ന്യൂയോർക്ക്: ഓർമ്മയുണ്ടാകും, കോവിഡിന്റെ ഒന്നാം തരംഗം കത്തിനിന്ന സമയത്ത് ന്യുയോർക്കിൽ നിന്നും വന്നിരുന്ന വാർത്തകൾ. ലോകത്തിലെ തന്നെ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ നഗരത്തിൽ നോക്കിനിൽക്കേ ആളുകൾ മരണത്തിനു കീഴടങ്ങുന്ന കാഴ്‌ച്ചകളായിരുന്നു കണ്ടിരുന്നത്.ശ്മശാനങ്ങളിലേക്ക് മൃതദേഹം കൊണ്ടുപോകാൻ വാഹങ്ങളില്ലാതെ ആശുപത്രി വരാന്തകളിൽ കൂട്ടിയിട്ട മൃതദേഹങ്ങളും അതുപോലെ വലിയ ട്രക്കുകളിൽ അട്ടിയിട്ടു നിറച്ച് മൃതദേഹങ്ങളുമൊക്കെ ആരുടെയും ഹൃദയം തകർക്കുന്ന കാഴ്‌ച്ചകളായിരുന്നു.

അതെല്ലാം പണ്ടെങ്ങൊ കണ്ട് മറന്ന ഒരു പാഴ്ക്കിനാവായി മാറിയിരിക്കുകയാണ് ഒരിക്കലുമുറങ്ങാത്ത ന്യുയോർക്ക് എന്ന വൻനഗരത്തിൽ. സംസ്ഥാനത്തെ മുതിർന്നവരിൽ 70 ശതമാനം പേർ വാക്സിൻ എടുത്തതോടെ ബാക്കിയുള്ള നിയന്ത്രണങ്ങൾ കൂടി എടുത്തുകൾഞ്ഞ് കോവിഡിനെതിരെയുള്ള യുദ്ധത്തിൽ ന്യുയോർക്ക് ഗവർണർകുവോമോ വിജയപ്രഖ്യാപനം നടത്തിയതോടെ അത് ഒരു ആഘോഷമാക്കിയിരിക്കുകയാണ് ന്യുയോർക്ക് ജനത. കരിമരുന്ന് പ്രയോഗത്തിന്റെ അകമ്പടിയോടെയായിരുന്നു ഈ മുഹൂർത്തം ന്യുയോർക്ക് വാസികൾ ആഘോഷിച്ചത്.

എംപയർ സ്റ്റേറ്റ് ബിൽഡിങ്സ് ഉൾപ്പടെ നഗരത്തിലെ സുപ്രധാനകേന്ദ്രങ്ങളെല്ലാം അലങ്കാര ദീപങ്ങളുടെ പ്രഭയിൽ മുങ്ങിയപ്പോൾ ഹഡ്സൺ നദിതീരത്ത് ഗംഭീര വെടിക്കെട്ടും നടന്നു. സംസ്ഥാനത്തിന്റെ ഔദ്യോഗിക നിറങ്ങളായ നീലവും സ്വർണ്ണവർണ്ണവുമുള്ള ദീപങ്ങളായിരുന്നു പ്രകാശക്കാഴ്‌ച്ചയൊരുക്കിയത്. മാസ്‌ക് ധരിക്കാതെ ആയിരങ്ങളാണ് മൻഹാട്ടനിൽ ആഘോഷത്തിനെത്തിയത്. റെസ്റ്റോറന്റുകൾ നിറഞ്ഞുകവിഞ്ഞപ്പോൾ നിരവധി സ്വകാര്യ പാർട്ടികളും നടന്നു. റൂഫ് ടോപ് ബാറുകളിലും ആഘോഷം ഗംഭീരമായിരുന്നു.

കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് വിവിധ നിയന്ത്രണങ്ങൾ നീണ്ടു നിന്നത് 472 ദിവസങ്ങളായിരുന്നു. ഇപ്പോൾ ഇതിൽ നിലനിൽക്കുന്നത് പൊതുഗതാഗത സംവിധാനങ്ങളിൽ മാസ്‌ക് ധരിക്കണം എന്ന നിയന്ത്രണം മാത്രമാണ്. അതോടൊപ്പം ചില സ്വകാര്യ ബിസിനസ്സ് കേന്ദ്രങ്ങളിൽ അവർ നടപ്പിലാക്കിയിട്ടുള്ള നിർബന്ധിത മാസ്‌ക് ധാരണവും.

കലാ-സാംസ്‌കാരിക പരിപാടികളും കായിക വിനോദങ്ങളുമെല്ലാം ഇനിമുതൽ പഴയതുപോലെ നടത്താനാകും. സാമൂഹിക അകലമോ, വാക്സിൻ പാസ്സ്പോർട്ടോ അല്ലെങ്കിൽ അനുവദിക്കാവുന്ന കാണികളുടെ എണ്ണത്തിൽ നിയന്ത്രണമോ ഉണ്ടാകില്ല. അതുപോലെ ഓഫീസുകളിലും ഇനിമുതൽ മുഴവൻ ജീവനക്കാർക്കും ഒരേസമയം ജോലിചെയ്യാനാകും. വാകിസിനേഷൻ എടുക്കാത്തവരോട് മാസ്‌ക് ധരിക്കാൻ നിർദ്ദേശിക്കുന്നുണ്ടെങ്കിലും അത് ഒരു നിയമമാക്കി മാറ്റിയിട്ടില്ല. എന്നാൽ, 12 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇപ്പോഴും വാക്സിൻ ലഭ്യമല്ലാത്തതിനാൽ അവർ സ്‌കൂളുകളിൽ നിർബന്ധമായും മാസ്‌ക് ധരിക്കണം.