ഡോ.തോമസ് ജെ.നെറ്റോയെ കണ്ടു വിശദീകരിച്ചു. സമരസമിതി ഇന്നു യോഗം ചേരും. അതിന് ശേഷം ഇക്കാര്യത്തിൽ തീരുമാനമെടുക്കുമെന്നു ജനറൽ കൺവീനർ മോൺ. യൂജിൻ എച്ച്.പെരേര അറിയിച്ചു. സമരസമിതിയും മന്ത്രിസഭാ ഉപസമിതിയും കൂടിയാലോചന നടത്തുമെന്നും ഒത്തുതീർപ്പിനുള്ള ധാരണയായാൽ മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ ചർച്ച നടത്തി അക്കാര്യം പ്രഖ്യാപിക്കുമെന്നും അറിയുന്നു.

തീരശോഷണം പഠിക്കാൻ സമിതിയെ നിയോഗിക്കണമെന്ന സമരസമിതിയുടെ ആവശ്യം സംബന്ധിച്ചു തർക്കമുണ്ട്. മത്സ്യത്തൊഴിലാളികളെ സമിതിയിൽ ഉൾപ്പെടുത്തണമെന്ന ആവശ്യത്തിൽ സമിതി ഉറച്ചുനിൽക്കുന്നു. വീടു നഷ്ടപ്പെട്ടവർക്കുള്ള മാസവാടക 5500 രൂപയിൽനിന്ന് 8000 ആക്കുക, സംഘർഷത്തിന്റെ പേരിലെടുത്ത കേസുകൾ പിൻവലിക്കുക എന്നീ ആവശ്യങ്ങളിലും വ്യക്തതയായിട്ടില്ല. വാടകത്തുക കൂട്ടാൻ കഴിയില്ലെന്നാണു സർക്കാർ നിലപാട്.

ഇന്ന് നടക്കുന്ന ചർച്ചയിലൂടെ വിഴിഞ്ഞത്തു മഞ്ഞുരുകുമെന്ന ്രപതീക്ഷയിലാണു സർക്കാരും സമരസമിതിയും.സമവായനീക്കങ്ങളിൽ സർക്കാർ മുന്നോട്ടുവച്ച നിർദ്ദേശങ്ങൾ സംബന്ധിച്ച് തീരുമാനമെടുക്കാൻ സമരസമിതി കൂടുതൽ സമയം ആവശ്യപ്പെട്ടതിനാലാണ് ഇന്നലെ ചർച്ച നടക്കാതിരുന്നത്. സമരസമിതിയേയും അവർക്കു നേതൃത്വം നൽകുന്ന ലത്തീൻ അതിരൂപതയേയും പങ്കെടുപ്പിച്ചാകും ഇന്നത്തെ വിശദമായ ചർച്ച. പദ്ധതിപ്രദേശത്തിന്റെ സംരക്ഷണത്തിനു കേന്ദ്രസേന വേണ്ടെന്ന നിലപാട് സർക്കാർ സ്വീകരിച്ചതോടെ സമരസമിതിക്കു നേതൃത്വം നൽകുന്ന ലത്തീൻ സഭയും അയഞ്ഞിട്ടുണ്ട്. തുറമുഖനിർമ്മാണം സ്ഥിരമായി നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നു വ്യക്തമാക്കുന്ന സർക്കുലർ പള്ളികളിൽ വായിച്ചു.

സമരസമിതി പ്രതിനിധികളുമായി ചർച്ച നടത്താൻ മുഖ്യമന്ത്രിയാണ് മന്ത്രിസഭാ ഉപസമിതിയോടു നിർദ്ദേശിച്ചത്. രാവിലെ ആർച്ച് ബിഷപ് ഡോ. തോമസ് ജെ.നെറ്റോയും മോൺ. യൂജിൻ എച്ച്.പെരേരയും പട്ടം ബിഷപ് ഹൗസിലെത്തി കർദിനാൾ മാർ ബസേലിയോസ് ക്ലീമീസ് കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച നടത്തി. തുടർന്ന് മന്ത്രി ആന്റണി രാജു കർദിനാളിനെ കണ്ടശേഷം മുഖ്യമന്ത്രിയുമായി ആശയവിനിമയം നടത്തി. ഇതിനിടെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും സംഘവും ആർച്ച് ബിഷപ്പിനെ കണ്ടു.

ഉച്ചകഴിഞ്ഞു മൂന്നോടെ സമരസമിതിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം സർക്കാർ നിലപാട് ചർച്ച ചെയ്തു. ആർച്ച് ബിഷപ്പിനെ കൂടാതെ സഹായ മെത്രാൻ ആർ.ക്രിസ്തുദാസ്, യൂജിൻ എച്ച്.പെരേര തുടങ്ങി 15 പേർ പങ്കെടുത്തു. സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആർച്ച് ബിഷപ് ഇമെരിറ്റസ് ഡോ. എം.സൂസപാക്യത്തിന്റെ നേതൃത്വത്തിൽ തലസ്ഥാനത്തെ ആത്മീയ, സാമൂഹിക രംഗത്തെ പ്രമുഖർ ഇന്നലെ വിഴിഞ്ഞം സന്ദർശിച്ചു. സംഘർഷത്തിൽ പരുക്കേറ്റ മത്സ്യത്തൊഴിലാളികളെ സന്ദർശിച്ചശേഷം സംഘം മുല്ലൂരിലെ സമരപ്പന്തലുകളിലുമെത്തി. അതേസമയം സമാധാനശ്രമം ഏകപക്ഷീയമാണെന്ന് വിഴിഞ്ഞം തുറമുഖ പ്രാദേശിക ജനകീയ കൂട്ടായ്മ ആരോപിച്ചു.