കാസർകോഡ്: സംസ്ഥാന വ്യാപകമായി ഇന്ന് സബ് രജിസ്ട്രാർ ഓഫിസുകളിൽ വിജിലൻസ് മിന്നൽ റെയ്ഡ്. പരിശോധനയുടെ ഭാഗമായി കാസർകോഡ് ജില്ലയിൽ മഞ്ചേശ്വരം, നീലേശ്വരം സബ് രജിസ്ട്രാർ ഓഫീസുകളിൽ ഡി വൈ എസ് പി കെ.വി.വേണുഗോപാൽ ഇൻസ്‌പെക്ടർ സിബി തോമസ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി.

മഞ്ചേശ്വരത്ത് നടത്തിയ പരിശോധനയിൽ ഓഫിസ് സമയത്തിന് ശേഷം ഇന്നത്തെ രജിസ്‌ടേഷനുകൾക്ക് നൽകേണ്ട കൈക്കൂലി പണവുമായി വന്ന ആധാരം എഴുത്തുകാരിൽ നിന്നും 18000/ രൂപ ഓഫിസിനകത്ത് വെച്ച് ഡി വൈ എസ് പി വേണുഗോപാലും സംഘവും പിടിച്ചെടുത്തു. 'ഇന്നുമാത്രം 28 രജിസ്‌ട്രേഷനുകളാണ് മഞ്ചേശ്വരത്ത് നടന്നത്. ഒരു രജിസ്‌ട്രേഷൻ 1500 രൂപ വച്ചാണ് കൈക്കൂലി ഈടാക്കിയിരുന്നത്. ഈ മാമൂൽ നൽകിയില്ലെങ്കിൽ രജിസ്‌ട്രേഷന് പലവിധ തടസ്സങ്ങൾ ഉണ്ടാകും. പതിനെട്ടായിരം രൂപ പിടിച്ചെടുത്ത ആധാരം എഴുത്തുകാരൻ മാത്രം ഇന്ന് 9 രജിസ്‌ട്രേഷൻ ആണ് നടത്തിയത്. വിജിലൻസ് വന്ന വിവരം പ്രചരിച്ചില്ലായിരുന്നെങ്കിൽ മറ്റ് ആധാരം എഴുത്തുകാരും കൂടി വിജിലൻസിന്റെ കയ്യിൽ അകപ്പെടുമായിരുന്നു എന്ന് വിജിലൻസ് ഡിവൈഎസ്‌പി വേണുഗോപാൽ പറഞ്ഞു.

ഓഫീസുകളിൽ മറ്റ് നിരവധി ക്രമകേടുകളും വിജിലൻസ് സംഘം കണ്ടെത്തിയിട്ടുണ്ട് . ഡി വൈ എസ് പി യെ കൂടാതെ എസ് ഐ ഈശ്വരൻ നമ്പൂതിരി ,എ എസ് ഐ മധുസുദനൽ വി എം, സീനിയർ സിവിൽ പൊലീസ് ഓഫിസർ രഞ്ജിത് കുമാർ പി.കെ, ബിജു കെ.ബി, പ്രമോദ് കുമാർ, ജില്ലാ വ്യവസായ കേന്ദ്രം അസി ഡയരക്ടർ സജീർ കെ.പി എന്നിവരും നീലേശ്വരത്ത് ഇൻസ്‌പെക്ടർ സിബി തോമസും എ എസ് ഐ മാരായ രാധാകൃഷ്ണൻ, സതീശൻ പി.വി, പ്രിയ കെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സന്തോഷ് പി.വി. പടന്ന കൃഷി ഓഫിസർ പി. അംബുജാക്ഷൻ എന്നിവരുമുണ്ടായിരുന്നു.