കണ്ണൂർ: ഇരിട്ടിക്കടുത്തെ പ്രദേശത്തെ ആദിവാസി പെൺകുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഡിവൈഎഫ്ഐ പ്രവർത്തകൻ നിധീഷ് (35)  യൂത്ത് കോൺഗ്രസ് നേതാവ് എടയന്നൂർ ഷുഹൈബ് വധക്കേസിലെ പ്രതികളുടെ ഉറ്റ സുഹൃത്ത്. പീഡന പരാതിയെ തുടർന്ന് സജീവ ഡിവൈഎഫ്ഐ പ്രവർത്തകനായ ഇയാൾ വീട്ടിൽ നിന്നും മുങ്ങിയിരിക്കുകയാണ്.

പ്രതി കൊല്ലം ജില്ലയിലേക്ക് കടന്നുവെന്ന് മൊബൈൽ ടവർ നിരീക്ഷിച്ച് പൊലിസ് പറയുന്നുണ്ടെങ്കിലും ഇതു കണക്കിലെടുക്കാതെ പാർട്ടി ഗ്രാമങ്ങളിലെ ഒളിവ് സങ്കേതങ്ങളായ മുടക്കോഴി മലയിലടക്കം പൊലിസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. നിധീഷിന് ഒളിവിൽ താമസിക്കാൻ രാഷ്ട്രീയ പിൻബലം തുണയായിട്ടുണ്ടെന്ന ആരോപണം പ്രദേശവാസികളിൽ നിന്നും ഉയർന്നിട്ടുണ്ട്. ടിപി കേസിലെ പ്രതികൾ ഒളിവിൽ താമസിച്ചിരുന്ന സ്ഥലമാണ് മുടക്കോഴി മല.

ടൈൽസ് പണിക്കാരനായ ഇയാൾ നേരത്തെ ചില രാഷ്ട്രീയ അതിക്രമ കേസുകളിൽ പ്രതിയായിരുന്നു. ബിജെപി പ്രവർത്തകരുമായുള്ള സംഘർഷ കേസുകളിലാണ് പ്രതിചേർക്കപ്പെട്ടത്. ശുഹൈബ് വധക്കേസിലെ പ്രതികളോടൊപ്പവും സിപിഎമ്മിലെ ചില ഉന്നത നേതാക്കളോടൊപ്പവും ഇയാൾ നിൽക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.

വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമായ നിധീഷ് പത്താം ക്‌ളാസ് വിദ്യാർത്ഥിനിയായ കുട്ടിയുടെ വീട്ടിൽ കഴിഞ്ഞ കുറെക്കാലമായി നിത്യസന്ദർശകനാണെന്ന് പ്രദേശവാസികൾ പറയുന്നു. കുട്ടിയുടെ പിതാവ് ബിജെപി അനുഭാവിയാണെങ്കിലും രാഷ്ട്രീയത്തിനതീതമായ ബന്ധമാണ് പുലർത്തിയിരുന്നത്. ഇതേ വീട്ടിൽ താമസിക്കുന്ന ഇരയുടെ അമ്മയുടെ സഹോദരനും ഇയാളും ഒന്നിച്ചാണ് ജോലി ചെയ്തിരുന്നത്. ഇതും ആ കുടുംബവുമായി അടുത്ത ബന്ധം പുലർത്താനിടയാക്കി.

കഴിഞ്ഞ ഇരുപതാം തീയതിയാണ് കേസിനാസ്പദമായ സംഭവം നടന്നത്. സമീപ പ്രദേശത്തെ സ്‌കുളിനടുത്തുള്ള ഒരു തോട്ടിൽ അമ്മയോടൊപ്പം തുണിയലക്കാൻ പോയ കുട്ടിയെ അമ്മ വീട്ടിലേക്ക് മടങ്ങിയ സമയം തക്കം നോക്കി നിധീഷ് നിർബന്ധിച്ച് സ്‌കുളിലേക്ക് കുട്ടി കൊണ്ടുപോവുകയും ലൈംഗിക ചൂഷണത്തിന് ഇരയാക്കിയെന്നുമാണ് പരാതി.നേരത്തെ പല തവണ നിധിഷ് കുട്ടിയെ   ഉപദ്രവിച്ചതായി പരാതിയിൽ പറയുന്നുണ്ട്.

ഇയാൾ ഭീഷണിപ്പെടുത്തിയതിനാലാണ് വിവരം പുറത്തു പറയാഞ്ഞതെന്ന് പെൺകുട്ടിയുടെ പരാതിയിൽ പറയുന്നു. ഏറ്റവും ഒടുവിലായി സ്‌കുളിൽ നിധീഷിനെ കുട്ടിയോടൊപ്പം അസ്വാഭാവിക സാഹചര്യത്തിൽ കണ്ട പ്രദേശവാസികളിലൊരാളാണ് പിതാവിനെ വിവരമറിയിക്കുന്നത്. ഇതിനെ തുടർന്ന് ഇവർ നടത്തിയ അന്വേഷണത്തിലാണ് വിവരം പുറത്തു വരുന്നത്.

പൊലിസിൽ പരാതി നൽകാതിരിക്കാനും പിന്നീട് കേസ് പിൻവലിക്കാതിരിക്കാനും സമ്മർദ്ദമുണ്ടായെന്ന് കുട്ടിയുടെ പിതാവ് പറഞ്ഞു. പ്രദേശത്തെ ചിലയാളുകൾ ഇടപെട്ടുവെങ്കിലും പരാതിയിൽ ഉറച്ചു നിൽക്കാനായിരുന്നു കുടുംബത്തിന്റെ തീരുമാനം. പ്രദേശത്തെ കോളനിയിൽ 25 കുടുംബങ്ങൾ താമസിക്കുന്നുണ്ട്.

വൈദ്യ പരിശോധനയിൽ കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി തെളിഞ്ഞിട്ടുണ്ടെന്നും പ്രതിയെ ഉടൻ പിടി കുടുമെന്നും പൊലിസ് അറിയിച്ചു.നിധിഷിനെതിരെ പോക്‌സോ കൂടാതെ എസ്.സി എസ് .ടി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.