ഇസ്‌ലാമാബാദ്: കഴിഞ്ഞ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപിച്ചതോടെ സിംബാബ്‌വെക്ക് ക്രിക്കറ്റ് ലോകത്ത് വലിയ വാർത്താ പ്രാധാന്യമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ട്വന്റി20 ലോകകപ്പിൽ സെമി പ്രതീക്ഷകൾക്ക് മങ്ങലേറ്റ പാക്കിസ്ഥാന്റെ ആരാധകർക്കാകട്ടെ ഇപ്പോൾ ഇന്ത്യ ഏത് വിധേനയും തോറ്റ് കണ്ടാൽ മതിയെന്ന ചിന്തയാണ്.

കഴിഞ്ഞ മത്സരത്തിൽ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയ ഇന്ത്യയുടെ അടുത്ത മത്സരത്തിലെ എതിരാളികൾ സിംബാബ്വെയാണ്.മത്സരത്തിൽ സിംബാബ്‌വെ ഇന്ത്യയെ പരാജയപ്പെടുത്തിയാൽ സിംബാബ്‌വെ പൗരനെ വിവാഹം ചെയ്യുമെന്ന് ട്വീറ്റ് ചെയ്തിരിക്കയാണ് പാക് നടി സെഹർ ഷിൻവാരി.ഇന്ത്യയും ബംഗ്ലാദേശും തമ്മിലുള്ള മത്സരത്തിനിടെ, ഇന്ത്യയുടെ പരാജയമാണ് ആഗ്രഹിക്കുന്നതെന്ന് കാണിച്ചും ഷിൻവാരി നിരവധി തവണയാണ് ട്വീറ്റ് ചെയ്തത്.

''അവരുടെ ടീം അദ്ഭുതകരമായി ഇന്ത്യയെ പരാജയപ്പെടുത്തുകയാണെങ്കിൽ തീർച്ചയായും ഞാൻ സിംബാബ്‌വെ പൗരനെ വിവാഹം കഴിക്കും''-എന്നായിരുന്നു ഷിൻവാരിയുടെ ട്വീറ്റ്.850ലേറെ യൂസർമാരാണ് അവരുടെ പോസ്റ്റ് ലൈക് ചെയ്തത്.നടിയുടെ ട്വീറ്റിന് പിന്നാലെ വലിയ രീതിയിലുള്ള ട്രോളുകളുടെ പൊങ്കാലയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നത്.

ഇങ്ങനെ പോയാൽ ജീവിതകാലം മുഴുവൻ അവിവാഹിതയായി തുടരേണ്ടി വരുമെന്നതടക്കം രസകരമായ ട്രോളുകളും കമന്റുകളുമാണ് ട്വീറ്റിന് താഴെ നിറയുന്നത്.നേരത്തേ അവർ നടത്തിയ പ്രവചനങ്ങൾ ചൂണ്ടിക്കാട്ടിയും ഒട്ടേറെ ട്രോളുകൾ നിറയുന്നുണ്ട്.ട്വീറ്റുകളുടെ പേരിൽ ഇത് ആദ്യമായല്ല ഷിൻവാരി വാർത്തയിൽ നിറയുന്നത്.

സിംബാബ്‌വെയോട് ഒരു റൺസിന് പാക്കിസ്ഥാൻ പരാജയപ്പെട്ടതോടെയാണ് ഇന്ത്യക്കെതിരെ പാക് ആരാധകർ രംഗത്തു വന്നിരിക്കുന്നത്.നേരത്തെ പ്രശസ്ത പാക് ബൗളർ ഷുഹൈബ് അക്തർ പാക്കിസ്ഥാന് പിന്നാലെ ഇന്ത്യയും നാട്ടിലേക്ക് വണ്ടികയറും എന്ന് പറഞ്ഞതു ഏറെ ചർച്ചകൾക്ക് വഴിവെച്ചിരുന്നു.ഞായറാഴ്ചയാണ് ഇന്ത്യയും സിംബാബ്‌വെയും തമ്മിലുള്ള മത്സരം.