കൊച്ചി: ഹവാല ഇടപാടിന്റെ പേരിൽ, ജോയ് ആലൂക്കാസ് ചെയർമാൻ ജോയ് ആലുക്കാസ് വർഗ്ഗീസിന്റെ 305.84 കോടി വിലമതിക്കുന്ന ആസ്തികൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കഴിഞ്ഞ ദിവസം കണ്ടുകെട്ടിയിരുന്നു. ഫെമ നിയമലംഘനത്തിനാണ് നടപടി. ഇന്ത്യയിൽ നിന്ന് ഹവാല ചാനലുകൾ വഴി ദുബായിലേക്ക് കോടികൾ കടത്തിയതുമായി ബന്ധപ്പെട്ടാണ് കേസ്. ഈ തുക പിന്നീട് ജോയ് ആലുക്കാസിന്റെ 100 ശതമാനം ഉടമസ്ഥതയിലുള്ള ദുബായിലെ ജോയ് ആലുക്കാസ് ജൂവലറിയിൽ നിക്ഷേപിക്കുകയായിരുന്നു എന്ന് ഇഡി വ്യക്തമാക്കി.

കണ്ടുകെട്ടിയവയിൽ 81.54 കോടി രൂപ മൂല്യം വരുന്ന 33 സ്ഥാവര സ്വത്തുക്കളും ഉൾപ്പെടുന്നു. തൃശൂർ ശോഭാ സിറ്റിയിലെ ഭൂമിയും താമസിക്കുന്ന വീടും ഇതിൽ ഉൾപ്പെടുന്നുണ്ടെന്ന് പത്രക്കുറിപ്പ് പറയുന്നു. 91.22 ലക്ഷം രൂപയുടെ നിക്ഷേപമുള്ള 3 ബാങ്ക് അക്കൗണ്ടുകൾ അടക്കമാണ് മറ്റു കണ്ടുകെട്ടിയ ആസ്തികൾ. ജോയ് ആലുക്കാസ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ ഓഫീസ്, കമ്പനിയുടെ ഡയറക്ടറുടെ താമസസ്ഥലങ്ങൾ എന്നിവയുൾപ്പെടെ ജോയ് ആലുക്കാസ് ഗ്രൂപ്പിന്റെ അഞ്ച് സ്ഥലങ്ങളിൽ ഫെബ്രുവരി 22 ന് ഇഡി പരിശോധന നടത്തിയിരുന്നു.
ജോയ് ആലുക്കാസ് വർഗീസിന് കൈവിട്ട് പോകുന്നതിൽ അഭിമാനമായി കൊണ്ടു നടന്ന വീടും.തൃശൂർ സ്വരാജ് റൗണ്ടിലെ അമ്പതിനായിരം സ്‌ക്വയർ ഫീറ്റുള്ള വീടും ജോയ് ആലുക്കാസിന് നഷ്ടമാകും. ഹവാല ഇടപാടിന്റെ പേരിലാണ് എല്ലാം പോകുന്നത്.

ഈ പശ്ചാത്തലത്തിൽ, ജോയ് ആലുക്കാസിനും കമ്പനിക്കും എന്തുസംഭവിക്കുമെന്ന് വിലയിരുത്തുകയാണ് സാമ്പത്തിക വിദഗ്ധനായ ബൈജു സ്വാമി.

ബൈജു സ്വാമിയുടെ ഫേസ്‌ബുക്ക് കുറിപ്പ് ഇങ്ങനെ

ജോയ് ആലുക്കയുടെ കമ്പനിക്ക് എന്ത് പറ്റും, അയാളുടെ വീട് തിരിച്ചു കിട്ടുമോ എന്നൊക്കെ ചിലർ ചോദിക്കുന്നു. 2011 ൽ ഞാൻ ജോലി ചെയ്തിരുന്ന ഇനാം ഫിനാൻഷ്യൽ കൺസൾട്ടൻസും സിറ്റി ബാങ്കും ചേർന്ന് ജോയ് ആലുക്കയുടെ IPO ക്ക് സെബിയിൽ DRHP ഫയൽ ചെയ്തതും തുടർന്ന് ഇഷ്യുവിന്റെ ഡേറ്റ് അനൗൺസ് ചെയ്തു കൊണ്ട് മാധ്യമങ്ങളിൽ പരസ്യം ചെയ്യുകയും ചെയ്തിരുന്നു.

അന്ന് മെർച്ചന്റ് ബാങ്കേഴ്‌സ് ആയ ഞങ്ങളോട് ഇഷ്യു ഓപ്പൺ ചെയ്യുന്നതിന് ഏകദേശം ഒരു മാസം മാത്രം ഉള്ളപ്പോൾ അദ്ദേഹം ഇഷ്യു പോസ്റ്റ്പോൺ ചെയ്യാൻ ആവശ്യപ്പെട്ടു. അന്ന് കേന്ദ്രഭരണത്തിൽ ഇരുന്ന ചിദംബരത്തിന് ഇന്റലിജിൻസ് ബ്യുറോ പാസ്സ് ചെയ്ത രഹസ്യ വിവരം മൂലം ചിദംബരം അന്വേഷണത്തിന് ഉത്തരവ് ഇടുകയായിരുന്നു. പിന്നീട് അദ്ദേഹം ഇഷ്യു വേണ്ടെന്ന് വെച്ചു. ഇതൊക്കെ സെബി സൈറ്റിൽ ഉണ്ട്.

അന്ന് ഇന്റലിജിൻസ് ബ്യുറോയ്ക്ക് കത്തെഴുതിയത് മുഖ്യമന്ത്രി ആയിരുന്ന വി എസ് ആണെന്നും കൊച്ചിയിൽ നടന്ന ഒരു വൻ റിയൽ എസ്റ്റേറ്റ് ഇടപാട് സംബന്ധിച്ച് സൂചന കത്തിൽ ഉണ്ടായിരുന്നു എന്നും മുംബൈ grapevine പ്രബലം ആയിരുന്നു. ചുരുക്കി പറഞ്ഞാൽ അന്ന് മുതൽ ജോയ് PMLA സ്‌ക്രീനിങ്ൽ ആയിരുന്നു.

ഇനി ഇൻബോക്‌സിൽ ഉള്ള ചോദ്യത്തിന് ഉത്തരം. ജോയ് ആലുക്കാസ് ട്രേഡേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ 100% ഓഹരികളും കണ്ട് കെട്ടിയ സ്ഥിതിക്ക് ഇപ്പോൾ ആ കമ്പനി അദ്ദേഹത്തിന്റേത് അല്ല. അല്ലെങ്കിൽ കോടതി ഇടപെട്ട് സ്റ്റെ കൊടുക്കണം. അന്വേഷണം തുടരുന്ന സ്ഥിതിക്ക് കോടതി ഈ ഘട്ടത്തിൽ ഇടപെടാൻ സാധ്യത കുറവാണ്.

മറ്റൊരു കാര്യം അയാളുമായി സാമ്പത്തിക ഇടപാടുകൾ തുടർച്ചയായി നടത്തുന്നവരുടെ അടുക്കൽ ഇ ഡി എത്തിയേക്കാം. ജോയ് അലുക്കാസ് എന്ന ഇന്ത്യൻ ജുവേലറി കമ്പനി തത്വത്തിൽ നിലവിൽ ഇല്ല. ആ സ്ഥാപനത്തിൽ ഡെപ്പോസിറ്റ് ചെയ്തവരുടെ കാശ് ഇനി കമ്പനിയുടെ കേസ് കഴിഞ്ഞു മാത്രം മിച്ചം ഉണ്ടെങ്കിൽ തിരിച്ചു കിട്ടിയേക്കും.

ജോയ്ക്ക് വേറെയും വീടുകൾ ഉണ്ടെങ്കിൽ അറ്റാച് ചെയ്ത വീട് എവിക്ഷൻ ഉണ്ടാകും. ഞാൻ ഒരിക്കൽ എഴുതിയിട്ടുണ്ട് സ്വർണം കച്ചവടം പോലെ അധോലോകം, കള്ളപ്പണം, ഹവാല സ്വാധീനം ഉള്ള ഒരു ബിസിനസ് ഇല്ല. അവരുടെ കണക്കുകൾ ശെരിയെന്നോ കൃത്യമെന്നോ അവർക്ക് പോലും നിശ്ചയം ഉണ്ടാകില്ല. ആ ബിസിനസ്സിൽ ഉൾപ്പെട്ട എല്ലാവർക്കും ഇന്നല്ലെങ്കിൽ നാളെ ഇതേ പ്രശ്‌നം ഉണ്ടാകും എന്നുറപ്പാണ്.

ഇഡി പരിശോധനയിൽ ഹവാല ഇടപാടുകളിൽ ജോയ് ആലുക്കാസിന്റെ പങ്കാളിത്തം തെളിയിക്കുന്ന രേഖകൾ കണ്ടെത്തിയിരുന്നു. ഈ ഹവാല ഇടപാടിലൂടെ ലഭിച്ച പണം പിന്നീട് ജോയ് ആലുക്കാസ് വർഗീസിന്റെ പൂർണ ഉടമസ്ഥതയിലുള്ള കമ്പനിയായ ജോയ് ആലുക്കാസ് ജൂവലറി എൽഎൽസി, ദുബായിൽ നിക്ഷേപിച്ചു. ഇത്തരത്തിൽ നിയമവിരുദ്ധമായി കൈമാറ്റം ചെയ്യപ്പെട്ട കള്ളപ്പണത്തിന്റെ ഗുണഭോക്താവായി ജോയ് ആലുക്കാസ് വർഗീസ് മാറുകയും ഫെമ 1999 ലെ സെക്ഷൻ 37 എ പ്രകാരം നടപടിക്ക് ബാധ്യസ്ഥനാകുകയും ചെയ്തതായി ഇഡി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.

കണ്ടുകെട്ടിയ ആസ്തികളിൽ ഏറ്റവും മൂല്യമുള്ളത് ആലുക്കാസ് ഗ്രൂപ്പിന്റെ ഓഹരികൾക്കാണ്. ഗ്രൂപ്പിന്റെ 217. 81 കോടി രൂപ മൂല്യമുള്ള ഓഹരികളാണ് കണ്ടുകെട്ടിയത്. മൊത്തം 1,500 കോടി രൂപയാണ് കമ്പനിയുടെ അംഗീകൃത ഓഹരി മൂലധനം. 770.38 കോടി രൂപയാണ് പെയ്ഡ് അപ് ക്യാപിറ്റൽ. ജോയ് ആലുക്കാസ് വർഗീസ്, ജോൺ പോൾ ജോയ് ആലുക്കാസ് എന്നിവരുൾപ്പെടെ ആറ് ഡയറക്ടർമാരാണുള്ളത്.

2022 സാമ്പത്തിക വർഷത്തിലെ കമ്പനിയുടെ റിപ്പോർട്ട് പ്രകാരം മുൻ സാമ്പത്തിക വർഷം ജോയ് ആലുലുക്കാസ് ഇന്ത്യ ലിമിറ്റഡിന്റെ വിറ്റുവരവ് 500 കോടി രൂപയിൽ കൂടുതലാണ്. കമ്പനിയുടെ ആസ്തി 40.58 ശതമാനം വർദ്ധിച്ചിട്ടുണ്ട്. കമ്പനിയുടെ നികുതിക്ക് മുമ്പുള്ള വരുമാനം 28.80 ശതമാനമാണ് വർദ്ധിച്ചത്. കമ്പനിയുടെ മൊത്തം ആസ്തിയിൽ 19.41 ശതമാനം വർധനയുണ്ടായപ്പോൾ കമ്പനിയുടെ ബാധ്യതകൾ 8.85 വർദ്ധിച്ചു. കടം/ഓഹരി അനുപാതം 0.63 ശതമാനമാണ്. 2022 മാർച്ച് 31-ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ കമ്പനിയുടെ പ്രവർത്തന വരുമാനം 500 കോടി രൂപയിലധികമാണ്. ഇത്തരമൊരു സ്ഥാപനമാണ് ഇഡിയുടെ കണ്ണിലെ കരടാകുന്നത്.