റിയാദ്: സൗദി അറേബ്യയിൽ മിന്നലേറ്റ് യുവാവ് മരിച്ചു. ഇയാളുടെ ഭാര്യക്ക് പരിക്കേറ്റു. യുവാവ് കുടുംബത്തോടൊപ്പം മലമുകളിലേക്ക് യാത്ര പോയപ്പോഴാണ് മിന്നലേറ്റത്. തെക്ക് പടിഞ്ഞാറൻ സൗദിയിലെ മുഹൈൽ അസീർ ഗവർണറേറ്റിൽ വ്യാഴാഴ്ചയാണ് സംഭവം ഉണ്ടായതെന്ന് പ്രാദേശിക ന്യൂസ് പോർട്ടലിനെ ഉദ്ധരിച്ച് 'ഗൾഫ് ന്യൂസ്' റിപ്പോർട്ട് ചെയ്തു.

ഗുരുതര പരിക്കേറ്റ യുവാവിന്റെ ഭാര്യയെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നാലും രണ്ടും വയസ്സുള്ള കുട്ടികളും അപകടത്തിൽ നിന്ന് രക്ഷപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. വ്യാഴാഴ്ച മുഹൈൽ അസീറിൽ കനത്ത മഴ പെയ്തിരുന്നു. കഴിഞ്ഞ മാസം ജിസാനിൽ ഒരു യുവാവും മിന്നലേറ്റ് മരണപ്പെട്ടിരുന്നു. ഇയാളുടെ രണ്ട് ബന്ധുക്കൾക്ക് പരിക്കേൽക്കുകയും ചെയ്തു.