തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച മുതൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഇറങ്ങി. രാത്രി പത്ത് മണി മുതൽ പുലർച്ചെ ആറ് മണി വരെയാണ് കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്. കോവിഡ് പ്രതിരോധപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന് ഐഎഎസ് ഉദ്യോഗസ്ഥർക്ക് പുറമേ മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥരെ ജില്ലകളിലേക്ക് നിയമിച്ചിട്ടുണ്ട്.

അത്യാവശ്യകാര്യങ്ങൾക്ക് മാത്രമേ രാത്രി കർഫ്യൂവിൽ ഇതിൽ ഇളവ് അനുവദിച്ചിട്ടുള്ളൂ. അടിയന്തര ചികിത്സ ആവശ്യമുള്ള സാഹചര്യത്തിൽ യാത്ര ചെയ്യാം. ആശുപത്രിയിലെ രോഗികളുടെ കൂട്ടിരിപ്പുകാർക്കും രാത്രി യാത്ര അനുവദിച്ചിട്ടുണ്ട്. അടുത്ത ബന്ധുക്കളുടെ മരണം സംഭവിച്ചാലും യാത്ര ചെയ്യുന്നതിന് അനുമതിയുണ്ട്. ദീർഘദൂര യാത്രക്കാർക്കും യാത്ര ചെയ്യാം.

ചരക്ക് വാഹനങ്ങൾക്ക് രാത്രി യാത്ര തുടരാം, അത്യാവശ്യ സേവനങ്ങളിൽ ഏർപ്പെടുന്ന ജീവനക്കാരെയും കർഫ്യൂവിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ട്രെയിൻ കയറുന്നതിനോ, എയർപോർട്ടിൽ പോകുന്നതിനോ, കപ്പൽ യാത്രക്കോ ആയി രാത്രി യാത്ര ചെയ്യാം, ടിക്കറ്റ് കയ്യിൽ കരുതിയാൽ മതിയാകും. മറ്റെന്തെങ്കിലും അത്യാവശ്യത്തിനായി യാത്ര ചെയ്യണമെങ്കിൽ അടുത്തുള്ള പൊലീസ് സ്റ്റേഷനിൽ നിന്ന് അനുമതി വാങ്ങണം.

ഓണക്കാലത്തിന് ശേഷം രോഗവ്യാപനം കൂടിയെന്ന് പറഞ്ഞാണ് നിയന്ത്രണങ്ങൾ കടുപ്പിച്ചിരിക്കുന്നത്. വാർഡുകളിലെ ട്രപ്പിൾ ലോക്ഡൗൺ ശക്തമാക്കും. പ്രതിവാര രോഗവ്യാപനതോത് ഏഴ് ശതമാനമുള്ള സ്ഥലങ്ങളിലാണ് ലോക്ഡൗൺ കർശനമാക്കുക. ഇപ്പോൾ അത് എട്ടാണ്. നാളെ സമ്പൂർണ്ണ ലോക്ഡൗൺ നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്.

കോവിഡ് നിയന്ത്രണങ്ങൾ ഏങ്ങനെ തുടരണമെന്ന് ചർച്ച ചെയ്യുന്നതിന് ബുധനാഴ്ച വിദഗ്ധരുടെ യോഗം വിളിച്ചിട്ടുണ്ട്. മെഡിക്കൽ കോളേജുകളിലെയും സ്വകാര്യ ആശുപത്രികളിലേയും വിദഗ്ധഡോക്ടർമാരും വൈറോളജിസ്റ്റുകളും പങ്കെടുക്കും.

വെള്ളിയാഴ്ച തദ്ദേശസ്ഥാപനങ്ങളിലെ പ്രസിഡന്റുമാരുടേയും സെക്രട്ടറിമാരുടേയും യോഗവും മുഖ്യമന്ത്രി വിളിച്ചു. വാക്‌സീൻ വിതരണവും വീടുകളിലെ ക്വാറന്റൈൻ കാര്യക്ഷമാക്കലുമാണ് ചർച്ച ചെയ്യുക. രണ്ട് കോടിയിലധികം പേർ സംസ്ഥാനത്ത് ഒരു ഡോസ് വാക്‌സീൻ എടുത്തു. ഇപ്പോഴും വാക്‌സിൻ എടുക്കാൻ മടിച്ച് നിൽക്കുന്നവർക്ക് ബോധവ്തക്കരണം നടത്തും.