യുക്രൈന് മേൽ വീണ്ടും ആണവായുധ ഭീഷണി മുഴക്കി റഷ്യ. യുക്രെയ്‌നിലെ റഷ്യ അനുകൂല വിമതമേഖലകളിലെ ഹിതപരിശോധനയുടെ അവസാന ദിവസമായ ഇന്നലെ റഷ്യ വീണ്ടും ആണവ ഭീഷണി മുഴക്കി രംഗത്തെത്തുകയായരുന്നു. എന്നാൽ വിരട്ടാൻ നോക്കേണ്ടെന്ന് യുക്രൈൻ പ്രസിഡന്റ് വ്‌ലാഡിമർ സെലൻസ്‌കി പറഞ്ഞു.

റഷ്യയോടു കൂട്ടിച്ചേർക്കപ്പെടുന്ന യുക്രൈൻ പ്രദേശങ്ങളെ യുക്രെയ്ൻ ആക്രമിച്ചാൽ ആണവായുധങ്ങൾ പ്രയോഗിക്കുമെന്നും നാറ്റോ നേരിട്ടു യുദ്ധത്തിനിറങ്ങാൻ മടിക്കുമെന്നും റഷ്യയുടെ സുരക്ഷാ സമിതി ഉപാധ്യക്ഷൻ ദിമിത്രി മെദ്‌വെദേവ് വ്യക്തമാക്കി. ഹിതപരിശോധന നടന്ന ഡോണെറ്റ്‌സ്‌ക്, ലുഹാൻസ്‌ക്, ഹേഴ്‌സൻ, സാപൊറീഷ്യ പ്രവിശ്യകൾ റഷ്യയുടെ ഭാഗമായി പുട്ടിൻ 30ന് പാർലമെന്റിൽ പ്രഖ്യാപിക്കും. യുക്രെയ്‌നിനെതിരെ ആണവായുധം പ്രയോഗിച്ചാൽ റഷ്യ വലിയ വിലകൊടുക്കേണ്ടി വരുമെന്ന് യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജെയ്ക് സള്ളിവൻ പ്രതികരിച്ചു.

ആണവായുധ ഭീഷണി യുദ്ധത്തിൽ തോറ്റ റഷ്യയുടെ വിരട്ടൽ തന്ത്രമാണെന്നും ഫലിക്കില്ലെന്നും യുക്രെയ്‌നും യൂറോപ്യൻ രാജ്യങ്ങളും വ്യക്തമാക്കി. റഷ്യയ്‌ക്കെതിരെ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്താൻ യൂറോപ്യൻ യൂണിയൻ തീരുമാനിച്ചു. യുക്രെയ്‌നിനെതിരെ പ്രചാരണത്തിന് റഷ്യ ഉപയോഗിക്കുന്ന 1600 വ്യാജ അക്കൗണ്ടുകൾ ഫേസ്‌ബുക് നീക്കം ചെയ്തതായി മെറ്റ കമ്പനി അറിയിച്ചു.

ഇതേസമയം, കിഴക്കൻ യുക്രെയ്‌നിലെ ഡോണെറ്റ്‌സ്‌കിലും തെക്ക് ഹേഴ്‌സനിലും സംഘർഷം രൂക്ഷമായി. കൂടുതൽ മുന്നേറാൻ യുക്രെയ്‌നും ഹിതപരിശോധന പൂർത്തിയാക്കി സ്വന്തമാക്കാൻ റഷ്യയും ആക്രമണം കടുപ്പിച്ചു. ഷെല്ലാക്രമണത്തിൽ ഹേഴ്‌സനിൽ 3 പേർ കൊല്ലപ്പെട്ടു.