റിയാദ്: സൗദി അറേബ്യയിൽ വ്യാജ ഇന്ധനം വിൽപ്പന നടത്തിയ സൗദി പൗരനായ ഗ്യാസ് സ്റ്റേഷൻ ഉടമ പിടിയിൽ. സൗദി വാണിജ്യ മന്ത്രാലയമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. വാണിജ്യ വഞ്ചന നിയമം ലംഘിച്ച ഇയാളെ ജിസാൻ മേഖലയിലെ ക്രിമിനൽ കോടതി വിധിക്ക് ശേഷമാണ് അറസ്റ്റ് ചെയ്തത്.

ജിസാൻ മേഖലയിലെ ക്രിമിനൽ കോടതി പ്രതിക്കെതിരെ പിഴ വിധിച്ചിട്ടുണ്ട്. തനിക്കെതിരെ പുറപ്പെടുവിച്ച വിധി ഇയാൾ സ്വന്തം ചെലവിൽ രണ്ടു പത്രങ്ങളിൽ പ്രസിദ്ധീകരിക്കാനും ഉത്തരവിട്ടിട്ടുണ്ട്. പരിശോധനയിൽ ഇന്ധനത്തിൽ മറ്റ് വസ്തുക്കൾ കലർത്തുന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് നടപടിയെടുത്തത്.

വാണിജ്യ വിരുദ്ധ തട്ടിപ്പിന് രണ്ടു ദശലക്ഷം റിയാൽ വരെ പിഴയോ മൂന്നു വർഷം തടവും അല്ലെങ്കിൽ രണ്ടും കൂടിയോ ആണ് ശിക്ഷയായി ലഭിക്കുക. ഇതിന് പുറമെ നിയമലംഘകരെ അപകീർത്തിപ്പെടുത്തുന്നതിനും സൗദി പൗരന്മാർ അല്ലാത്തവരെ രാജ്യത്ത് നിന്ന് നാടുകടത്തുന്നതിനും വ്യവസ്ഥയുണ്ട്.