ദുബായ്: ന്യൂസിലാന്റ്, അഫ്ഗാനിസ്ഥാൻ ആരാധകരെക്കാളും ഇന്നത്തെ അഫ്ഗാനിസ്ഥാൻ- ന്യൂസിലാന്റ് മത്സരം ഉറ്റുനോക്കുന്നത് ഇന്ത്യൻ ടീമും ആരാധകരുമാണ്.ന്യൂസിലാന്റിന്റെ ജയം ഇന്ത്യക്ക് ടൂർണ്ണമെന്റിൽ നിന്ന് പുറത്തേക്കുള്ള വഴി തുറക്കും.അതുതൊണ്ട് ഇരു ടീമുകളെപ്പോലെ തന്നെ ഇന്ത്യക്കും മത്സരം നിർണ്ണായകമാണ്.വൈകീട്ട് 3.30 മുതൽ അബുദാബിയിലാണ് മത്സരം.

ന്യൂസീലൻഡ് അഫ്ഗാനിസ്താൻ മത്സരം അവസാനിക്കുമ്പോൾ ആരാണ് ഗ്രൂപ്പിൽ നിന്ന് സെമിയിലെത്തുന്ന രണ്ടാമത്തെ ടീം എന്ന് ചിത്രം ഏതാണ്ട് വ്യക്തമാകും.ന്യൂസീലൻഡ് ജയിച്ചാൽ ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാൻ ഒന്നുമില്ല. എട്ടു പോയന്റുമായി ന്യൂസീലൻഡ് സെമിയിലെത്തും. അഫ്ഗാനിസ്താൻ ജയിച്ചാൽ ന്യൂസീലൻഡിനും അഫ്ഗാനിസ്താനും ആറു പോയന്റ് വീതമാകും. ഇന്ത്യയുടെ പ്രതീക്ഷ പൂക്കും.

തിങ്കളാഴ്ച, ഗ്രൂപ്പിലെ അവസാനമത്സരത്തിൽ ഇന്ത്യ നമീബിയയെ തോൽപ്പിച്ചാൽ ഇന്ത്യയ്ക്കും ആറു പോയന്റാകും. വെള്ളിയാഴ്ച സ്‌കോട്‌ലൻഡിനെതിരേ വമ്പൻ വിജയം നേടിയ ഇന്ത്യ നെറ്റ് റൺറേറ്റിൽ ഗ്രൂപ്പിൽ ഒന്നാമതാണിപ്പോൾ. നമീബിയയ്ക്കെതിരേ നല്ല വിജയം നേടിയാൽ റൺറേറ്റിന്റെ ആനുകൂല്യത്തിൽ ഇന്ത്യയ്ക്ക് സെമിഫൈനലിൽ എത്താം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലെ തകർപ്പൻ ജയം ഇന്ത്യൻ ടീമിന് ആവേശം പകർന്നിട്ടുണ്ട്.

അഫ്ഗാനിസ്താനെതിരേ ന്യൂസീലൻഡിന് ജയം എളുപ്പമാകില്ല. ട്വന്റി 20 യിൽ മികച്ച റെക്കോഡുള്ള അഫ്ഗാനിസ്താൻ, ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ സ്‌കോട്‌ലൻഡിനെ 130 റൺസിനും നമീബിയയെ 62 റൺസിനും തോൽപ്പിച്ചു. പാക്കിസ്ഥാനെതിരേയും നന്നായി കളിച്ചെങ്കിലും അവസാനനിമിഷം അടിതെറ്റി. ഇന്ത്യയ്ക്കെതിരേ വലിയ ചെറുത്തുനിൽപ്പില്ലാതെ കീഴടങ്ങി. അഫ്ഗാനിസ്താനും ന്യൂസീലൻഡും ട്വന്റി-20യിൽ ഇതുവരെ നേർക്കുനേർ വന്നിട്ടില്ല.

ആദ്യ മത്സരത്തിൽ പാക്കിസ്ഥാനോട് അഞ്ചു വിക്കറ്റിന് തോറ്റ ന്യൂസീലൻഡ് ആകട്ടെ, ഇന്ത്യയ്ക്കെതിരേ അടക്കം തുടർച്ചയായി മൂന്നു വിജയങ്ങൾ നേടി കപ്പ് നേടാൻ സാധ്യതയുള്ള ടീമുകളിലൊന്നായി. അഫ്ഗാനെ തോൽപ്പിച്ചാൽ, പിന്നെ റൺറേറ്റിനെ കാത്തിരിക്കേണ്ട.