തിരുവനന്തപുരം: വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് ലത്തീൻ ആർച്ച് ബിഷപ് തോമസ് ജെ.നെറ്റോ ഉൾപ്പെടെയുള്ളവർക്കെതിരെ എടുത്ത പൊലീസ് കേസുകൾ സംബന്ധിച്ച് സർക്കാരിന് വ്യക്തതയില്ല. കേസ് പിൻവലിക്കുമോ എന്ന ചോദ്യത്തിനു വ്യക്തമായ ഉത്തരം നൽകാതെ മുഖ്യമന്ത്രി. നിയമസഭയിൽ അനൂപ് ജേക്കബിന്റെ നക്ഷത്രച്ചിഹ്നമിടാത്ത ചോദ്യത്തിനാണു കൃത്യമായ ഉത്തരം നൽകാതെ ഒഴിഞ്ഞു മാറിയത്. ലത്തീൻ സഭയെ സമ്മർദ്ദത്തിലാക്കാൻ വേണ്ടിയാണ് ഈ കേസുകളെന്ന വാദമാണ് ഇതോടെ ചർച്ചയാകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ ഇരട്ടച്ചങ്കനെന്നാണ് സൈബർ സഖാക്കൾ വിളിക്കുന്നത്. ഈ വിളി ഇനി വേണോ എന്ന് പോലും ചിന്തിപ്പിക്കുന്നതാണ് നിയമസഭയിലെ മറുപടി.

ആർച്ച് ബിഷപ്പിനെ ഒന്നാം പ്രതിയാക്കി കേസെടുത്തിട്ടുണ്ടോ എന്ന തിരുവഞ്ചൂർ രാധാകൃഷ്ണൻ, ടി.സിദ്ദീഖ്, റോജി എം.ജോൺ, ഉമ തോമസ് എന്നിവരുടെ ചോദ്യത്തിന് ഉണ്ടെന്നോ ഇല്ലെന്നോ മുഖ്യമന്ത്രി മറുപടി നൽകിയില്ല. ക്രമസമാധാന പാലനത്തിന്റെ ഭാഗമായ നിയമാനുസൃത നടപടികളാണു സ്വീകരിച്ചത് എന്നായിരുന്നു ഉത്തരം. അതിൽ കേസുണ്ടോ എന്നോ ഇ്‌ല്ലെന്നോ ഇല്ല. കിറുകൃത്യമായ ചോദ്യമായിരുന്നു ഉയർത്തിയത്. പ്രസ്തുത സമരവുമായി ബന്ധപ്പെട്ടു സ്ഥലത്തില്ലാതിരുന്ന ബിഷപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തതു തെറ്റായ കീഴ്‌വഴക്കമാണെന്നു കരുതുന്നുണ്ടോ തുടങ്ങി അനൂപ് ജേക്കബ് ഉന്നയിച്ച ചോദ്യങ്ങൾക്കൊന്നും നേരിട്ട് ഉത്തരമില്ലായിരുന്നു. ഉത്തരം മുൻ ഉത്തരത്തിൽ ചേർത്തിട്ടുണ്ടെന്നായിരുന്നു മറുപടി.

ക്രമസമാധാന പാലനത്തിനായുള്ള നിയമാനുസൃത നടപടികളാണു പൊലീസ് സ്വീകരിച്ചതെന്നും പ്രസ്തുത കേസുകൾ അന്വേഷണാവസ്ഥയിലാണെന്നും ആയിരുന്നു മുൻ ഉത്തരം. സംഭവ സ്ഥലത്ത് ഇല്ലാതിരുന്ന ബിഷപ്പിനെതിരെയുള്ള കേസുകൾ ഒഴിവാക്കുന്നതിനു നടപടി സ്വീകരിക്കുമോ എന്നതിനും മേൽപറഞ്ഞ മറുപടിക്കപ്പുറം മുഖ്യമന്ത്രി പോയില്ല. ഇത് സർക്കാർ പ്രതിസന്ധിയിലായതിന് തെളിവാണ്. ബിഷപ്പിനെതിരെ കേസെടുത്തത് വലിയ വിവാദമായിരുന്നു. അക്രമത്തിൽ ഒന്നും ബിഷപ്പ് പങ്കാളിയല്ല. അതിനിടെ വിഴിഞ്ഞത്ത് ലത്തീൻ സഭ സമരത്തിന് ഇനി ഇറങ്ങാതിരിക്കാനാണ് കേസ് പിൻവലിക്കാത്തതെന്ന വാദവും ശക്തമാണ്.

വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം പൂർത്തിയാക്കാനും സമരക്കാർ തടസ്സപ്പെടുത്താതെ നിർമ്മാണ സ്ഥലത്തു പ്രവേശിക്കാനും മടങ്ങാനുമായി പൊലീസ് സംരക്ഷണം നൽകണമെന്നും ആവശ്യപ്പെട്ടു അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, നിർമ്മാണ കരാർ കമ്പനി ഹോവെ എൻജിനീയറിങ് പ്രോജക്ട്‌സ് എന്നിവർ നൽകിയ ഹർജിയിലെ നടപടികൾ ഹൈക്കോടതി അവസാനിപ്പിച്ചിരുന്നു. പദ്ധതിയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും പദ്ധതി പ്രദേശത്തേക്കു കടക്കുന്നതിനും ഇറങ്ങുന്നതിനും ഇപ്പോൾ തടസ്സമില്ലെന്നും കോടതിയെ അറിയിച്ചതിനെ തുടർന്നാണു ജസ്റ്റിസ് അനു ശിവരാമൻ നടപടികൾ അവസാനിപ്പിച്ചത്.

എന്നാൽ വിഴിഞ്ഞം തുറമുഖ പദ്ധതി സൈറ്റിൽ പ്രവേശിക്കാനും ഇറങ്ങാനും അദാനി കമ്പനി ഉൾപ്പെടെയുള്ളവർക്ക് ആവശ്യമായ സംരക്ഷണം നൽകാൻ പൊലീസിനു നിർദ്ദേശം നൽകിയ ഇടക്കാല ഉത്തരവ് ഹൈക്കോടതി നിലനിർത്തി. പൊലീസിനു സാധ്യമാകുന്നില്ലെങ്കിൽ മേഖലയിൽ ക്രമസമാധാനം നിലനിർത്താൻ കേന്ദ്രസർക്കാരിൽനിന്ന് സഹായം തേടാൻ നടപടി സ്വീകരിക്കാനും കോടതി സെപ്റ്റംബർ ഒന്നിനു നിർദ്ദേശം നൽകിയിരുന്നു. ഈ ഉത്തരവാണ് നിലനിർത്തിയത്. സമരം ഒത്തുതീർന്ന സാഹചര്യത്തിൽ നടപടി തുടരേണ്ടതില്ലെന്ന് സർക്കാർ അറിയിച്ചതു കണക്കിലെടുത്താണ് ജസ്റ്റിസ് അനു ശിവരാമന്റെ ഉത്തരവ്.

ഒത്തുതീർപ്പ് ചർച്ചയിൽ ബിഷപ്പിനെതിരായ കേസ് പിൻവലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. കേസുകളിൽ ആരേയും അറസ്റ്റു ചെയ്യുന്നില്ലെന്നത് മാത്രമാണ് ആശ്വാസം. തെരഞ്ഞെടുപ്പ് സമയത്ത് കേസ് പിൻവലിച്ച് ലത്തീൻ സഭയെ കൂടെ നിർത്താനും സർക്കാരിന് ആലോചനയുണ്ടെന്നാണ് സൂചന.