തിരുവനന്തപുരം: ഹിൻഡൻബർഗ് റിപ്പോർട്ടു സൃഷ്ടിച്ച ആഘാതത്തിൽ നിന്നും അദാനി ഗ്രൂപ്പ് ഇനിയും കരകയറിയിട്ടില്ല. തകർന്നടിഞ്ഞ അദാനിയുടെ ഓഹരികൾ തിരിച്ചു കയറുന്ന ലക്ഷണം കാണിക്കുന്നുണ്ടെങ്കിലും ആഘാതത്തിൽ നിന്നും ഇനിയും കരകയറിയിട്ടില്ല. അതേസമയം അദാനി പോർട്ട്‌സ് ലിമിറ്റഡ് മാത്രമാണ് കാര്യമായ ആഘാതം ബാധിക്കാത്ത കമ്പനി. ഈ സാഹചര്യത്തിൽ വിഴിഞ്ഞം പദ്ധതി മുന്നോട്ടുപോകുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്. നേരത്തെ പദ്ധതി പൂർത്തിയാക്കാൻ അദാനിക്ക് സാധിക്കുമോ എന്ന ആശങ്ക ഉണ്ടെങ്കിലും സർക്കാർ ഇക്കാര്യത്തിൽ ആത്മവിശ്വാസത്തിലാണ്. പദ്ധതി വേഗത്തിലാക്കാൻ വേണ്ടി അദാനിക്ക് വേണ്ട സൗകര്യങ്ങൽ ചെയ്തു കൊടുക്കുകയാണ് സർക്കാർ.

പദ്ധതിയുടെ കരാർ പ്രകാരം അദാനിക്ക് പണം നൽകാൻ വേണ്ടി സംസ്ഥാന സർക്കാർ 400 കോടി രൂപ വായ്പയെടുക്കുന്നുണ്ട്. 850 കോടി രൂപയാണ് കരാർ പ്രകാരം നൽകേണ്ടത്. ഈ തുക നൽകാൻ വേണ്ടിയാണ് 400 കോടി വായ്‌പ്പ എടുക്കുന്നത്. പുലിമുട്ട് നിർമ്മാണത്തിന്റെ പണം നൽകാനായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ഹഡ്‌കോയിൽ നിന്നാണ് വായ്പയെടുക്കുക. വിഴിഞ്ഞം പദ്ധതിയുമായി ബന്ധപ്പെട്ട് അദാനിയുമായുണ്ടാക്കിയ കരാർ പ്രകാരമാണിത്. പുലിമുട്ട് നിർമ്മാണം 30 ശതമാനം പൂർത്തിയായാൽ 20 ശതമാനം തുക അദാനിക്ക് നൽകണമെന്നതായിരുന്നു കരാർ.

ഇതിന്റെ അടിസ്ഥാനത്തിൽ പലതവണ അദാനി ഗ്രൂപ്പ് തുറമുഖ വകുപ്പിന് കത്ത് നൽകിയിരുന്നു. സംസ്ഥാന വിഹിതം ഉടൻ നൽകണം എന്നായിരുന്നു ആവശ്യം. ഇപ്പോൾ അടിയന്തരമായി 400 കോടി രൂപ അനുവദിക്കാനാണ് സർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മൊത്തം 1450 കോടിയാണ് പുലിമുട്ട് നിർമ്മാണത്തിനായി സർക്കാർ നൽകേണ്ടത്.

ഇതിൽ 400 കോടി ഹഡ്കോയിൽ നിന്ന് വായ്പയെടുത്ത് നൽകാനാണ് സർക്കാർ ഉദ്ദേശിക്കുന്നത്. തുറമുഖ വകുപ്പ് ധനവകുപ്പിനെ സമീപിച്ച സമയം മറ്റ് ബാങ്കുകളിൽ നിന്ന് വായ്പയെടുക്കാനുള്ള സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയിരുന്നു. ഹഡ്കോയിൽ നിന്ന് വായ്പയെടുത്താൽ 16 വർഷത്തിനു ശേഷം തിരിച്ചടച്ചാൽ മതി. അതുവരെയുള്ള സമയത്ത് പലിശ മാത്രം നൽകിയാൽ മതിയെന്നാണ് വ്യവസ്ഥ.

തുറമുഖം നിർമ്മാണം തുടങ്ങി ഒരു വർഷത്തിനു ശേഷം മാത്രമേ സംസ്ഥാന സർക്കാരിന് അതിൽ നിന്ന് ഒരു ശതമാനം ലാഭവിഹിതം നേടാനാവൂ. ഇതും കൂടിയാണ് ഹഡ്കോയെ ആശ്രയിക്കാൻ കാരണം. കൂടാതെ 817 കോടി വയബിലിറ്റി ഗ്യാപ് ഫണ്ട് ആയിട്ടുണ്ട്. അതിൽ സംസ്ഥാന വിഹിതമായി 400 കോടി അനുവദിക്കണമെന്ന് അദാനി ആവശ്യപ്പെടുകയായിരുന്നു.

3200 മീറ്ററാണ് പുലിമുട്ടിന്റെ ആകെ നീളം. അതിൽ 2000 മീറ്ററോളം ഇതിനോടകം പൂർത്തിയായിട്ടുണ്ട്. അതിനാലാണ് തുക എത്രയും വേഗം നൽകണമെന്ന് അദാനി ആവശ്യപ്പെട്ടത്. ഈ സാഹചര്യത്തിൽ വയബിലിറ്റി ഗ്യാപ് ഫണ്ടിലെ സർക്കാർ വിഹിതമായ 400 കോടി കൂടി ചേർത്ത് മൊത്തം 800 കോടിയോളം രൂപ അദാനിക്ക് ഒരാഴ്‌ച്ചയ്ക്കകം നൽകാനാണ് നിലവിൽ തുറമുഖ വകുപ്പിന്റെ തീരുമാനം.

തുറമുഖനിർമ്മാണം പൂർത്തിയായി 15 വർഷം കഴിഞ്ഞാൽ മാത്രമേ നടത്തിപ്പ് സർക്കാരിലേക്ക് എത്തുകയുള്ളൂ. അതുകൊണ്ടുതന്നെ ഹഡ്കോയിൽനിന്നു വായ്പയെടുത്താൽ 16 വർഷം കഴിഞ്ഞ് തിരിച്ചടവ് നടത്തിയാൽ മതിയെന്ന് ധാരണയായിട്ടുണ്ട്. അതുവരെ പലിശ മാത്രം നൽകിയാൽ മതിയാകും. ഗ്യാപ് വയബിലിറ്റി ഫണ്ടായി കേന്ദ്രം നൽകാനുള്ള തുക ലഭ്യമാക്കാൻ സർക്കാർ ഇടപെടാമെന്നും തുറമുഖവകുപ്പ് അദാനി ഗ്രൂപ്പിന് ഉറപ്പുനൽകിയിട്ടുണ്ട്. അടുത്ത സെപ്റ്റംബറിൽ വിഴിഞ്ഞത്ത് തുറമുഖത്തിന്റെ ആദ്യഘട്ടം പൂർത്തിയാക്കി കപ്പലെത്തിക്കാനാണ് സർക്കാർ നീക്കം.

അതേസമയം കരിങ്കല്ല് ലഭ്യമാക്കാൻ വേണ്ടി അദാനിക്കായി ഒരു ക്വാറിയും സർക്കാർ അനുവദിച്ചിരുന്നു. ജനവാസ മേഖലയായ ഇഞ്ചപ്പാറയ്ക്ക് സമീപം വിഴിഞ്ഞം പദ്ധതിക്കായി അദാനി ഗ്രൂപ്പിന്റെ ക്വാറിക്ക് കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അനുമതി നൽകിയിന്നു. അഞ്ച് വർഷത്തേക്ക് 11.5 ഏക്കർ റവന്യൂ പുറമ്പോക്കാണ് അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡിനായി പഞ്ചായത്ത് മാറ്റിവച്ചത്. പാറമടകൾ ഉണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നങ്ങൾ ഏറെ നാളായി നേരിടുന്ന പ്രദേശമാണ് കലഞ്ഞൂർ. പാറമടകൾക്കെതിരെ നാട്ടുകാർ സമരം ചെയ്തതിനു പിന്നാലെയാണ് അദാനി ഗ്രൂപ്പിന് ഗ്രാമപഞ്ചായത്തിന്റെ ഖനനാനുമതി.

സർക്കാർ പദ്ധതി എന്ന നിലയിൽ, മുൻഗണനാ വിഭാഗത്തിൽപ്പെടുത്തി നിരാക്ഷേപ പത്രം നൽകാൻ 2018 ജൂലൈ 5ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചിരുന്നു. നിരാക്ഷേപ പത്രം കിട്ടിയതോടെ അദാനി വിഴിഞ്ഞം പോർട്ട് പ്രൈവറ്റ് ലിമിറ്റഡ്, കലഞ്ഞൂർ പഞ്ചായത്തിൽ അപേക്ഷ നൽകി. ഇത് തള്ളിയതോടെ ഹൈക്കേടതിയെ സമീപിച്ചു. തുടർന്ന് കഴിഞ്ഞ ജനുവരി 7നാണ് പഞ്ചായത്ത് ലൈസൻസ് നൽകിയത്. അനുമതിയുടെ രേഖകൾ പുറത്തായതോടെ സ്ഥലത്ത് പ്രതിഷേധം ഉയരുകയാണ്. പഞ്ചായത്തംഗങ്ങളോട് ആലോചിക്കാതെയാണ് അനുമതി നൽകിയതെന്ന് ആരോപണവുമുണ്ട്. പാറപൊട്ടിക്കാൻ ഒരു കാരണവശാലും അനുവദിക്കില്ലെന്ന നിലപാടിലാണ് ജനകീയ സമിതി.