തിരുവനന്തപുരം: തുറമുഖ മന്ത്രിയായി വിഎൻ വാസവൻ എത്തിയത് വിഴിഞ്ഞത്തിന് ഗുണകരമാകും. ഈ വർഷം പൂർണമായും പ്രവർത്തനസജ്ജമാക്കാനുള്ള തരത്തിൽ വിഴിഞ്ഞം തുറമുഖത്തിന്റെ പണികൾ കൊണ്ടു പോകാനാണ് വാസവന്റെ നിർദ്ദേശം. പുതിയ മന്ത്രി എത്തിയതോടെ എല്ലാ മേഖലയിലും നിർമ്മാണപ്രവർത്തനങ്ങൾ അതിവേഗം പുരോഗമിക്കുന്നുണ്ട്. മെയ്‌ മാസത്തിൽ കമ്മിഷനിങ് നടത്തി ഡിസംബറിൽ പൂർണമായും പ്രവർത്തനസജ്ജമാകും. നിർണായകമായ ബ്രേക്ക് വാട്ടറിന്റെ പണി 90 ശതമാനത്തിലധികം പൂർത്തിയായി. ബെർത്തിന്റെയും യാർഡിന്റെയും ആദ്യഘട്ട നിർമ്മാണം അവസാനഘട്ടത്തിലാണ്.

തുറമുഖത്തിന്റെ ബ്രേക്ക് വാട്ടറിന്റെ ആകെ നീളം 2959 മീറ്ററാണ്. നിലവിൽ 2725 മീറ്റർ പൂർത്തിയായി. 2585 മീറ്റർ നീളത്തിൽ മണ്ണിട്ട് ബലപ്പെടുത്തുകയും ചെയ്തുകഴിഞ്ഞു. 800 മീറ്റർ ബർത്തിലെ ആദ്യ ഘട്ടത്തിലെ 400 മീറ്റർ പണി പൂർത്തിയായി. 800 മീറ്റർ ദൂരത്തിൽ 615 തൂണുകൾ സ്ഥാപിച്ചിരുന്നു. ആകെ 56 ഹെക്ടർ സ്ഥലമാണ് ഡ്രെഡ്ജിങ് നടത്തി കടലിൽനിന്നു വീണ്ടെടുക്കേണ്ടിയിരുന്നത്. ഇതിൽ 53.38 ഹെക്ടർ സ്ഥലം ഡ്രെഡ്ജിങ് ചെയ്ത് മണ്ണിട്ട് നികത്തി. അങ്ങനെ എല്ലാ അർത്ഥത്തിലും പണി അതിവേഗം മുമ്പോട്ട് പോവുകയാണ്. ഇന്ത്യൻ തീരത്തെ തുറമുഖങ്ങൾക്ക് മദർ ഷിപ്പുകൾക്ക് വന്നുപോകാനുള്ള സ്വഭാവിക ആഴം കുറവാണ്. ഇതിനാലാണ് ഇന്ത്യൻ തുറമുഖങ്ങൾ ഒഴിവാക്കി ചരക്കുകപ്പലുകൾ കൊളംബോ, ദുബായ്, സിംഗപ്പൂർവഴി സഞ്ചരിക്കുന്നത്. വിഴിഞ്ഞം ഇതിനും മാറ്റമുണ്ടാക്കും.

അതിനിടെ കടൽവഴി അന്താരാഷ്ട്ര വാണിജ്യശൃംഖലയായ ഹൈഫ-മുന്ദ്ര-വിഴിഞ്ഞം-കൊളംബോ ഇടനാഴി ഒരുക്കാൻ അദാനി ഗ്രൂപ്പ് ശ്രമം തുടങ്ങുന്നുണ്ട്. ഇസ്രയേലിലെ ഹൈഫ മുതൽ കൊളംബോവരെ സൃഷ്ടിക്കുന്ന തുറമുഖശൃംഖലയിലെ മദർ പോർട്ടുകളിലൊന്നാകും വിഴിഞ്ഞമെന്നാണ് വിലയിരുത്തൽ. അദാനി ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ഇസ്രയേലിലെ ഹൈഫയിലും ശ്രീലങ്കയിലെ കൊളംബോ തുറമുഖത്തും വികസനം നടന്നുവരുകയാണ്. ഗുജറാത്തിലെ മുന്ദ്ര തുറമുഖത്തും വലിയ നിക്ഷേപം നടത്തുന്നുണ്ട്. കെനിയ, ടാൻസാനിയ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളിലും അദാനി ഗ്രൂപ്പ് തുറമുഖപദ്ധതികൾ ലക്ഷ്യമിടുന്നുണ്ട്. ഇതിനൊപ്പമാണ് വിഴിഞ്ഞത്തെ അതിവേഗ ഇടപെടലും. മന്ത്രി വാസവനും വിഴിഞ്ഞത്തെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തുന്നുണ്ട്.

അദാനി പോർട്സും ഇസ്രയേലിലെ ഗാദോത്ത് ഗ്രൂപ്പും ചേർന്നുള്ള സംയുക്ത സംരംഭമാണ് ഹൈഫ തുറമുഖം. വിഴിഞ്ഞത്ത് മദർഷിപ്പുകൾ എത്തിക്കുന്ന കണ്ടെയ്നറുകൾ ദുബായ് പോർട്ടിൽ എത്തിച്ച് റെയിൽമാർഗം സൗദിയിലേക്കും ജോർദാനിലേക്കും ഹൈഫ തുറമുഖത്തേക്കും എത്തിക്കാനാകും. 10 ദിവസത്തെ യാത്രയിലൂടെ വിഴിഞ്ഞത്തുനിന്ന് ഹൈഫ തുറമുഖംവഴി യൂറോപ്പിലേക്കും ചരക്ക് എത്തിക്കാനാകും. സൂയസ് കനാൽ ഒഴിവാക്കി യൂറോപ്പിലേക്കെത്താമെന്നതും ഇതിന്റെ പ്രത്യേകതയാണ്. ആ അനുകൂലതകൾ എല്ലാം പരമാവധി പ്രയോജനപ്പെടുത്തി വിഴിഞ്ഞത്തെ സൂപ്പർ ഹിറ്റാക്കാനാണ് ശ്രമം. വാസവൻ കൂടുതൽ സമയവും ഇപ്പോൾ വിഴിഞ്ഞത്തെ മേൽനോട്ടത്തിനായി മാറ്റി വയ്ക്കുന്നുണ്ട്.

ഒന്നാം പിണറായി സർക്കാരിൽ കടന്നപ്പള്ളി രാമചന്ദ്രനായിരുന്നു തുറുമുഖ മന്ത്രി. രണ്ടാം പിണറായി സർക്കാരിൽ അഹമ്മദ് ദേവർകോവിൽ ആദ്യ ടേമിൽ തുറമുഖം നോക്കി. ദേവർകോവിലിന് പകരം മന്ത്രിയായ കടന്നപ്പള്ളിക്ക് തുറമുഖം നൽകിയില്ല. പകരം അതിവിശ്വസ്തനായ വാസവനെ മുഖ്യമന്ത്രി ചുമതല ഏൽപ്പിച്ചു. വ്യക്തമായ ലക്ഷ്യത്തോടെയായിരുന്നു ഇതെല്ലാം. അദാനിയുമായി നിരന്തര ചർച്ച നടത്താനും പദ്ധതി വേഗത്തിൽ പൂർത്തിയാക്കാനും കൂടി വേണ്ടിയുള്ള പിണറായിയുടെ കരുതലായിരുന്നു ഇത്.

തുറമുഖ നിർമ്മാണത്തിനായി 24 യാർഡ് ക്രെയിനുകളും എട്ട് ഷിപ് ടു ഷോർ ക്രെയിനുകളുമുൾപ്പെടെ ആകെ 32 ക്രെയിനുകളാണ് വേണ്ടത്. ഇതുവരെ 4 ഷിപ് ടു ഷോർ ക്രെയിനുകളും 11 യാർഡ് ക്രെയിനുകളും എത്തിയിട്ടുണ്ട്. ഇവ അതിന്റെ സ്ഥാനത്ത് ഉറപ്പിക്കുന്ന പണികളാണ് ഇപ്പോൾ നടക്കുന്നത്. ഇതിനുപുറമേയുള്ള ക്രെയിനുകൾ ചൈനയിലെ ഷാങ്ഹായ് ഷെൻഹുവാ തുറമുഖത്തുനിന്ന് അടുത്ത മൂന്നു മാസത്തിനുള്ളിൽ എത്തും.

തുറമുഖത്തെ ദേശീയപാതയുമായി ബന്ധിപ്പിക്കുന്ന 1.7 കിലോമീറ്റർ റോഡാണ് നിർമ്മിക്കേണ്ടത്. ഇതിൽ 600 മീറ്റർ പൂർണമായും പണി തീർന്നു. മുല്ലൂരിൽനിന്ന് ദേശീയപാതയിലേക്കെത്തുന്ന റോഡുപണിയുടെ ബാക്കിഭാഗത്തിന്റെ നിർമ്മാണം പുരോഗമിക്കുകയാണ്. ഈ പാതയിൽ രണ്ടു മേൽപ്പാലങ്ങളുടെ നിർമ്മാണവും പൂർത്തിയായി. ഇതെല്ലാം വാസവൻ നിരീക്ഷിക്കും. 220 കെ.വി.യുടെയും 33 കെ.വി.യുടെയും രണ്ട് സബ് സ്റ്റേഷനുകളുടെയും നിർമ്മാണം നേരത്തെതന്നെ പൂർത്തിയായി.

അന്താരാഷ്ട്ര ചരക്കുപാതയുടെ 30 ശതമാനവും കടന്നുപോകുന്ന കപ്പൽച്ചാലിനടുത്ത് സ്ഥിതിചെയ്യുന്നു എന്നതും വലിയ ചരക്കുകപ്പലുകൾക്കുപോലും വന്നുപോകാവുന്ന 24 മീറ്റർ എന്ന സ്വാഭാവിക ആഴവുമാണ് വിഴിഞ്ഞത്തിന്റെ പ്രത്യേകത.