ഗസ്സ സിറ്റി: ഗസ്സയിൽ ഇസ്രയേലിന്റെ രണ്ടു സൈനികർ കൂടി കൊല്ലപ്പെട്ടു. ഹമാസുമായുള്ള ഏറ്റുമുട്ടലിൽ രണ്ടു സൈനികർകൂടി കൊല്ലപ്പെട്ടതായി ഇസ്രയേൽ സ്ഥിരീകരിച്ചു. വടക്കൻ ഗസ്സയിലെ ഏറ്റുമുട്ടലിലാണ് രണ്ടു സൈനികർ കൊല്ലപ്പെട്ടത്. ഇന്നലെ ഇസ്രയേലിന്റെ നാലു സൈനികർ കൊല്ലപ്പെട്ടിരുന്നു.

അതേസമയം, ജബലിയ, നുസൈറാത്ത് അഭയാർഥി ക്യാമ്പുകളിലും ശുജയ്യ, തൂഫ, ദറാജ് പ്രദേശങ്ങളിലെ വീടുകളിലും ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ 135 പേരാണ് കൊല്ലപ്പെട്ടത്. അൽശിഫ ആശുപത്രിക്കു സമീപം 26 ഫലസ്തീനികളെ ഇസ്രയേൽ സൈന്യം വെടിവെച്ചുകൊല്ലുകയും ചെയ്തിരുന്നു. ഗസ്സയിലെ മൊത്തം മരണം 19,453 ആയതായും 52,286 പേർക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം അറിയിച്ചു.

നേരത്തെ സുരക്ഷിത മേഖലയായി പ്രഖ്യാപിച്ചിരുന്ന തെക്കൻ ഗസ്സയിലെ റഫയിലെ പാർപ്പിട കെട്ടിടങ്ങൾ ലക്ഷ്യമിട്ട് ഇസ്രയേൽ സൈന്യം നടത്തിയ ആക്രമണത്തിൽ 29 പേർ കൊല്ലപ്പെട്ടു. മാധ്യമപ്രവർത്തകൻ ആദിൽ സഅറബ് കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. ഇതോടെ ഗസ്സയിൽ ഇസ്രയേൽ അധിനിവേശ സേന കൊന്ന മാധ്യമപ്രവർത്തകരുടെ എണ്ണം 97 ആയി.

അതിനിടെ, അമേരിക്കൻ ചാരസംഘടനയായ സിഐ.എ ഡയറക്ടർ ബിൽ ബേൺസും ഇസ്രയേൽ രഹസ്യാന്വേഷണ ഏജൻസി മൊസാദിന്റെ തലവൻ ഡേവിഡ് ബെർണിയയും ഖത്തർ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിൻ അബ്ദുറഹ്മാൻ ആൽഥാനിയുമായി ചർച്ചക്കായി പോളണ്ട് തലസ്ഥാനമായ വാഴ്‌സോയിലെത്തി.