റിയാദ്: ലോകകപ്പ് ഫുട്‌ബോൾ കഴിഞ്ഞതോടെ ഖത്തറിലേക്കുള്ള സൗദി പൗരന്മാരുടെ യാത്രാനടപടിയിൽ മാറ്റം വരുത്തി ഭരണകൂടം. ലോകകപ്പിന് മുമ്പുണ്ടായിരുന്ന പതിവ് നടപടിക്രമങ്ങളിലേക്ക് മാറ്റിയെന്ന് സൗദി ജവാസത്ത് ഡയറക്ടറേറ്റ് അറിയിച്ചു. പാസ്പോർട്ടോ ദേശീയ ഐഡിയോ ഉപയോഗിച്ച് പൗരന്മാർക്ക് ഖത്തറിലേക്ക് യാത്ര ചെയ്യാം.

ഗൾഫ് രാജ്യങ്ങളിലേക്ക് പോകുന്ന സൗദി പൗരന്മാരുടെ പാസ്‌പോർട്ടുകളിൽ മൂന്നു മാസത്തിൽ കുറയാത്ത കാലാവധി ഉണ്ടായിരിക്കണം. പാസ്‌പോർട്ടുകൾ എല്ലാവരും നന്നായി സൂക്ഷിക്കണം. ഇവ പണയം വെക്കാനോ സുരക്ഷിതമല്ലാത്ത സ്ഥലങ്ങളിൽ വെക്കാനോ പാടില്ലെന്നും ജവാസാത്ത് ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.

ഗൾഫ് പൗരന്മാർക്ക് തിരിച്ചറിയൽ കാർഡ് മാത്രം ഉപയോഗിച്ച് ജി.സി.സി രാജ്യങ്ങൾ സന്ദർശിക്കാൻ നേരത്തെ മുതൽ അനുമതിയുണ്ട്. എന്നാൽ ലോകകപ്പ് പ്രമാണിച്ചുള്ള നിയന്ത്രണങ്ങളുടെ ഭാഗമായി ഗൾഫ് പൗരന്മാർ തിരിച്ചറിയൽ കാർഡിൽ ഖത്തറിൽ പ്രവേശിക്കുന്നത് താൽക്കാലികമായി വിലക്കുകയായിരുന്നു. ഫുട്ബാൾ മത്സരത്തിന്റെ ടിക്കറ്റും 'ഹയ്യാ' കാർഡും നേടി പാസ്‌പോർട്ടുകൾ ഉപയോഗിച്ച് ഖത്തറിൽ പ്രവേശിക്കണമെന്നായിരുന്നു വ്യവസ്ഥ. ടിക്കറ്റില്ലാതെ 'ഹയ്യാ' പ്ലാറ്റ്‌ഫോമിൽ രജിസ്റ്റർ ചെയ്തു മാത്രം ഖത്തറിൽ പ്രവേശിക്കാനും പിന്നീട് അനുമതി നൽകിയിരുന്നു.

അതേസമയം ലോകകപ്പ് അവസാനിച്ചതോടെ ഖത്തറിലേക്കുള്ള വിസ നടപടികൾ പുനഃസ്ഥാപിച്ചു. ഓൺ അറൈവൽ സംവിധാനം വഴി വിദേശികൾക്ക് ഖത്തറിലേക്ക് പ്രവേശിക്കാം. ഇന്ത്യ, പാക്കിസ്ഥാൻ, തായ്ലാൻഡ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്ക് ഓൺ അറൈവൽ കാലയളവിലേക്ക് ഡിസ്‌കവർ ഖത്തർ വഴി ഹോട്ടൽ ബുക്കിങും നിർബന്ധമാണ്.

ഓൺ അറൈവൽ വിസാ കാലാവധി പരമാവധി 30 ദിവസമാണ്. ഖത്തറിൽ തുടരുന്ന കാലയളവ് വരെ ഹോട്ടൽ ബുക്കിങ് ആവശ്യമാണ്. ഹോട്ടൽ ബുക്കിങ് എത്ര ദിവസം എന്നത് അനുസരിച്ചാണ് വിസ അനുവദിക്കുന്നത്. എല്ലാ വിമാന കമ്പനികൾക്കും യാത്രാ ഏജൻസികൾക്കും ഇതു സംബന്ധിച്ച സർക്കുലർ സിവിൽ ഏവിയേഷൻ അഥോറിറ്റി നൽകിയിട്ടുണ്ട്. ഓൺ അറൈവൽ വിസയിൽ എത്തുന്നവരുടെ കൈവശം ആറുമാസം കാലയളവുള്ള പാസ്പോർട്ട്, സ്ഥിരീകരിച്ച റിട്ടേൺ ടിക്കറ്റ്, സ്ഥിരീകരിച്ച ഹോട്ടൽ ബുക്കിങ് എന്നിവ ഉണ്ടായിരിക്കണം.