കൽപ്പറ്റ: വന്യമൃഗ ആക്രമണങ്ങളിൽ പ്രതിഷേധിച്ച് എൽഡിഎഫും യുഡിഎഫും ബിജെപിയും ആഹ്വാനം ചെയ്ത ഹർത്താൽ വയനാട്ടിൽ പൂർണ്ണം. വയനാട്ടിൽ മാത്രം കാട്ടാന ആക്രമണത്തിൽ കഴിഞ്ഞ 20 ദിവസത്തിനിടെ മൂന്നുപേർ മരിച്ച സാഹചര്യത്തിലാണ് എൽഡിഎഫും യുഡിഎഫും ബിജെപിയും ഹർത്താൽ പ്രഖ്യാപിച്ചത്. രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുവരെയാണ് ഹർത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. പ്രതിഷേധത്തിന്റെ ഭാഗമായി വാഹനങ്ങളടക്കം തടയുന്നുണ്ട്.

അതിനിടെ വയനാട് കത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന ശബ്ദ സന്ദേശം പ്രചരിപ്പിച്ച സംഭവത്തിൽ മാനന്തവാടി പൊലീസ് കലാപാഹ്വാനത്തിന് സ്വമേധയാ കേസെടുത്തു. രോഗിക്ക് എന്തെങ്കിലും സംഭവിച്ചാൽ വയനാട് കത്തിക്കണം, അതിനായി എല്ലാവരും ഒരുങ്ങിയിരിക്കണമെന്നാണു പ്രചരിക്കുന്ന ശബ്ദ സന്ദേശത്തിലുള്ളത്. സന്ദേശം പ്രചരിപ്പിച്ച ആൾക്കായി പൊലീസ് അന്വേഷണം തുടങ്ങി.

കാട്ടാനയുടെ ആക്രമണത്തിൽ ഗുരതരമായി പരുക്കേറ്റ കുറുവ ദ്വീപ് വിനോദ സഞ്ചാര കേന്ദ്രത്തിലെ ജീവനക്കാരൻ പുൽപ്പള്ളി പാക്കം വെള്ളച്ചാൽ പോളിനെ മാനന്തവാടി ആശുപത്രിയിൽ പ്രവേശിപ്പിച്ച പശ്ചാത്തലത്തിലായിരുന്നു ശബ്ദസന്ദേശം പ്രചരിച്ചത്. അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും പോളിന്റെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞിരുന്നില്ല. ഇന്ന് രാവിലെ 9.30ന് ചെറിയമല ജങ്ഷനിൽ വച്ചാണു പോളിനെ കാട്ടാന ആക്രമിച്ചത്.

ഇന്നലെ കാട്ടാന ആക്രമണത്തിൽ ഒരാൾ കൂടി കൊല്ലപ്പെട്ടതോടെ വയനാട്ടിൽ പ്രതിഷേധം ശക്തമാകുകയാണ്. പുൽപ്പള്ളി പാക്കം സ്വദേശി പോൾ ആണ് ഒടുവിലായി കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പോളിന്റെ മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഇന്നലെ രാത്രി തന്നെ പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയാക്കിയിരുന്നു.

ജനുവരി 30 ന് തോൽപ്പെട്ടി സ്വദേശി ലക്ഷ്മണനാണ് ഈ വർഷം ആദ്യം കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അതിനുശേഷം, ഫെബ്രുവരി പത്തിനാണ് കാട്ടാന ആക്രമണം ഉണ്ടായത്. മാനന്തവാടി പടമല സ്വദേശി അജീഷാണ് രണ്ടാമതായി കൊല്ലപ്പെട്ടത്. അജീഷിനെ ആക്രമിച്ച ബേലൂർ മഖ്‌നയെന്ന മോഴയാനയെ ഇതുവരെ പിടികൂടാനായിട്ടില്ല. ഇതിനിടെയാണ് ഒരാഴ്ചയ്ക്കിടെ ജില്ലയിൽ വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാളുടെ ജീവൻ കൂടി പൊലിഞ്ഞത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധം.

ജോലിക്ക് പോകുന്നതിനിടെ കാട്ടാനയെ കണ്ട് പോൾ ഭയന്നോടുകയും പിറകെയെത്തിയ കാട്ടാന വീണുപോയ പോളിന്റെ നെഞ്ചിൽ ചവിട്ടുകയുമായിരുന്നു. ഭയന്നോടിയപ്പോൾ താൻ കമിഴ്ന്ന് വീണെന്നും പിന്നാലെ വന്ന കാട്ടാന ചവിട്ടിയെന്നുമാണ് പോൾ പറഞ്ഞത്. ആക്രമണത്തിൽ പോളിന്റെ വാരിയെല്ലുകൾ ഉൾപ്പെടെ തകർന്നിരുന്നു. സമീപത്ത് ജോലി ചെയ്തിരുന്ന തൊഴിലുറപ്പ് തൊഴിലാളികൾ പോളിന്റെ നിലവിളി കേട്ട് ഓടിയെത്തുകയായിരുന്നു.

അവർ ഒച്ചവെച്ച് കാട്ടാനയെ ഓടിക്കുകയായിരുന്നു. ഉടനെ പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചു. അടിയന്തര ശസ്ത്രക്രിയയ്ക്ക് ശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ചികിൽസാ പിഴവും ആരോപിക്കുന്നുണ്ട്.