തിരുവനന്തപുരം: വിഴിഞ്ഞത്തെ അക്രമത്തിൽ, വൈദികർക്കും പങ്കുണ്ടെന്ന പൊലീസിന്റെ സത്യവാങ്മൂലം ഹൈക്കോടതിയിൽ സമർപ്പിച്ചു. ഹൈക്കോടതിയിൽ നൽകിയ ഉറപ്പുകൾ ലംഘിച്ച സമരക്കാർ പദ്ധതി പ്രദേശത്തേക്ക് എത്തിയ വാഹനങ്ങൾ വൈദികരുടെ നേതൃത്വത്തിൽ തടഞ്ഞു. പള്ളി മണിയടിച്ച് സ്ത്രീകളും കുട്ടികളും മുതിർന്നവരുമടക്കം രണ്ടായിരത്തോളം പേരെ പദ്ധതി പ്രദേശത്തേക്ക് എത്തിച്ചു.

അക്രമത്തിൽ 5 പേരെ അറസ്റ്റ് ചെയ്തപ്പോൾ വൈദികരടക്കമുള്ളവർ പൊലീസ് സ്റ്റേഷൻ ആക്രമിച്ചു. 64 പൊലീസുകാർക്ക് പരുക്കേറ്റതായും സത്യവാങ്മൂലത്തിൽ പറയുന്നു. സംഘർഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്.

പ്രദേശത്ത് എത്തിയ വാഹനങ്ങൾ ഫാ.യൂജിൻ പെരേര അടക്കമുള്ളവർ ആക്രമിക്കുകയും പദ്ധതി പ്രദേശത്ത് അതിക്രമിച്ചുകയറുകയും ചെയ്തു. അവിടത്തെ ഓഫിസ് നശിപ്പിക്കുകയും സിസിടിവി ക്യാമറകൾ തകർക്കുകയും ചെയ്തു. ഏകദേശം 2 ലക്ഷം രൂപയുടെ നഷ്ടമാണ് ഉണ്ടാക്കിയത്. കൂടാതെ പദ്ധതിയെ അനുകൂലിക്കുന്ന സംഘങ്ങളുമായി സമരക്കാർ ഏറ്റുമുട്ടി, കല്ലേറുണ്ടായി. പിന്നീട് പൊലീസിനെയും ജനകീയ പ്രതിരോധസമിതിയെയും ആക്രമിക്കുകയായിരുന്നുവെന്ന് പൊലീസ് സത്യവാങ്മൂലത്തിൽ പറഞ്ഞു.

സംഘർഷത്തിന്റെ ചിത്രങ്ങളും ദൃശ്യങ്ങളും ഉൾപ്പെടെയാണ് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ സ്പർജൻ കുമാർ സത്യവാങ്മൂലം സമർപ്പിച്ചിരിക്കുന്നത്. ഫാദർ യൂജിൻ പെരേര ഉൾപ്പെടെ 10 വൈദികരുടെ നേതൃത്വത്തിലാണ് കലാപമുണ്ടായതെന്ന് 40 പേജുള്ള റിപ്പോർട്ടിൽ പറയുന്നു.

വിഴിഞ്ഞം സമരത്തിന്റെ ഭാഗമായി കഴിഞ്ഞ 26, 27 തീയതികളിലുണ്ടായ സംഭവങ്ങളുടെ വിശദാംശങ്ങളാണ് സത്യവാങ്മൂലത്തിലുള്ളത്. 26ന് ഹൈക്കോടതി ഉത്തരവനുസരിച്ച് പൊലീസ് സംരക്ഷണത്തോടെ തുറമുഖ നിർമ്മാണത്തിന് എത്തിച്ച ലോറികൾ സമരക്കാർ തടഞ്ഞു. ഫാദർ യൂജിൻ പെരേരയുടെ നേതൃത്വത്തിൽ തുറമുഖ കവാടത്തിലെ സിസിടിവി ക്യാമറകൾ ഉൾപ്പെടെ നശിപ്പിച്ചു. തുറമുഖ നിർമ്മാണത്തെ അനുകൂലിക്കുന്നവരെയും പൊലീസിനെയും ആക്രമിച്ചെന്നും റിപ്പോർട്ടിൽ പറയുന്നു.

27ന് മൂവായിരത്തോളം പേർ സംഘടിച്ച് വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ ആക്രമിച്ചെന്നും ആകെ 85 ലക്ഷം രൂപയുടെ നാശനഷ്ടങ്ങൾ ഉണ്ടായെന്നും പൊലീസ് റിപ്പോർട്ടിലുണ്ട്. സംഘർഷത്തിന്റെയും നാശനഷ്ടങ്ങളുടെയും ചിത്രങ്ങളും റിപ്പോർട്ടിൽ അനുബന്ധമായി ചേർത്തിട്ടുണ്ട്.

അതേസമയം, വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടുണ്ടായ അക്രമണങ്ങളിൽ ശക്തമായ നടപടിയുണ്ടാകുമെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് വ്യക്തമാക്കി. ശക്തമായ നടപടിയിലേക്ക് നീങ്ങാനാണ് തീരുമാനമെന്ന് ഡി ജി പി അനിൽ കാന്ത് പറഞ്ഞു. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് പൊലീസ് ഉടൻ കടക്കുമെന്നും സി സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചും നടപടിയുണ്ടാകുമെന്നും അദ്ദേഹം വിവരിച്ചു. തീവ്രവാദ സ്വഭാവമുള്ള സംഘടനകളുടെ പങ്കാളിത്തവും അന്വേഷിക്കുമെന്ന് പറഞ്ഞ ഡി ജി പി നിലവിൽ വിഴിഞ്ഞത്തെ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും വ്യക്തമാക്കി.