ന്യൂഡൽഹി : ഐസിസിൽ ചേരാനായി രാജ്യം വിട്ട മലയാളി വനിതകൾ അടക്കം 10 ഇന്ത്യാക്കാർ അഫ്ഗാനിസ്ഥാൻ ജയിലിൽ കഴിയുകയാണ്. ഐഎസ് ഭീകരരുടെ വിധവകളായ 10 പേരാണ് കാബൂളിലെ ബദാംബാഗ് ജയിലിലുള്ളത്. കണ്ണൂർ സ്വദേശി നബീസ, തിരുവനന്തപുരം സ്വദേശി നിമിഷ ഫാത്തിമ, കൊച്ചി സ്വദേശി മറിയം എന്ന മെറിൻ ജേക്കബ് പാലത്ത്, രഹൈല, ഷംസിയ, എന്നിവർ കാബുൾ ജയിലിൽ ഉണ്ടെന്നാണ് വിവരം. ഇവരെ ഇന്ത്യയിലേക്ക് കൊണ്ടുവന്ന് വിചാരണനടപടികൾക്ക് വിധേയമാക്കണോ, അഫ്ഗാൻ നിയമപ്രകാരം അവിടെ നിയമനടപടികൾ നേരിടണമോ എന്ന കാര്യത്തിൽ കേന്ദ്രസർക്കാർ ഒളിച്ചു കളി തുടരുകയാണ്. ഇതിനിടെയാണ് ഹിന്ദു പത്രം ആരേയും കൊണ്ടു വരില്ലെന്ന് റിപ്പോർട്ട് ചെയ്യുന്നത്. യുദ്ധത്തിൽ കൊല്ലപ്പെട്ട ഐഎസ് ഭീകരരുടെ വിധവകളാണ് ഇവർ. എന്നാൽ ഇതിന് പറ്റില്ലെന്നാണ് കേന്ദ്ര സർക്കാരിന്റെ നിലപാട്.

നാല് വനിതകളെ തിരികെ എത്തിക്കുന്നതിൽ കേന്ദ്രത്തിന് താത്പര്യമില്ലെന്ന് ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഹിന്ദു റിപ്പോർട്ട് ചെയ്തു. അന്താരാഷ്ട്ര മതമൗലികവാദിക ശക്തികളുമായി യോജിച്ച് പ്രവർത്തിച്ച ഇവരെ തിരികെ കൊണ്ടു വരുന്നത് സുരക്ഷാപ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് സുരക്ഷാ ഏജൻസികളുടെ നിലപാട്. അതിനാൽ ഇവരെ തിരികെ എത്തിക്കേണ്ട എന്നാണ് കേന്ദ്രസർക്കാർ നിലപാട്. എന്നാൽ നാലിൽ കൂടുതൽ ഇന്ത്യാക്കാർ അഫ്ഗാനിൽ തടവിലുണ്ടെന്നാണ് സൂചന. ഭർത്താക്കന്മാർക്കൊപ്പം 2016-17 സമയത്ത് ഇന്ത്യ വിട്ട് ഐ.എസിൽ ചേരാൻ പോയവരാണ് ഇവർ. ആദ്യം ഇറാനിലെത്തിയ ഇവർ അവിടെ നിന്നും അഫ്ഗാനിസ്ഥാനിലെ ഖ്വാറേഷ്യൻ പ്രവിശ്യയിലെത്തുകയായിരുന്നു.

നാലുമക്കളുടെ അമ്മയായ നഫീസ മുതൽ കശ്മീരി സ്വദേശി രുഖ്സാന അഹാൻഗർ വരെ 10 വനിതകൾ കാബൂൾ ജയിലിൽ ഉണ്ടെന്നാണ് സൂചന. ഐഎസ് ഭീകരരുടെ വിധവകളിൽ അഞ്ച് മലയാളി വനിതകൾ ഉണ്ടെന്നായിരുന്നു നേരത്തെ പുറത്തു വന്ന റിപ്പോർട്ട്. നബീസയെ കൂടാതെ നിമിഷ ഫാത്തിമയും മറിയവും, രഹൈലയും ഷംസിയയും കഴിയുന്നത് കാബൂളിലെ ബദാംബാഗ് ജയിലിലാണെന്നും വിവിരം പുറത്തു വന്നിരുന്നു. എന്നാൽ ഇപ്പോൾ നാലു പേരുടെ കാര്യത്തിലാണ് തീരുമാനം എടുത്തതായി ഹിന്ദു റിപ്പോർട്ട്.

അമേരിക്കൻ വ്യോമസേന നടത്തിയ മിസൈലാക്രമണത്തിൽ ഈ നാല് പേരുടേയും ഭർത്താക്കന്മാർ കൊല്ലപ്പെട്ടു. തുടർച്ചയായ ആക്രമണത്തിൽ ഐ.എസ് ചിന്നഭിന്നമായതോടെ സ്ത്രീകളും കുട്ടികളുമടക്കം ഐഎസ് കേന്ദ്രങ്ങളിലുണ്ടായിരുന്ന 403 പേർ അഫ്ഗാനിസ്ഥാൻ സർക്കാരിന് മുന്നിൽ കീഴടങ്ങി. ഇന്ത്യയടക്കം 13 രാജ്യങ്ങളിൽ നിന്നുള്ളവർ ഈ സംഘത്തിലുണ്ടായിരുന്നു.  അതേസമയം നിമിഷ മോചിതയാകും എന്ന വിവരമാണ് ഇതുവരെ ലഭിച്ചതെന്നും ഇന്ത്യയിൽ കൊണ്ടു വന്നു നിയമനടപടി തുടരാമായിരുന്നുവെന്നും നിമിഷയുടെ മാതാവ് ബിന്ദു പറഞ്ഞു. മകൾ ഇപ്പോഴും ഐഎസ് അനുകൂല നിലപാട് എടുക്കുമെന്ന് വിശ്വസിക്കുന്നില്ലെന്നും അവർ പറഞ്ഞു. എന്നാൽ വിവാദം കത്തുമ്പോഴും കേന്ദ്രം പരസ്യമായി നിലപാട് പ്രഖ്യാപിക്കുന്നില്ലെന്നതാണ് വസ്തുത.

ഐഎസ് ഭീകരരുടെ വിധവകളുടെ സാഹചര്യങ്ങളിൽ ആശങ്കയുണ്ടെങ്കിലും, അവരിൽ പലരും ജിഹാദി ആശയങ്ങളോട് ഇപ്പോഴും ചേർന്ന് നിൽക്കുന്നുവെന്നാണ് ഇന്റലിജൻസ് ഏജൻസികൾ പറയുന്നത്. എഐഎയും ഇന്റലിജൻസ് ഏജൻസികളും ഈ സ്ത്രീകളുമായി കൂടിക്കാഴ്ച നടത്തിയപ്പോഴാണ് അവർ ഇപ്പോഴും തങ്ങളുടെ പ്രത്യയശാസ്ത്രത്തിൽ ഉറച്ചുനിൽക്കുന്നതായി അറിഞ്ഞത്. ഇസ്ലാമിക് സ്റ്റേറ്റിലേക്ക് മലയാളി യുവാക്കളെ റിക്രൂട്ട് ചെയ്ത സംഘത്തലവൻ തൃക്കരിപ്പൂർ ഉടുമ്പുന്തലയിലെ അബ്ദുൽ റാഷിദ് അബ്ദുള്ളയുടെ ഭാര്യ സോണിയ എന്ന ആയിഷയ്ക്കും മകൾ സാറയ്ക്കും എന്തു സംഭവിച്ചുവെന്നതിൽ ഇനിയും ആർക്കും വ്യക്തതയില്ല. റാഷിദ് അബ്ദുള്ള അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്നു സൈന്യം സ്ഥിരീകരിച്ചിട്ടുണ്ട്. റാഷിദിനൊപ്പം ഐസിസ് കേന്ദ്രത്തിലായിരുന്ന ഭാര്യയും മകളും കൊല്ലപ്പെട്ടുവെന്ന വിലയിരുത്തലും സജീവമാണ്. എന്നാൽ ഇക്കാര്യം സ്ഥിരീകരിക്കാൻ ഇന്ത്യൻ ഏജൻസികൾക്ക് ഇനിയും കഴിഞ്ഞിട്ടില്ല.

നബീസ അത്തിയക്കം

തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കുമ്പോഴാണ് കണ്ണൂർ സ്വദേശിയായ നബീസ ഭർത്താവിന്റെ ബന്ധുക്കൾക്കൊപ്പം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചത്. ഇപ്പോൾ ആ ഗ്രൂപ്പിൽ അവശേഷിക്കുന്നത് നബീസ മാത്രമാണ്. ഇവർക്കൊപ്പം ഉണ്ടായിരുന്ന കുട്ടികളെ കുറിച്ച് വിവരമൊന്നുമില്ല.

നിമിഷ

ഐസിസിൽ ചേർന്ന് മതം മാറി ഫാത്തിമ എന്ന പേര് സ്വീകരിച്ച തിരുവനന്തപുരം ആറ്റുകാൽ സ്വദേശിനി നിമിഷയും ഇക്കൂട്ടത്തിലുണ്ടെന്നാണ് വിവരം. നിമിഷയെ പാലക്കാട് സ്വദേശി ഗ്രേസിയുടെ മകൻ ബെക്സിൻ വിൻസെന്റാണ് വിവാഹം കഴിച്ചിരുന്നത്. ഐഎസിൽ
 ചേർന്ന ഇയാൾ ഈസ എന്ന പേര് സ്വീകരിച്ചായിരുന്നു ഭീകരപ്രവർത്തനം നടത്തിയിരുന്നത്. അഫ്ഗാൻ സേനക്ക് മുന്നിൽ കീഴടങ്ങിയ ഐസിസ് ഭീകരരിൽ ഈസയും ഉണ്ടെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു, ഇവരടങ്ങിയ ഫോട്ടോ അഫ്ഗാൻ സേന ഇന്ത്യക്ക് കൈമാറിയതിനെ തുടർന്ന് ഇവരെ തിരിച്ചറിയുന്നതിനായി എൻഐഎ ഇവർക്ക് മുമ്പിലേക്ക് ഈ ഫോട്ടോയെത്തിക്കുകയും ചെയ്തിരുന്നു. എൻഐഎ കാണിച്ച ഫോട്ടോയിൽ തന്റെ കൊച്ചുമകളായ ഉമ്മക്കുൽസുവിനെ ബിന്ദു തിരിച്ചറിഞ്ഞുവെന്ന റിപ്പോർട്ടും പുറത്ത് വന്നിരുന്നു. ബുർഖാ ധാരികളായ ആ മുസ്ലിം സ്ത്രീകൾക്കിടയിൽ തന്റെ മകൾ നിമിഷ എന്ന ഫാത്തിമ കൂടിയുണ്ടെന്ന് ബിന്ദു തിരിച്ചറിയുകയും ചെയ്തിരുന്നു.

തടവിലുള്ളവരെ ഇന്ത്യയിൽ എത്തിച്ചാലേ കേസ് അന്വേഷണം നടക്കൂവെന്ന് നിമിഷയുടെ അമ്മ ബിന്ദു പറഞ്ഞു. ഇവർ മതം മാറിയത് എങ്ങനെയെന്ന് പുറത്തുവരണമെങ്കിൽ ഇന്ത്യയിൽ അന്വേഷണം വേണമെന്നും ബിന്ദു വ്യക്തമാക്കി. ബിന്ദുവിന്റെ രണ്ടു മക്കളിൽ ഏക പെൺ തരിയാണ് നിമിഷ എന്ന പേരിനു പകരം ഫാത്തിമ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിക് സ്റ്റേറ്റിലേക്ക് എത്തിപ്പെടാൻ യാത്ര തിരിച്ചത്. 2016-ലാണ് ഇവർ ശ്രീലങ്ക വഴി അഫ്ഗാനിലേക്ക് കടന്നത്. കാസർകോട് പൊയിനാച്ചി സെഞ്ചുറി ഡെന്റൽ കോളേജിൽ അവസാനവർഷ ബി.ഡി.എസ്. വിദ്യാർത്ഥിനിയായിരിക്കെയാണ് ഫാത്തിമ എന്ന പേര് സ്വീകരിച്ച് നിമിഷ അമ്മ ബിന്ദുവിനെയും കുടുംബത്തേയും ഉപേക്ഷിച്ച് കടൽ കടക്കുന്നത്.



അന്ന് നിമിഷയുടെ ഭർത്താവായി മാറിയത് ഗ്രേസിയുടെ മകനായ ഈസയും. നദ്വത്തുൽ മുജാഹിദീന്റെ സജീവപ്രവർത്തകരായ ആയിശ, മറിയ എന്നിവർ വഴി പരിചയപ്പെട്ട ബെക്സൻ വിൻസെന്റ് എന്ന ഗ്രേസിയുടെ മകനാണ് ഈസ എന്ന് പേര് സ്വീകരിച്ച് ഇസ്ലാമിലേക്ക് മതം മാറുന്നത്. ഈ ഈസയാണ് നിമിഷ ഫാത്തിമ പരിചയപ്പെടുന്നതും വിവാഹം കഴിക്കുന്നതും. നിമിഷ ഫാത്തിമയാകുന്നത് അമ്മയായ ബിന്ദുവും കുടുംബവും അറിയാതിരിക്കുന്നത് പോലെ  ബെക്സൻ വിൻസെന്റ് എന്ന ഈസ മതം മാറിയത് അമ്മയായ ഗ്രേസി അറിഞ്ഞിരുന്നില്ല. സമാനദുഃഖിതരുടെ ഈ കൂട്ടായ്മ പിന്നീട് ഇവരുടെ മോചനത്തിനും വാർത്തകൾക്കും വേണ്ടി കാത്തിരിക്കുകയായിരുന്നു.

മെറിൻ ജേക്കബ്-മറിയം

കൊച്ചി സ്വദേശിയായ മെറിൻ ജേക്കബ് പാലത്താണ് മറ്റൊരാൾ. അബ്ദുൾ റാഷിദിന്റെ വലയിൽ പെട്ടതിന് ശേഷം ബെക്സിൻ വിൻസന്റിന്റെ സഹോദരൻ ബെസ്റ്റിൻ വിൻസന്റിനെ വിവാഹം ചെയ്തതിനെ തുടർന്നതോടെയാണ് മറിയം എന്ന പേര് സ്വീകരിച്ചത്. തുടർന്ന് സംഘം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു.ഭർത്താവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതിനെ തുടർന്ന് മറിയം റാഷിദിനെ വിവാഹം കഴിച്ചെങ്കിലും വിധവയാകാനായിരുന്നു വിധി. ഇവർക്കൊപ്പം ആയിഷ എന്ന പേരുസ്വീകരിച്ച റാഷിദിന്റെ മുൻ ഭാര്യ സോണിയ സെബാസ്റ്റ്യനുമുണ്ടായിരുന്നു.

സ്‌കൂൾ വിദ്യാഭ്യാസകാലം മുതൽ സഹോദരന്റെ കൂട്ടുകാരനായ ബെസ്റ്റിൻ വിൻസെന്റിനെ മെറിന് അറിയാം. അന്നുമുതൽ മെറിന് ഇയാളോട് പ്രണയമുണ്ടായിരുന്നു എന്നാണ് സൂചന. പിന്നീട് മെറിന് എറണാകുളം സെന്റ് തെരേസാസ് കോളജിൽ വിദ്യാർത്ഥിനിയായിരിക്കുമ്പോൾ ഇവർ തമ്മിൽ യാതൊരു ബന്ധവുമില്ലായിരുന്നു. കോളേജ് പഠനം പൂർത്തിയാക്കിയ മെറിന് ഐബിഎം കമ്പനിയിൽ കാമ്പസ് സെലക്ഷൻ കിട്ടി. ജോലിക്കു മുൻപുള്ള ട്രെയ്‌നിംഗിനായി മെറിൻ മുംബയിൽ എത്തിയപ്പോഴാണ് പഴയ കളിക്കൂട്ടുകാരനുമായി വീണ്ടും ബന്ധത്തിലാവുന്നത്.

ഇവിടെനിന്നും അവധിക്കു വിട്ടിൽ വന്ന മെറിൻ ഇസൽമിക രീതിയിലുള്ള പ്രാർത്ഥനകൾ മറ്റും ചെയുന്നതു കണ്ടു വീട്ടുകാർ ഞെട്ടി. എന്നാൽ ബെസ്റ്റിൻ മുംബൈയിലുള്ള കാര്യം വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. പിന്നീടു ബെസ്റ്റിനെ കല്യാണം കഴിക്കണമെന്നുള്ള വാദം മെറിൻ ഇവരുടെ മുൻപിൽ വച്ചു. ഒപ്പം ബെസ്റ്റിൻ മതം മാറിയ വിവരവും വീട്ടിൽ മെറിൻ അറിയിച്ചു. ഈ ബന്ധത്തിൽനിന്നും മെറിൻ മാറില്ലെന്നു മനസിലായ മെറിന്റെ പിതാവ് വിവാഹം നടത്തിക്കൊടുക്കാമെന്നുള്ള തിരുമാനത്തിൽ പാലക്കാട്ടുള്ള ബെസ്റ്റിന്റെ വിട്ടിൽ എത്തി. എന്നാൽ അവിടെ നിന്നറിഞ്ഞ കാര്യങ്ങളിൽ പന്തികേട് തോന്നിയ മെറിന്റെ.പിതാവ് ജേക്കബ് കല്യാണം നടക്കില്ലെന്നു മെറിനോട്.പറഞ്ഞു. എന്നാൽ തനിക്കിനി വേറെ വിവാഹം നടക്കില്ലെന്നും മതം മാറി യഹ്യയായ ബെസ്റ്റിനുമായി ഒരു വർഷം വിവാഹം മുൻപ് രജിസ്റ്റർ ചെയ്തതാണെന്നും മെറിൻ അറിയിച്ചു.

മകളുടെ മാറ്റം കണ്ട വീട്ടുകാർ മുംബൈയിലെ ട്രെയിനിങ് നിർത്തിച്ചു മെറിനെ നാട്ടിൽ കൊണ്ടുവന്നുവെങ്കിലും ഇവിടെനിന്നു പിന്നീടും മെറിൻ മുംബൈ നഗരത്തിൽ എത്തി. പിന്നീടും മെറിൻ വീട്ടിലേക്കു പലതവണ ഫോൺ ചെയ്തു വിശേഷങ്ങൾ തിരക്കിയിരുന്നു. എന്നാൽ റംസാൻ ആയപ്പോൾ മെറിന്റെ വിവരങ്ങൾ ഒന്നും ഉണ്ടായില്ല. റംസാൻ നോമ്പ് തുടങ്ങുന്നതിനു മുൻപു വരെ വീട്ടിലേക്കു മെറിൻ വിളിക്കാറുണ്ടായിരുന്നു. അതിനു ശേഷം ബന്ധമൊന്നും ഇല്ലാതായി. വിളിച്ചിരുന്ന നമ്പറുകളിൽ തിരിച്ചുവിളിച്ചിട്ടും കിട്ടാതായപ്പോൾ മെറിനൊപ്പം മുംബൈയിൽ ജോലി ചെയ്തിരുന്ന പൂനം എന്ന സുഹൃത്തിനെ വീട്ടുകാർ ബന്ധപ്പെട്ടു.



എന്നാൽ വിവരമൊന്നുമില്ലെന്നായിരുന്നു പൂനത്തിന്റെയും മറുപടി. ബെസ്റ്റിൻ മെറിനേ കാണാൻ പലതവണ വരാറുണ്ടെന്നും ഇസ്ലാമിക് കാര്യങ്ങളിലാണ് മെറിൻ താല്പര്യം കാണിച്ചതെന്നും ഐഎസ് വിഡിയോകൾ കാണുന്ന പതിവ് മെറിനുണ്ടായിരുന്നതായും സുഹൃത്തു പറഞ്ഞു. അവനോടൊപ്പം ആയിരിക്കും മെറിൻ എന്ന് പറഞ്ഞപ്പോഴാണ് കാര്യങ്ങൾ കൈവിട്ട കാര്യം വീട്ടുകാരും അറിയുന്നത്

റഹൈല പുരയിൽ-ഷംസിയ പുരയിൽ

കാസർകോഡ് നിന്ന് അഫ്ഗാനിസ്ഥാനിലേക്ക് പോയ ഇജാസ് പുരയിലിന്റെ ഭാര്യ റഹൈല പുരയിലാണ് കാബൂളിലെ ജയിലിൽ കഴിയുന്ന മറ്റൊരാൾ.

ഇജാസ് പുരയിലിന്റെ സഹോദരൻ ഷിയാസ് പുരയിലിന്റെ ഭാര്യ ഷംസിയ പുരയിലും ജയിലിലുണ്ട്. അഫ്ഗാനിസ്ഥാനിലേക്ക് തിരിക്കും മുമ്പ് ഷംസിയ കൈക്കുഞ്ഞിന്റെ അമ്മയായിരുന്നു. തന്റെ രണ്ടുമക്കൾ ഇജാസും ഷിയാസും അബ്ദുൾ റാഷിദിന്റെ ജിഹാദി പ്രചാരണത്തിൽ വീണുപോയെന്ന് ഇജാസിന്റെ പിതാവ് അബ്ദുൾ റഹ്മാൻ പറയുന്നു.