ഭോപ്പാൽ: ഭോപ്പാലിലും ഇൻഡോറിലും നാളെ മുതൽ രാത്രി കർഫ്യൂ ഏർപ്പെടുത്തും. അയൽ സംസ്ഥാനങ്ങളിലടക്കം കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് മധ്യപ്രദേശ് സർക്കാർ നിയന്ത്രണങ്ങൾ ശക്തമാക്കുന്നത്. ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗത്തിൽ സംസ്ഥാനത്തെ കോവിഡ് സാഹചര്യങ്ങൾ മുഖ്യമന്ത്രി ശിവ്‌രാജ് സിങ് ചൗഹാൻ വിലയിരുത്തി. തുടർന്നാണ് നിയന്ത്രണങ്ങൾ കടുപ്പിക്കാനുള്ള തീരുമാനമുണ്ടായത്.

സംസ്ഥാനത്തെ എട്ട് നഗരങ്ങളിൽ ബുധനാഴ്ച മുതൽ രാത്രി പത്തിനുശേഷം ചന്തകൾ തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കില്ല. ഗ്വാളിയർ, ജബൽപുർ, ഉജ്ജെയ്ൻ, രത്‌ലം, ചിന്ദ്വാര, ബുർഹാൻപുർ, ബേട്ടുൽ, ഖാർഗോൺ എന്നീ നഗരങ്ങളിലാണ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയും ചന്തകൾ രാത്രി അടയ്ക്കാനുള്ള നിർദ്ദേശം നൽകുകയും ചെയ്തിട്ടുള്ളത്. കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്നും ജനങ്ങൾ നിയന്ത്രണങ്ങൾ കർശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി നേരത്തെ ജനങ്ങളോട് അഭ്യർഥിച്ചിരുന്നു. അതിനിടെ ജബൽപുർ ജില്ലാ കളക്ടർ കർമവീർ ശർമയ്ക്ക് കോവിഡ് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു.

ഗുജറാത്തിലെ നാല് പ്രധാന നഗരങ്ങളിലെ രാത്രി കർഫ്യൂ കഴിഞ്ഞ ദിവസം രണ്ട് മണിക്കൂർ വർധിപ്പിച്ചിരുന്നു. അഹമ്മദാബാദ്, സൂറത്ത്, വഡോദര, രാജ്‌കോട്ട് നഗരങ്ങളിലെ രാത്രി കർഫ്യൂവാണ് രാത്രി 12 മുതൽ രാവിലെ ആറുവരെ ഉണ്ടായിരുന്നത് രാത്രി പത്ത് മുതൽ ആറുവരെയാക്കി മാറ്റിയത്.