തിരുവനന്തപുരം: ബോബി ചെമ്മണ്ണൂർ വാങ്ങിനൽകുന്ന ഭൂമി സ്വീകരിക്കില്ലെന്ന് നെയ്യാറ്റിൻകരയിൽ ആത്മഹത്യചെയ‌്ത രാജൻ- അമ്പിളി ദമ്പതികളുടെ ഇളയമകൻ രഞ്ജിത്ത്. ബോബി ചെമ്മണ്ണൂരിനോട് നന്ദിയുണ്ടെന്നും, എന്നാൽ നിയമപരമല്ലാതെ ഭൂമി വേണ്ട എന്നുമാണ് രഞ്ജിത്ത് വ്യക്തമാക്കുന്നത്. നിയമപരമായി വസന്തയുടെ ഭൂമിയല്ല, പിന്നെ എങ്ങനെയാണ് വസന്തക്ക് അത് ബോബി ചെമ്മണ്ണൂരിന് വാങ്ങാനാകുക എന്ന ചോദ്യവും രഞ്ചിത്ത് ഉന്നയിക്കുന്നു. നിയമപരമായി സർക്കാർ തരികയാണെങ്കിൽ ഭൂമി വാങ്ങുമെന്നാണ് കുട്ടിയുടെ നിലപാട്. ഇന്ന് വൈകുന്നേരം താൻ പണം നൽകി വാങ്ങിയ ഭൂമിയുടെ രേഖകൾ കുട്ടികൾക്ക് കൈമാറാൻ ബോബി ചെമ്മണ്ണൂർ എത്തിയപ്പോൾ കുട്ടികൾ തങ്ങളുടെ നിലപാട് അറിയിക്കുകയായിരുന്നു. 

നെയ്യാറ്റിൻകരയിലെ തർക്കഭൂമി വില കൊടുത്തു വാങ്ങിയെന്ന് അവകാശപ്പെട്ടാണ് ജുവല്ലറി ഉടമ ബോബി ചെമ്മണ്ണൂർ ഇന്ന് രാവിലെ രം​ഗത്തെത്തിയത്. ദമ്പതികളുടെ മരണത്തിന് ഇടയാക്കിയ തർക്കഭൂമിയുടെ ഉടമയെന്ന് അവകാശപ്പെട്ട രംഗത്തെത്തിയ വസന്തയിൽ നിന്നാണ് ബോബി ഭൂമി വാങ്ങിയത്. ഇന്ന് വൈകുന്നേരത്തോടെ ഭൂമിയുടെ രേഖകൾ രാജന്റെയും അമ്പിളിയുടെയും കുട്ടികൾക്ക് ബോബി ചെമ്മണ്ണൂർ കൈമാറുമെന്നും അവകാശപ്പെട്ടു.

വാങ്ങിയ സ്ഥലത്ത് പുതിയ വീട് ബോബി ചെമ്മണ്ണൂർ നിർമ്മിച്ചു നൽകുമെന്നും, ഒപ്പം വീടിന്റെ പണി തീരുന്നത് വരെ കുട്ടികളുടെ സംരക്ഷണവും ബോബി ചെമ്മണ്ണൂർ ഏറ്റെടുക്കുമെന്നുമാണ് റിപ്പോർട്ടുകൾ. ഞങ്ങളുടെ അമ്മയും അച്ഛനും ഉറങ്ങുന്ന ആ മണ്ണ് ഞങ്ങൾക്ക് വേണം. ഇവിടെ തന്നെ ഞങ്ങൾക്ക് വീട് വച്ചുതന്നാൽ മതിയെന്നാണ് കുട്ടികൾ പറഞ്ഞിരുന്നത്. എന്നാൽ സ്ഥലത്തിന്റെ ഉടമയെന്ന് അവകാശപ്പെട്ട വസന്ത താൻ ഭൂമി വിട്ടു നൽകില്ലെന്നും വ്യക്തമാക്കിയിരുന്നു. ഇതിനിടെ ഭൂമിയുടെ പട്ടയം ആരുടെ പേരിലെന്ന് പരിശോധിക്കാൻ റവന്യൂ വകുപ്പ് നടപടി സ്വീകരിച്ചു വരികയാണ്. ഇതിനിടെയാണ് ഭൂമി വസന്തയിൽ നിന്നും പണം നൽകി വാങ്ങി ബോബി കുട്ടികൾക്ക് കൈമാറാൻ ഒരുങ്ങിയത്.

നേരത്തെ 10 ലക്ഷം നൽകി സർക്കാർ ഇവരോട് കനിവു കാട്ടിയിരുന്നു. കൂടാതെ 5 ലക്ഷം രൂപ നൽകി യൂത്ത് കോൺഗ്രസും പിന്നാലെ ഒരുപാട് സംഘടനകളും ഒപ്പമെത്തി. എന്നാൽ ആ മണ്ണിന്മേലുള്ള തകർക്കം നിലനിൽക്കുകയായിരുന്നു. ഇതിനിടെയാണ് വസന്തയോട് ബോബി ഭൂമി വില കൊടുത്തു വാങ്ങിയത്. 'തിരുവനന്തപുരം ബോബി ഫാൻസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ അംഗങ്ങളാണ് എന്നെ വിളിച്ചത്. ആ കുട്ടികൾക്ക് ആ മണ്ണ് വാങ്ങാൻ സഹായിക്കണമെന്ന് അഭ്യർത്ഥിച്ചു.

അങ്ങനെ ഞാൻ ഇന്നലെ തിരുവനന്തപുരത്ത് എത്തി. സ്ഥലത്തിന്റെ ഉടമയായ വസന്ത എന്ന സ്ത്രീയെ പോയി കണ്ടു. രേഖകളെല്ലാം തയാറാക്കി അവർ പറഞ്ഞ വിലയ്ക്ക് ഞാൻ ആ ഭൂമി വാങ്ങി. കുട്ടികളുടെ പേരിൽ രജിസ്റ്റർ ചെയ്ത ഭൂമിയുടെ രേഖകൾ ഇന്ന് തന്നെ കുട്ടികൾക്ക് കൈമാറും. എന്നിട്ട് ആ കുട്ടികളെ ഞാൻ തൃശൂർ ശോഭ സിറ്റിയിലെ എന്റെ വീട്ടിലേക്ക് കൊണ്ടുപോകും. ആ സ്ഥലത്ത് വീട് പണി പൂർത്തിയായ ശേഷം അവരെ തിരിച്ചുെകാണ്ടുവരും.' ബോബി ചെമ്മണൂർ മാധ്യമങ്ങളോട് പറഞ്ഞു.

അതേസമയം നിയമക്കരുക്കിൽ കിടക്കുന്ന ഭൂമി എങ്ങനെ ബോബി വാങ്ങിയെന്ന കാര്യത്തിൽ ഇനിയും വ്യക്തത കൈവരാനുണ്ട്. ഈ ഭൂമിയിലെ അവകാശതർക്കം നിയമ കുരുക്കിൽ തന്നെ കിടക്കുകയാണ്. മാത്രവുമല്ല, വസ്തുവിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള വിവരാവകാശ രേഖ നേരത്തെ പുറത്തുവന്നിരുന്നു. പോങ്ങിൽ കോളനിയിൽ പൊലീസിന്റെ കുടിയൊഴിപ്പിക്കലിന് കാരണമായ പരാതിക്കാരി വസന്തയ്ക്ക് ഈ ഭൂമിയിൽ പട്ടയാവകാശമില്ലെന്നു തെളിയിക്കുന്ന വിവരാവകാശ രേഖയാണ് നേരത്തെ പുറത്തുവന്നത്.

സർക്കാർ കോളനികളിൽ 12 സെന്റ് ഭൂമി ഒരാൾക്കു മാത്രമായി പതിച്ചു നൽകാൻ സാധ്യതയില്ലെന്നു നിയമവിദഗ്ധരും അഭിപ്രായപ്പെട്ടിരുന്നു. അതിയന്നൂർ വില്ലേജിൽ (ബ്ലോക്ക് നമ്പർ 21) 852/16, 852/17, 852/18 എന്നീ റീസർവേ നമ്പറുകളിലെ ഭൂമി തന്റേതാണെന്നായിരുന്നു വസന്തയുടെ അവകാശവാദം. ഇതെല്ലാം കൂടി 12 സെന്റ് വരും. എന്നാൽ ഈ ഭൂമി എസ്.സുകുമാരൻ നായർ, കെ.കമലാക്ഷി, കെ.വിമല എന്നിവരുടെ പേരുകളിലാണെന്നു വിവരാവകാശ രേഖ പറയുന്നു. സർക്കാർ കോളനികളിൽ താമസിക്കുന്നവർക്കു പട്ടയം നൽകുമ്പോൾ പരമാവധി 2, 3, 4 സെന്റുകൾ വീതമാണു നൽകുന്നത്. ഇവ നിശ്ചിത വർഷത്തേക്കു കൈമാറ്റം ചെയ്യാൻ പാടില്ലെന്നും വ്യവസ്ഥ ചെയ്യാറുണ്ട്. അതുകൊണ്ടുതന്നെ വസന്ത ഈ സ്ഥലത്തിന്റെ ഉടമസ്ഥയല്ലെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്.

വസന്തയുടെ പട്ടയം വ്യാജമാണോ എന്നു പരിശോധിക്കാൻ കലക്ടർ നവ്ജ്യോത് ഖോസ തഹസിൽദാർക്കു നിർദ്ദേശം നൽകിയിരിക്കയാണ്. ഈ റിപ്പോർട്ട് പുറത്തുവന്നിട്ടില്ല. ഇതിനിടെയാണ് ബോബി ചെമ്മണ്ണൂർ രംഗപ്രവേശം ചെയ്തത്. നെയ്യാറ്റിൻകര നെല്ലിമൂട് പോങ്ങിൽ നെട്ടതോട്ടത്തെ തർക്കഭൂമിയിൽ ഒഴിപ്പിക്കൽ നടപടിക്കിടെയാണ് രാജൻ ഭാര്യ അമ്പിളിയെ ചേർത്തുപിടിച്ച് തീകൊളുത്തിയത്. മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് ഇരുവരും മരിച്ചത്.

സംഭവം നടന്നത് കഴിഞ്ഞ മാസം 22- നാണ്. മൂന്ന് സെന്റ് ഭൂമിയിൽ ഷെഡ് കെട്ടിയാണ് രാജനും ഭാര്യയും രണ്ട് ആൺ മക്കളുമടങ്ങുന്ന കുടുംബം താമസിച്ചിരുന്നത്. രാജൻ ഭൂമി കൈയേയ്യേറിയെന്നാരോപിച്ച് അയൽവാസി വസന്ത മുൻസിഫ് കോടതിയിൽ കേസ് നൽകിയിരുന്നു. ആറ് മാസം മുമ്പ് രാജനെതിരെ കോടതി വിധി പറഞ്ഞു. കോടതി ഉത്തരവിനെത്തുടർന്ന് കുടിയൊഴിപ്പിക്കാനായി പൊലീസ് വീട്ടിലെത്തിയപ്പോൾ കുടിയൊഴിപ്പിക്കൽ തടയാനായി രാജൻ ഭാര്യയെ ചേർത്തുപിടിച്ച് പെട്രോൾ ഒഴിച്ച് ആത്മഹത്യ ഭീഷണി മുഴക്കുകയായിരുന്നു. രാജൻ കത്തിച്ച ലൈറ്റർ പൊലീസ് തട്ടിമാറ്റുന്നതിനിടെ തീ പടരുകയായിരുന്നു.