തിരുവനന്തപുരം: ജലീലിനെതിരെ കേസില്ല ഇനി ഉണ്ടാകാനും ഇടയില്ലെന്ന് മുഖ്യമന്ത്രി തന്നെ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയെങ്കിലും കേന്ദ്ര അന്വേഷണ ഏജൻസികൾ നൽകുന്ന സൂചനകൾ നേർ വിപരീതം. സ്വർണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ടു മന്ത്രി കെ.ടി.ജലീൽ അത്ര പെട്ടെന്ന് രക്ഷപ്പെട്ടു പോകില്ലെന്ന വ്യക്തമായ സന്ദേശമാണ് അന്വേഷണ ഏജൻസികൾ നൽകുന്നത്. ഇതിന്റെയെല്ലാം സൂചനകൾ വിരൽ ചൂണ്ടുന്നത് ജലീലിനെതിരെ കേസ് വന്നേക്കും എന്ന് തന്നെയാണ്.

ഇഡിക്ക് പിന്നാലെ എൻഐഎ കൂടി ചോദ്യം ചെയ്തതോടെയാണ് ജലീൽ അകപ്പെട്ടിരിക്കുന്ന പ്രതിസന്ധി വർദ്ധിക്കുന്നത്. എൻഐഎ ചോദ്യം ചെയ്യുന്നത് രാജ്യദ്രോഹക്കുറ്റത്തിന്റെ പേരിലാണ്. കേസ് വന്നാൽ അറസ്റ്റിൽ ആകുക യുഎപിഎ വകുപ്പുകൾ ചുമത്തപ്പെടും. കസ്റ്റംസ് ഇഡി കേസുകൾ പോലെയല്ല എൻഐഎ കേസുകൾ. 180 ദിവസം ജാമ്യമില്ലാതെ അകത്ത് കിടക്കേണ്ടി വരും. കസ്റ്റംസ് കേസുകളിൽ 60 ദിവസത്തിനുള്ളിൽ ചാർജ് ഷീറ്റ് ഫയൽ ചെയ്യേണ്ടതുണ്ട്. ഇല്ലെങ്കിൽ പ്രതികൾക്ക് ജാമ്യം കിട്ടും. സ്വർണ്ണക്കടത്ത് കേസിൽ അറസ്റ്റിലായ റമീസിനു ഈ രീതിയിലാണ് കസ്റ്റംസ് കേസിൽ ജാമ്യം ലഭിച്ചത്. പക്ഷെ യുഎപിഎ ചുമത്തപ്പെട്ടതിനാൽ ജയിലിൽ നിന്ന് മോചനമില്ലാത്ത അവസ്ഥയാണ്.

കേന്ദ്ര ഏജൻസികളിൽ നിന്നും അറിയാൻ കഴിയുന്ന വിവരങ്ങൾ ഇങ്ങനെയാണ്. വെറുതെ എൻഐഎ ആരെയും ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല. ഫോൺ രേഖകൾ, ജലീലിന്റെ നീക്കങ്ങൾ, സ്വപ്നാ സുരേഷുമായി നിലനിന്ന ബന്ധം, ജലീലും സ്വപ്നയും തമ്മിലുള്ള ഇടപാടുകളുടെ വിവരങ്ങൾ തുടങ്ങി എല്ലാം ശേഖരിച്ച ശേഷം അന്വേഷണം വഴി സംശയ നിവൃത്തി വരുത്തിയശേഷമാണു മന്ത്രി എന്ന നിലയിൽ ജലീലിനെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നത്.

ജലീലും യുഎഇ കോൺസുലെറ്റും നടത്തിയ ഇടപാടുമായി ബന്ധപ്പെട്ട് കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ ശേഖരിച്ച മുഴുവൻ വിവരങ്ങളും എൻഐഎയ്ക്ക് ഇതിനു മുൻപ് തന്നെ കൈമാറിയിരുന്നു എന്നാണ് അറിയാൻ സാധിച്ചത്. ഇതിന്റെ കൂടി വെളിച്ചത്തിൽ ഈ ഫയലുകൾ കൂടി പരിശോധിച്ച ശേഷമാണ് എൻഐഎ മന്ത്രിയെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചത്. അതുകൊണ്ട് തന്നെയാണ് ജലീൽ അത്രവേഗത്തിൽ ഊരിപ്പോരില്ലെന്ന വ്യക്തമായ സന്ദേശം അന്വേഷണ ഏജൻസികളുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.

സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു ഇഡി നടത്തിയ ചോദ്യം ചെയ്യൽ മന്ത്രി മറച്ച് വയ്ക്കാൻ ശ്രമിച്ചപ്പോൾ ജലീലിനെ ചോദ്യം ചെയ്ത കാര്യവും ജലീലിനു ക്ലീൻ ചിറ്റു നൽകില്ലെന്നും വ്യക്തമാക്കുകയും ചെയ്തത് ഇഡി മേധാവി എസ്‌കെ മിശ്ര തന്നെയാണ്. ഇനിയും മന്ത്രിയെ ചോദ്യം ചെയ്യും എന്നാണ് ഇഡി മേധാവി പറഞ്ഞത്. മന്ത്രി രാജി വയ്ക്കുമോ രാജി വയ്ക്കില്ലേ എന്നൊന്നും കേന്ദ്ര അന്വേഷണ ഏജൻസികൾക്ക് മുന്നിലുള്ള പ്രസക്തമായ കാര്യമേയല്ല. കേരളത്തിലെ സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ടു അമിത് ഷായും അജിത് ഡോവലും നയിക്കുന്ന വാർ റൂമിൽ കേന്ദ്ര ഏജൻസികൾക്ക് കൃത്യമായ സന്ദേശം കൈമാറിയിട്ടുണ്ട്.

സ്വർണ്ണക്കടത്തിന്റെ ആഴവും വ്യാപ്തിയും പരിശോധിക്കുക. സ്വർണ്ണക്കടത്തും തീവ്രവാദവും തമ്മിലുള്ള ബന്ധം പരിശോധിക്കുക. പ്രതിസ്ഥാനത്ത് ഏത് ഉന്നതൻ ആണെങ്കിലും മടിക്കാതെ കേസ് എടുക്കുക. അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കുക. അതിനാണ് സിബിഐയെ പോലും അയക്കാതെ എൻഐഎ തന്നെ അയച്ചത്. എൻഐഎ ഡിഐജി വന്ദന സാധാ സമയവും ഓൺലൈനിൽ ഇരുന്നു നടപടി ക്രമങ്ങൾ ചോദ്യം ചെയ്യൽ ഉൾപ്പെടെയുള്ള നടപടികൾ നിരീക്ഷിക്കുന്നുണ്ട്.

എൻഐഎ കേസ് എടുത്താൽ അറസ്റ്റ് തന്നെയാണ് സംഭവിക്കുക. അതും യുഎപിഎ വകുപ്പുകൾ പ്രകാരം. 180 ദിവസവും ജാമ്യവും ലഭിക്കില്ല. ജലീലിനെതിരെ എൻഐഎ കേസ് എടുത്താൽ അത് സിപിഎമ്മിന് കടുത്ത രാഷ്ട്രീയ ആഘാതവുമാകും. ഇനി കേസ് എടുക്കാതെ അന്വേഷണം നീളുകയാണെങ്കിൽ അതും വലിയ തലവേദനയാകും. ഒരു മന്ത്രിക്ക് എതിരെ അന്വേഷണം, എൻഐഎപോലുള്ള ഒരു ഏജൻസിയുടെ അന്വേഷണം നിലനിൽക്കുന്നത് സർക്കാരിനു തലവേദനയായ കാര്യമാണ്. ഒപ്പം രാഷ്ട്രീയ തിരിച്ചടിയുമാണ്.

അസാധാരണ സമയത്ത് അസാധാരണ നടപടി എന്ന് മുഖ്യമന്ത്രി പറഞ്ഞതിനോട് യോജിക്കും വിധമാണ് കേന്ദ്ര അന്വേഷണ ഏജൻസികൾ ജലീലിന്റെ കാര്യത്തിൽ അന്വേഷണം നടത്തിയത്. ഖലീൽ നയതന്ത്ര വഴിയിൽ ഖുറാൻ വരുത്തി എന്ന് മനസിലായപ്പോൾ ആദ്യം അവർ ചിന്തിച്ചത് കേരളത്തിൽ നിന്നും ഗൾഫിലേക്ക് പ്രിന്റ് ചെയ്ത് പോകുന്ന ഖുറാൻ കേരളത്തിലേക്ക് വരുത്തന്നതിലെ അസ്വഭാവികതകൾ തന്നെയാണ്. ഖുറാന്റെ തൂക്കം കണക്കാക്കി ജലീൽ പറയുന്നത് അനുസരിച്ച് വന്ന ഖുറാന്റെ കണക്ക് എടുത്തു തൂക്കം പരിശോധിച്ചു.

യുഎഇയിൽ നിന്നും മതഗ്രന്ഥങ്ങൾ എത്തിച്ച കർട്ടണുകളിൽ ഒന്നിൽ നിറയെ നോട്ടു നിറച്ചു. എന്നിട്ട് തൂക്കം പരിശോധിച്ചു. അസാധാരണ കാലത്ത് അസാധാരണ നടപടി എന്ന രീതിയിൽ തന്നെയാണ് ജലീലിന്റെ യുഎഇ കോൺസുലേറ്റ് ഇടപാട് അന്വേഷണ ഏജൻസികൾ പരിശോധിച്ചത്. മതഗ്രന്ഥങ്ങളുടെ മറവിൽ ചിലത് കൂടി എത്തിച്ചു എന്ന സംശയം എൻഐഎ ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾക്ക് ഉള്ളത് കാരണമാണ് എട്ടു മണിക്കൂർ എടുത്ത് മന്ത്രിയെ എൻഐഎ ചോദ്യം ചെയ്തത്. ഈ മൊഴി പരിശോധിച്ചതിന്റെ ശേഷമാകും തുടർ നടപടികൾ. ആശ്വാസമായി എന്ന് ജലീൽ കരുതുന്നുണ്ടേങ്കിലും കേന്ദ്ര

ഏജൻസികൾ അങ്ങനെ കരുതുന്നില്ല. ജലീലിനെ അവർ ഒഴിവാക്കിയിട്ടില്ല. മറിച്ച് അങ്ങനെ അത്ര പെട്ടെന്ന് ഊരിപ്പോരാൻ കഴിയുന്ന കാര്യങ്ങൾ അല്ല ജലീൽ ചെയ്തത് എന്ന സന്ദേശം പുറത്ത് വിടുകയും ചെയ്യുന്നു. ഒരു വിദേശ രാജ്യങ്ങളിൽ നിന്നും മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യാൻ ആർക്കും അനുമതിയില്ല. അങ്ങനെ മതഗ്രന്ഥങ്ങൾ ഇറക്കുമതി ചെയ്യണമെങ്കിൽ കേന്ദ്ര വിദേശകാര്യാ മന്ത്രാലയത്തിന്റെ അനുമതി വേണം. മന്ത്രി ജലീൽ തന്നെ സമ്മതിച്ച കാര്യമാണ് ഖുറാൻ ഇറക്കുമതിയുടെ കാര്യം. ഇതിലൂടെ മന്ത്രി പ്രോട്ടോക്കോൾ ലംഘിച്ചതായി തെളിഞ്ഞും കഴിഞ്ഞിട്ടുണ്ട്.

ഇതോടെ മന്ത്രിക്ക് എതിരെ നടപടി കൈക്കൊള്ളേണ്ട കാര്യം കേന്ദ്ര ഏജൻസികളുടെ മുന്നിലുണ്ട്. അതുമല്ല എൻഐഎ കൂടാതെ കസ്റ്റംസ് കമ്മിഷണറും ഇഡി ഡയരക്ടറും തമ്മിൽ ചർച്ചയും നടത്തിയിട്ടുണ്ട്. സ്വർണ്ണക്കടത്ത് കേസിൽ ഇഡിക്കും കസ്റ്റംസിനും ലഭിച്ച മൊഴികളാണ് ഇവർ പങ്കു വെച്ചത്. തുടർ നടപടികൾ സ്വീകരിക്കാനുള്ള ആലോചനയാണ് ഇഡി സ്‌പെഷ്യൽ ഡയറക്ടർ സുശീൽ കുമാർ, കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണർ സുമിത് കുമാറും തമ്മിൽ നടത്തിയ ചർച്ചയിൽ നടന്നത്. ഈ ചർച്ചകൾ എല്ലാം തന്നെ സൂചിപ്പിക്കുന്നത് ശക്തമായ നടപടികൾക്കാണ് കേന്ദ്ര ഏജൻസികൾ ഒരുങ്ങുന്നത് എന്ന് തന്നെയാണ്.