തിരുവനന്തപുരം: കേരള വികസന അധ്യായത്തില്‍ പുതിയ ഏടാണ് വിഴിഞ്ഞം തുറമുഖമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഴിഞ്ഞം തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ഉദ്ഘാടനം കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനോവാളിന്റെ സാന്നിധ്യത്തില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ത്ഥ്യമായി എന്ന് പറഞ്ഞാണ് മുഖ്യമന്ത്രി പ്രസംഗിച്ചു തുടങ്ങിയത്.

തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലക ശക്തിയാണെന്നും വിഴിഞ്ഞത്തിലൂടെ ഇന്ത്യ ലോക ഭൂപടത്തില്‍ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു. തുറമുഖങ്ങള്‍ സാമ്പത്തിക വളര്‍ച്ചയുടെ ചാലകശക്തിയാണ്. പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹകരിച്ച കരണ്‍ അദാനിക്ക് മുഖ്യമന്ത്രി നന്ദി അറിയിച്ചു. അന്താരാഷ്ട്ര ലോബികള്‍ക്കെതിരെ ഒന്നായി പോരാടിയതിന്റെ ഫലമാണെന്നും പിണറായി വിജയന്‍ ചൂണ്ടിക്കാട്ടി.

ദീര്‍ഘകാലത്തെ സ്വപ്നം യാഥാര്‍ഥ്യമായെന്നും ഇതിനു പിന്തുണ നല്‍കിയ എല്ലാവര്‍ക്കും കേരളത്തിന്റെ നന്ദി അറിയിക്കുന്നുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. ഇത്തരം തുറമുഖങ്ങള്‍ ലോകത്ത് കൈവിരലില്‍ എണ്ണാവുന്നവ മാത്രമേ ഉള്ളൂ. ലോകഭൂപടത്തില്‍ ഇന്ത്യ ഇതിലൂടെ സ്ഥാനം പിടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലോകത്തിലെ വന്‍കിട തുറമുഖങ്ങളില്‍ ഒന്നാണ് വിഴിഞ്ഞം. മദര്‍ഷിപ്പുകള്‍ ധാരാളമായി വിഴിഞ്ഞത്തേക്ക് എത്തും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലുകള്‍ക്ക് വിഴിഞ്ഞത് ബര്‍ത്ത് ചെയ്യാം. ഇന്ന് ട്രയല്‍ റണ്‍ ആണെങ്കിലും വിഴിഞ്ഞം തുറമുഖത്തിന്റെ ഓപ്പറേഷന്‍ ഇന്ന് മുതല്‍ തുടങ്ങുകയാണ്. ഉടന്‍ പൂര്‍ണ പ്രവര്‍ത്തന രീതിയിലേക്ക് മാറുമെന്നും മുഖ്യമന്ത്രി വിശദമാക്കി.

വിഴിഞ്ഞം മദര്‍ പോര്‍ട്ട് ആയി മാറുമെന്ന് പറഞ്ഞ മുഖ്യമന്ത്രി അഭിമാനിക്കാനുള്ള വക ഇവിടെ തീരുന്നില്ലെന്നും ഇത് ഒന്നാം ഘട്ടം മാത്രമാണെന്നും വിശദമാക്കി. നാലാം ഘട്ടം പൂര്‍ത്തിയാകുമ്പോള്‍ വിശാല തുറമുഖമായി മാറും. 2028ഓടെ വിഴിഞ്ഞം സമ്പൂര്‍ണ തുറമുഖമായി മാറും. 10000 കോടി രൂപയുടെ നിക്ഷേപത്തിന് വഴിയൊരുക്കും. അതിന് വേണ്ടുന്ന കരാര്‍ ഒപ്പിടാന്‍ പോവുകയാണെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. അദാനി ഗ്രൂപ്പ് പൂര്‍ണ സഹകരണത്തിന് തയാറാണ്.

അയല്‍ രാജ്യങ്ങള്‍ക്കും അഭിമാനിക്കാന്‍ സാധിക്കും. വിഴിഞ്ഞം ചരിത്രപ്രസിദ്ധമാണെന്നും സ്വാതന്ത്ര്യത്തിന് ശേഷമുള്ള സര്‍ക്കാര്‍ വിഴിഞ്ഞത്തിനായി പ്രയത്‌നിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരാണ് വിഴിഞ്ഞം തുറമുഖ അനുമതിക്കായി ശ്രമിച്ചത്. 2007ല്‍ വിഐഎസ്എല്ലിനെ നോഡല്‍ ഏജന്‍സിയാക്കി. 2010ല്‍ ടെന്‍ഡര്‍ നടപടികള്‍ക്ക് ശ്രമിച്ചു. അപ്പോള്‍ ചൈനീസ് കമ്പനിയെന്ന് പറഞ്ഞ് ചിലര്‍ ആക്ഷേപം ഉയര്‍ത്തി. അന്ന് മന്‍മോഹന്‍ സര്‍ക്കാരാണ് അനുമതി നിഷേധിച്ചതെന്നും മുഖ്യമന്ത്രി വിമര്‍ശിച്ചു.

മന്‍മോഹന്‍ സിങ് സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നിഷേധിച്ചിരുന്നെന്നും പിന്നീട് 212 ദിവസം നീണ്ട ജനകീയ സമരം എല്‍ഡിഎഫ് നടത്തി. തുടര്‍ന്ന് 2013 ലാണ് വീണ്ടും പദ്ധതി വരുന്നത്. നാടിന്റെ കൂട്ടായ ഇച്ഛാശക്തിയാണ് പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത്. നാം ഒറ്റകെട്ടായി ശ്രമിച്ചതിന്റെ ഫലമാണ് ഈ ദിനം. ഇന്ത്യയുടെ അന്താരാഷ്ട്ര പ്രാധാന്യം വിഴിഞ്ഞം തുറമുഖത്തോടെ വര്‍ദ്ധിക്കും.

വിഴിഞ്ഞം പദ്ധതിയെ ആദ്യം എതിര്‍ത്തതിനെ ന്യായീകരിച്ചായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകള്‍. അഴിമതിക്കോ ചൂഷണത്തിനോ ഉള്ള വഴിയായി വിഴിഞ്ഞം മാറരുതെന്ന് മാത്രമായിരുന്നു എല്‍ഡിഎഫിന് എന്നാണ് അദ്ദേഹം വിശദീകരിച്ചത്. അതിന്റെ എല്ലാ സാധ്യതകളും അടച്ചുകൊണ്ടാണ് തുറമുഖം സജ്ജമാക്കിയത്. തുറമുഖത്തിനായി അര്‍പ്പണബോധത്തോടെ അഹമ്മദ് ദേവര്‍കോവില്‍ പ്രവര്‍ത്തിച്ചെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ സോനോവാള്‍ ചടങ്ങില്‍ മുഖ്യാതിഥിയായി. തുറമുഖമന്ത്രി വി എന്‍ വാസവന്‍ ആയിരുന്നു അധ്യക്ഷന്‍.. ഇന്നത്തെ ഔദ്യോഗിക ചടങ്ങുകള്‍ പൂര്‍ത്തിയാക്കി കണ്ടെയ്‌നറുകള്‍ ഇറക്കിയതിന് ശേഷം നാളെയാണ് സാന്‍ ഫര്‍ണാണ്ടോ തീരം വിടുക.

"കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്ന് അന്യമാം ദേശങ്ങളില്‍" എന്ന മഹാകവി പാലാ നാരായണന്‍ നായരുടെ കവിതയിലെ വരികള്‍ ചൊല്ലിയാണ് തുറമുഖ മന്ത്രി വി.എന്‍.വാസവന്‍ പ്രസംഗം ആരംഭിച്ചത്. ആ കാവ്യഭാവന അര്‍ഥപൂര്‍ണമാകുന്ന നിമിഷങ്ങള്‍ക്കാണ് വിഴിഞ്ഞം സാക്ഷ്യം വഹിക്കുന്നത്.

നാടിന്റെ വികസനചരിത്രത്തില്‍ തങ്കലിപികളാല്‍ ആലേഖനം ചെയ്യപ്പെടുന്ന പദ്ധതിയാണിത്. ലോകമെമ്പാടുമുള്ള മലയാളികള്‍ അഭിമാനത്തോടെയാണ് ഈ നിമിഷത്തെ നോക്കിക്കാണുന്നതെന്നും മന്ത്രി പറഞ്ഞു. ആദ്യ കണ്ടെയ്‌നര്‍ മദര്‍ഷിപ് ഇന്നലെയാണ് വിഴിഞ്ഞത്ത് എത്തിയത്. ലോകത്തെ രണ്ടാമത്തെ വലിയ ഷിപ്പിങ് കമ്പനിയായ മേസ്‌ക്കിന്റെ ഉടമസ്ഥതയിലുള്ള 'സാന്‍ ഫെര്‍ണാണ്ടോ' മദര്‍ഷിപ്പാണ് തുറമുഖത്തെത്തിയത്. രാജ്യത്തെ ഏറ്റവും ആഴമേറിയ ട്രാന്‍സ്ഷിപ്‌മെന്റ് (ചരക്കുമാറ്റം) തുറമുഖം സംസ്ഥാനത്തിന്റെ വികസനക്കുതിപ്പിലേക്കു വഴി തുറക്കുമെന്നാണ് പ്രതീക്ഷ.

2000 കണ്ടെയ്‌നറുകള്‍ വിഴിഞ്ഞത്തിറക്കി കപ്പല്‍ ഇന്നു തുറമുഖം വിടും. നാളെത്തന്നെ ഫീഡര്‍ കപ്പലുകള്‍ എത്തുന്നതോടെ ട്രാന്‍സ്ഷിപ്‌മെന്റിനും തുടക്കമാകും. കേരളത്തിന്റെ വികസനപ്രതീക്ഷയായി തുറമുഖത്ത് മൂന്ന് മാസത്തോളം നീളുന്ന ട്രയല്‍ റണ്ണില്‍ തുടര്‍ച്ചയായി മദര്‍ഷിപ്പുകള്‍ എത്തും. കമ്മിഷന്‍ ചെയ്യുന്നത് ഒക്ടോബറിലാണെങ്കിലും ആദ്യ കണ്ടെയ്‌നര്‍ ഷിപ്പിന്റെ വരവോടെ വരുമാനം ലഭിച്ചു തുടങ്ങും. ആദ്യ ചരക്കുകപ്പല്‍ ക്രെയിനുകളുമായി എത്തിയത് കഴിഞ്ഞ ഒക്ടോബറിലാണ്.

വാണിജ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ആദ്യ കണ്ടെയ്‌നര്‍ കപ്പലെത്തിയത് ഇന്നലെയാണ്. നിലവില്‍ കൊളംബോ തുറമുഖം കൈകാര്യം ചെയ്യുന്ന ആകെ ചരക്കില്‍ ഏതാണ്ട് 60% ഇന്ത്യയിലേക്കുള്ളതാണ്. ഇതിന്റെ ഗണ്യമായ ഭാഗം ഇനി വിഴിഞ്ഞത്തെത്തും. ഇന്ത്യയിലേക്കുള്ള കണ്ടെയ്‌നറുകള്‍ മാത്രമല്ല, കൊളംബോയെ ഇപ്പോള്‍ ആശ്രയിക്കുന്ന മറ്റു രാജ്യങ്ങളിലേക്കുള്ള കണ്ടെയ്‌നറുകളും മാറ്റിക്കയറ്റുന്ന ഹബ്ബായി വിഴിഞ്ഞം മാറുന്നതോടെ രാജ്യാന്തരതലത്തില്‍ കേരളത്തിന്റെ വാണിജ്യപ്രസക്തി ഉയരും.