ലണ്ടൻ: കൊലപാതകങ്ങൾ തുടർക്കഥയാകുന്ന ബ്രിട്ടനിൽ നിന്നും വീണ്ടും വരുന്നതുകൊലപാതകങ്ങളുടെ കഥകൾ തന്നെയാണ്. ബ്ലാക്ക്പൂളിൽ ബാൻക്രോഫ്റ്റ് പാർക്കിൽ മനുഷ്യന്റെ ക്രൂരതയിൽ ജീവൻ പൊലിഞ്ഞത് ഒരു 12 കാരനായിരുന്നു. കൂട്ടുകാരനുമൊത്ത് പാർക്കിൽ ഇരിക്കുന്ന ബാലന്റെ സമീപത്തേക്ക് രണ്ട് പുരുഷന്മാർ എത്തി ഒരു മാജിക്ക് കാണണമോ എന്ന് ചോദിക്കുകയായിരുന്നു. പിന്നീട് ആ ബാലന്റെ ടീഷർട്ടിന് അവർ തീകൊളുത്തി.

അതീവ ഗുരുതരമായി പൊള്ളലേറ്റ ബാലനെ രണ്ട് വഴിപോക്കരായിരുന്നു അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചത്. ചൊവ്വാഴ്‌ച്ച നവംബർ ഒന്നിന് രാത്രി 8 മണിക്കും 9 മണിക്കും ഇടയിലായിരുന്നു ഈ സംഭവം നടന്നത്. അക്രമികളിൽ ഒരാൾ നല്ല ഉയരത്തിലുള്ള കറുത്ത വസ്ത്രം ധരിച്ച ഒരാളാണെന്ന് ഈ ബാലന്റെ കൂടെയുള്ള സുഹൃത്ത് പറഞ്ഞു. കറുത്ത മാസ്‌കും അയാൾ ധരിച്ചിരുന്നു. മറ്റെയളും കറുത്ത വസ്ത്രവും മാസ്‌കും ധരിച്ചിരുന്നെങ്കിലും ഉയരം കുറവായിരുന്നു എന്നും ഈ സുഹൃത്ത് പറയുന്നു.

തികച്ചും നിന്ദ്യമായ അക്രമാണിതെന്ന് ബ്ലാക്ക്പൂൾ സി ഐ ഡി ക്രിസ്റ്റി വാട്ട് പറഞ്ഞു. പൊലീസ് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും വിവരങ്ങൾ ലഭിച്ചാൽ പൊലീസിനെ അറിയിക്കണം എന്ന് സമീപ വാസികളെ അറിയിച്ചിട്ടുണ്ട്. സമീപത്തുള്ള സി സി ടി വി ദൃശ്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചാണ് ഇപ്പോൾ അന്വേഷണം മുൻപോട്ട് പോകുന്നത്. ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സൂചനകൾ ലഭിക്കുന്നവർക്ക് 101 എന്ന നമ്പറിൽ വിളിച്ച് 1344/നവംബർ 1 എന്ന റെഫറൻസോടെ അറിയിക്കാവുന്നതാണ്.

കാമുകിയെ കഴുത്തു ഞെരിച്ചു കൊന്ന് കാമുകന്റെ ക്രൂരത

പ്രണയത്തിലായിട്ട് കേവലം ഒരു മാസം മാത്രം. മാന്യനായ വ്യക്തിയാണ് തന്റെ കാമുകൻ എന്ന് സ്വന്തം പിതാവിനോട് പറഞ്ഞ് പുറത്തിറങ്ങി ഒരു മണിക്കൂർ കഴിയും മുൻപ് തന്നെ ആ കാമുകന്റെ കൈകൊണ്ട് ദയനീയ മരണം. കേട്ടാൽ വിശ്വസിക്കാൻ തോന്നാതത്ര വിചിത്ര സംഭവങ്ങളാണ് ഇവിടെ നടക്കുന്നത്. ഹുമൻ റിസോഴ്സ് അഡ്വൈസർ ആയ മേഗൻ ന്യു ബറോ എന്ന 23 കാരിക്കാണ് ഈ ദുരവസ്ഥയുണ്ടായത്. തന്റെ കാമുകനായ റോസ് മെക്കള്ളമിന്റെ വീട് ആദ്യമായി സന്ദർശിക്കാൻ എത്തിയപ്പോഴാണ് ഇത് സംഭവിച്ചത്.

കഴുത്തു ഞെരിച്ച് കൊന്നതിനു ശേഷം മരണം ഉറപ്പാക്കാനായി, കഴുത്ത് അറുത്തു. പിന്നീട് തന്റെ സ്വന്തം കാറിൽ ആ മൃതദേഹവുമായി വുഡ്ഹൗസ് ഈവ്സ് ഗ്രാമത്തിനടുത്തുള്ള ആളൊഴിഞ്ഞ ഒരു പ്രദേശത്തെ കുറ്റിക്കാട്ടിൽ കൊണ്ടുപോയി തള്ളി.മേഗനെ കാണാനില്ലെന്ന പരാതി നൽകി രണ്ടു ദിവസങ്ങൾ കഴിഞ്ഞായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഈ കേസിന്റെ വിചാരണ ഇപ്പോഴാണ് കോടതിയിൽ എത്തിയിരിക്കുന്നത്.

വീട്ടിൽ എത്തിയ പൊലീസുകാരോട് കാമുകനായ മെക്കല്ലം മേഗൻ മരണമടഞ്ഞു എന്ന കാര്യം സ്ഥിരീകരിക്കുകയായിരുന്നു. എന്നാൽ, കൊലപാതകത്തിന് താൻ ഉത്തരവാദിയല്ല എന്നായിരുന്നു അയാളുടെ വാദം. തനിക്ക് ചില മാനസിക പ്രശ്നങ്ങൾ ഉണ്ടെന്നായിരുന്നു അയാളുടെ അവകാശവാദം.