തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ഇലക്ഷൻ കമീഷന്റെ തിരിച്ചറിയൽ കാർഡ് വ്യാജമായി നിർമ്മിച്ചത് നേതാക്കളുടെ അറിവോടെയാണെന്ന് പ്രത്യേക അന്വേഷക സംഘത്തിന് വിവരം ലഭിച്ചവെന്ന് റിപ്പോർട്ട്. തമിഴ് നടൻ അജിത്തിന്റെ ചിത്രം ഉപയോഗിച്ചും പ്രതികൾ കാർഡ് നിർമ്മിച്ചു. ഈ കാർഡിന്റെ ചിത്രം പൊലീസിന് പിടിയിലായവരുടെ മൊബൈലിൽ നിന്നും കിട്ടി. സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട രാഹുൽ മാങ്കൂട്ടത്തിലിനോട് ശനിയാഴ്ച മ്യൂസിയം പൊലീസ് സ്റ്റേഷനിൽ ചോദ്യംചെയ്യലിന് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം അറസ്റ്റിലായവർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നോട്ടീസ്. ചോദ്യം ചെയ്യലിന് മാങ്കൂട്ടത്തിൽ ഹാജരാകുമെന്നാണ് സൂചന.

കഴിഞ്ഞദിവസം അറസ്റ്റ് ചെയ്ത യൂത്ത് കോൺഗ്രസ്- കെഎസ്‌യു നേതാക്കളായ ഏഴംകുളം അറുകാലിക്കൽ പടിഞ്ഞാറ് അഭയം വീട്ടിൽ അഭിനന്ദ് വിക്രം (29), ഏഴംകുളം തൊടുവക്കാട് കുളിക്കുന്നുകുഴി ബിനിൽ ബിനു (21), അടൂർ നെല്ലിമൂട്ടിൽപ്പടി ചാർളി ഭവനിൽ ഫെന്നി നൈനാൻ (25) ബുധനാഴ്ച അറസ്റ്റുചെയ്ത പന്തളം കൂരമ്പാല വിഘ്നേശ്വരം വീട്ടിൽ വികാസ് കൃഷ്ണൻ (42) എന്നിവരെ തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേട്ട് കോടതിയിൽ ഹാജരാക്കി. നാലുപേർക്കും കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ഇന്ന് രാവിലെ 11 ന് ഇവർ വീണ്ടും കോടതിയിൽ ഹാജരാകണം. തുടർനടപടി അപ്പോൾ തീരുമാനിക്കുമെന്നും കോടതി അറിയിച്ചു.

വ്യാജ കാർഡുകൾ തയ്യാറാക്കിയത് വികാസ് കൃഷ്ണനാണെന്ന് കണ്ടെത്തിയതോടെയാണ് ഇയാളെയും അറസ്റ്റ് ചെയ്തത്. ഇവരെല്ലാം രാഹുലിന്റെ സന്തത സഹചാരികളും എ ഗ്രൂപ്പുകാരുമാണ്. രാഹുലിന്റെ സമൂഹമാധ്യമ പ്രചാരണസംഘത്തിലെ പ്രധാനിയാണ് ഫെന്നി നൈനാൻ. ഇവരിൽനിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണുകൾ, ലാപ്ടോപ് തുടങ്ങിയവയിൽനിന്ന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചതിന്റെ തെളിവുകൾ ലഭിച്ചിരുന്നു. പത്തനംതിട്ട ചൂരക്കോട്ടെയും തുമ്പമണ്ണിലെയും രണ്ട് യൂത്ത് കോൺഗ്രസ് നേതാക്കളെയും പൊലീസ് തെരയുന്നുണ്ട്. വ്യാജ കാർഡ് നിർമ്മാണത്തിന് കടമ്പനാട്ടെ പ്രവാസിയുടെ ആൾതാമസമില്ലാത്ത വീട് ഉപയോഗിച്ചതായും വിവരമുണ്ട്.

യൂത്ത്കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചുനൽകിയത് അറസ്റ്റിലായ വികാസ് കൃഷ്ണൻ ആണെന്നാണ് പൊലീസ് പറയുന്നത്.. എഡിറ്റിങ്, ഫോട്ടോഷോപ് വൈദഗ്ധ്യം പരിഗണിച്ച് കാർഡ് നിർമ്മാണം വികാസിനെ ഏൽപിച്ചത്. ആദ്യം പിടിയിലായ അഭിനന്ദ് വിക്രമൻ, ബിനിൽ ബിനു, ഫെന്നി നൈനാൻ എന്നിവർ 'മുകളിൽ'നിന്നുള്ള നിർദേശപ്രകാരമാണ് വികാസിനെ ദൗത്യം ഏൽപിച്ചത്. ആരുടെയൊക്കെ തിരിച്ചറിയൽ കാർഡ് നിർമ്മിക്കണം എന്നവിവരം അഭിനന്ദും ബിനിലും ഫെന്നിയും വികാസിന് കൈമാറിയിരുന്നുവെന്ന് റിപ്പോർട്ടുണ്ട്.

വികാസ് വാട്സാപ്പിലൂടെ അയച്ചുനൽകിയ കാർഡുകൾ മൂവരും ചേർന്ന് ആപ്പിൽ അപ്ലോഡ് ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്. വ്യാജ കാർഡ് നിർമ്മിച്ചുനൽകിയതിന് ദിവസം ആയിരം രൂപ നിരക്കിൽ പണം ലഭിച്ചെന്ന് വികാസ് കൃഷ്ണൻ പൊലീസിനോട് സമ്മതിച്ചു. 30 ദിവസം ജോലി ചെയ്തു എന്നാണ് വികാസിന്റെ മൊഴി. ഇയാളുടെ ബാങ്ക് രേഖകൾ പരിശോധിച്ച് പണം കൈപ്പറ്റിയതിന്റെ തെളിവ് അന്വേഷണ സംഘം ശേഖരിച്ചിട്ടുണ്ട്. ബുധൻ രാത്രിയും പത്തനംതിട്ടയിൽ വിവിധയിടങ്ങളിൽ പൊലീസ് റെയ്ഡ് തുടരുകയാണ്.

25 ഓളം വ്യാജ കാർഡുകൾ പൊലീസ് കണ്ടെടുത്തിരുന്നു. അഭിനന്ദിന്റെ ഫോൺ, ബിനിലിന്റെ ലാപ്‌ടോപ് എന്നിവയിൽ നിന്നാണ് കാർഡിന്റെ പകർപ്പുകൾ ലഭിച്ചത്. പ്രതികൾക്കെതിരെ കൂടുതൽ ഡിജിറ്റൽ തെളിവുകൾ ഉണ്ടെന്നും പൊലീസ് പറഞ്ഞു. ഇതിൽ നിന്നാണ് നടൻ അജിത്തിന്റെ തിരിച്ചറിയിൽ വ്യാജനേയും കിട്ടിയത്. തമിഴ് സൂപ്പർ താരമായ അജിത് തമിഴ് സിനിമയിലെ 'തല'യാണ്. ്മലയാളിയായ ശാലിനിയുടെ ഭർത്താവ്. ഇങ്ങനെ നിരവധി രസകരമായ തിരിച്ചറിയിൽ കാർഡ് വിവരങ്ങൽക ിട്ടിയെന്നാണ് പൊലീസ് നൽകുന്ന സൂചന.

ചൂരക്കോട്ടെയും തുമ്പമണ്ണിലെയും യൂത്ത് കോൺഗ്രസ് നേതാക്കൾക്കും വ്യാജ കാർഡ് നിർമ്മാണത്തിൽ പങ്കുള്ളതായും പൊലീസ് സംശയിക്കുന്നു. അടൂരിലെ എല്ലാ മണ്ഡലം കമ്മിറ്റികളിലും സംഘടനാ തെരഞ്ഞെടുപ്പിന് വ്യാജ കാർഡ് ഉപയോഗിച്ചുവെന്ന് പൊലീസ് പറയുന്നു. വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മിച്ചത് കടമ്പനാട്ടെ പ്രവാസിയുടെ ഒഴിഞ്ഞുകിടക്കുന്ന വീട് കേന്ദ്രീകരിച്ചാണെന്ന് സൂചന. കടമ്പനാട്ടുള്ള ട്യൂഷൻ സെന്ററിന് സമീപത്തെ പ്രവാസിയുടെ ആഡംബര വീടാണിതെന്നാണ് റിപ്പോർട്ട്.

കടമ്പനാട് ജങ്ഷനിലും പറക്കോട് ജങ്ഷന് സമീപവും പ്രവർത്തിക്കുന്ന ഹെഡ് സോൺ എന്ന ബ്യൂട്ടി പാർലർ കേന്ദ്രീകരിച്ചും വ്യാജ തിരിച്ചറിയൽ കാർഡ് നിർമ്മാണം നടന്നതായി പൊലീസ് സംശയിക്കുന്നുണ്ടെന്ന് പൊലീസ് പറയുന്നു.