വാഷിങ്ടൺ: ഇസ്രയേൽ-ഹമാസ് വെടിനിർത്തലിന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൺ ഇടപെടണം എന്നാവശ്യപ്പെട്ട് വൈറ്റ് ഹൗസ് ഗേറ്റുകൾ ഉപരോധിച്ച ജൂത പ്രതിഷേധക്കാർ അറസ്റ്റിൽ. അനധികൃതമായി പ്രവേശിച്ചതിനും ഗേറ്റുകൾ ഉപരോധിച്ചതിനുമാണ് 30ലധികം പേരെ യു.എസ് രഹസ്യാന്വേഷണ വിഭാഗം അറസ്റ്റ് ചെയ്തത്.

'ജൂയിഷ് വോയിസ് ഫോർ പീസ്', 'ഈഫ് നോട്ട് നൗ' എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ജൂത ഗാനങ്ങൾ ആലപിച്ചും യുദ്ധവിരുദ്ധ പ്ലക്കാർഡുകൾ ഉയർത്തിയും പ്രതിഷേധം അരങ്ങേറിയത്. ഗസ്സയിൽ കൂടുതൽ ശക്തമായ ആക്രമണത്തിന് ഇസ്രയേൽ തയ്യാറെടുക്കുന്നെന്നും ബൈഡൻ ബുധനാഴ്ച ഇസ്രയേൽ സന്ദർശിക്കുമെന്നുമുള്ള റിപ്പോർട്ടുകൾക്കിടെയാണ് പ്രതിഷേധം. 1500ലധികം വരുന്ന പ്രതിഷേധക്കാർ വൈറ്റ് ഹൗസിന്റെ നാല് ഗേറ്റുകൾ ഉപരോധിച്ചു.

സംഘർഷത്തിൽ ബൈഡൻ ഇസ്രയേലിന് പൂർണ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇസ്രയേലിൽ ഹമാസ് നടത്തിയ ആക്രമണത്തിൽ ഇതുവരെ 1400 പേർ കൊല്ലപ്പെട്ടപ്പോൾ ഗസ്സയിൽ ഇസ്രയേൽ ആക്രമണത്തിൽ 2700ലധികം ഫലസ്തീനികൾക്കാണ് ജീവൻ നഷ്ടമായത്.