ഒട്ടാവ: പുറപ്പെടുന്നതിന് തൊട്ടു മുമ്പ് യാത്രക്കാരൻ വാതിൽ തുറന്ന് പുറത്തേക്ക് ചാടിയതിനെ തുടർന്ന് വിമാനം ആറ് മണിക്കൂർ വൈകി. എയർ കാനഡയുടെ ദുബായ് വിമാനമാണ് വൈകിയത്. ടൊറന്റോ പീയേഴ്‌സൺ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. വിമാനത്തിൽ കയറിയ യാത്രക്കാരൻ കാബിൻ ഡോർ തുറന്ന് പുറത്തേക്ക് ചാടുകയായിരുന്നു.

തിങ്കളാഴ്ചയാണ് സംഭവമുണ്ടായത്. 20 അടി ഉയരത്തിൽ നിന്ന് ചാടിയ ഇയാൾക്ക് പരിക്കേറ്റു. സംഭവത്തെ തുടർന്ന് പൊലീസും ആംബുലൻസും വിമാനത്താവളത്തിലേക്ക് എത്തി. യാത്രക്കാരൻ ചാടിയതിനെ തുടർന്ന് ആറ് മണിക്കൂറോളമാണ് വിമാനം പുറപ്പെടാൻ വൈകിയത്. 319 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.

നടപടിക്രമങ്ങൾ പാലിച്ചാണ് യാത്രക്കാരെ മുഴുവൻ വിമാനത്തിൽ കയറ്റിയതെന്ന് എയർ കാനഡ വ്യക്തമാക്കി. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുമെന്നും വിമാന കമ്പനി അറിയിച്ചു. യാത്രക്കാരൻ മാനസികസമ്മർദം അനുഭവിച്ചിരുന്നുവെന്ന സൂചന പൊലീസ് നൽകിയിട്ടുണ്ട്.

നേരത്തെ 16കാരൻ കുടുംബാംഗത്തെ ആക്രമിച്ചതിനെ തുടർന്ന് കനേഡിയൻ വിമാനം വഴിതിരിച്ച് വിട്ടിരുന്നു. ജനുവരി മൂന്നിനാണ് ടൊന്റോയിൽ നിന്നും കാൽഗറിയിലേക്ക് തിരിച്ച വിമാനം വഴിതിരിച്ചു വിട്ടത്.