പാലക്കാട്: കുറഞ്ഞ സമയത്തിൽ, കൂടുതൽ സൗകര്യങ്ങളോടെ കൂടുതൽ വേഗത്തിൽ സഞ്ചാരം. വന്ദഭാരത് ഈ പ്രതീക്ഷ സഫലമാക്കുമെന്ന് കരുതുമ്പോഴും, കൂടുതൽ സ്‌റ്റോപ്പുകൾക്കായി മുറവിളികൾ ആദ്യം തന്നെ ഉയർന്നിരുന്നു. ശബരിമല തീർത്ഥാടകരുടെ മീറ്റിങ് പോയിന്ററായ ചെങ്ങന്നൂരും, കേരളത്തിലെ ഏറ്റവും വലിയ റെയിൽവെ ജംഗ്ഷനായ ഷൊർണൂരും, മലപ്പുറത്തെ തിരൂരും സ്റ്റോപ്പ് വേണമെന്നായിരുന്നു എംപിമാർ അടക്കം ജനപ്രതിനിധികളുടെ ആവശ്യം. ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കിൽ വന്ദേഭാരത് ട്രെയിൻ തടയുമെന്ന് വി കെ ശ്രീകണ്ഠൻ എംപി മുന്നറിയിപ്പ് നൽകുകയും ചെയ്തു.

വന്ദേഭാരത് സമയക്രമം വന്നപ്പോൾ ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിച്ചു. തിരൂരിനും ചെങ്ങന്നൂരിനും കിട്ടിയില്ല. ഷൊർണൂർ സ്റ്റോപ്പ് അനുവദിച്ചത് പാലക്കാട് എംപിയുടെ ശ്രമഫലമായാണ് എന്നാണ് അവകാശവാദം.

വന്ദഭാരതിന്റെ കന്നിയാത്രയിൽ ട്രെയിനിന്റെ ചില്ലുജനാലകളിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ ഒട്ടിച്ച് വൃത്തികേടാക്കിയിരിക്കുകയാണ് അനുയായികൾ.

ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയിൽവേ ജങ്ഷനാണ് ഷൊർണൂർ. പാലക്കാട് ജില്ലയിൽ സ്റ്റോപ്പ് അനുവദിക്കാൻ കഴിയുന്ന ഏക സ്റ്റേഷനും ഷൊർണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാൻ സാങ്കേതികമായ തടസ്സങ്ങളില്ലായിരുന്നു. മൂന്ന് ജില്ലയിലെ ജനങ്ങൾക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊർണൂർ ജങ്ഷൻ. സ്റ്റോപ്പ് അനുവദിക്കുന്നതിന് അനുകൂലമായ ഫീസിബിലിറ്റി റിപ്പോർട്ടാണ് റെയിൽവേക്ക് കിട്ടിയത്.

ഷൊർണൂരിൽ സ്‌റ്റോപ്പ് അനുവദിച്ചത് നല്ല കാര്യമെങ്കിലും, അതൊരുകൂട്ടായ ആവശ്യത്തിന്റെ ഫലമായാണ്. ഇത്ര സുന്ദരമായി നിർമ്മിച്ചെടുത്ത ട്രെയിൻ ചുമരുകളിൽ പോസ്റ്റർ പതിച്ച് പതിവ് മട്ടിൽ വൃത്തികേടാക്കുന്നതിലെ ഔചിത്യക്കുറവാണ് സോഷ്യൽമീഡിയയിൽ പലരും ചൂണ്ടിക്കാട്ടുന്നത്.

വന്ദേഭാരത് എന്താ..എംപിയുടെ തറവാട്ടുസ്വത്താണോ.അത് അൽപ്പത്തരമായി പോയി എന്നിങ്ങനെയാണ് കമന്റുകൾ.