തിരുവനന്തപുരം: നിമിഷ ഫാത്തിമയുടെ മോചനത്തിൽ സന്തോഷമുണ്ടെന്ന് അമ്മ ബിന്ദു. അഫ്ഗാനിൽ തടവിലായിരുന്ന നിമിഷയടക്കമുള്ള എട്ട് മലയാളികളെ താലിബാൻ മോചിപ്പിച്ചതായ വാർത്ത പുറത്തുവന്നതിനു പിന്നാലെയാണ് ബിന്ദുവിന്റെ പ്രതികരണം.

അധികാരം പിടിച്ചതിന് പിന്നാലെ അഫ്ഗാനിൽ വിവിധ ജയിലുകളിൽ തടവിലായിരുന്ന 5000 ത്തോളം പേരെ താലിബാൻ മോചിപ്പിച്ചതായി റിപ്പോർട്ടുകളുണ്ടായിരുന്നു. മോചിതരായ ആയിരക്കണക്കിന് തടവുകാരിൽ ഐഎസ്സിൽ ചേരാനായി ഇന്ത്യ വിട്ട എട്ട് മലയാളികളും ഉണ്ടെന്ന് ഇന്റലിജൻസിന് വിവരം ലഭിച്ചിരുന്നു.

കേരളത്തിൽ നിന്ന് ഐഎസിൽ ചേരാൻ പോയി അവിടെ സൈന്യത്തിന്റെ പിടിയിലാകുകയും ജയിലിലടക്കുകയും ചെയ്ത നിമിഷ ഫാത്തിമ അടക്കമുള്ള മലയാളികളും മോചിതരായവരിൽ ഉണ്ടെന്നാണ് വിവരം. ഐഎസ്സിൽ ചേർന്ന നിമിഷാ ഫാത്തിമയ്ക്ക് ഒരു കുഞ്ഞുണ്ട്. നിമിഷയെ പാർപ്പിച്ച അഫ്ഗാനിലെ കാബൂളിലുള്ള ജയിൽ താലിബാൻ തകർത്തിരുന്നു.

'അഫ്ഗാനിസ്താനിൽ നിന്നുള്ള ഇന്റലിജൻസ് റിപ്പോർട്ടെന്നാണ് അറിഞ്ഞത്. സത്യാവസ്ഥ എനിക്കറിയില്ല. ദൈവത്തിന് നന്ദി', ബിന്ദു പ്രതികരിച്ചു.

ഭീകരസംഘടനയായ ഐ.എസിൽ ചേരാൻ 2016-ലാണ് ഭർത്താവ് പാലക്കാട് സ്വദേശി ബെക്‌സനോടൊപ്പം നിമിഷ നാടുവിട്ടത്. നിമിഷ അടക്കമുള്ള ഇന്ത്യക്കാരെ തിരിച്ചയക്കാൻ ഗനി ഭരണത്തിലുണ്ടായിരുന്ന കാലത്ത് അഫ്ഗാനിസ്താൻ തയ്യാറായിരുന്നു.

എന്നാൽ, രാജ്യസുരക്ഷ കണക്കിലെടുത്ത് ഇവരെ തിരികെ കൊണ്ടുവരേണ്ടെന്ന നിലപാടാണ് ഇന്ത്യ സ്വീകരിച്ചത്. ഇതു ചോദ്യംചെയ്ത് നിമിഷയുടെ അമ്മ ബിന്ദു ഹർജി നൽകിയിരുന്നു. മകളെയും ചെറുമകൾ ഉമ്മു കുൽസുവിനെയും നാട്ടിലെത്തിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകണമെന്നും കുഞ്ഞിന്റെ സംരക്ഷണം തനിക്കു വിട്ടുകിട്ടണമെന്നുമായിരുന്നു ബിന്ദുവിന്റെ ആവശ്യം.
നിമിഷ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ ഇന്ത്യയിലെ നിയമം അനുശാസിക്കുന്ന ശിക്ഷ നൽകാമെന്നും അമ്മ ബിന്ദു പറഞ്ഞു.

മുൻ ഇസ്ലാമിക് സ്റ്റേറ്റ്, അൽ ഖ്വെയ്ദ തീവ്രവാദികളടക്കം ആയിരക്കണക്കിന് പേരെയാണ് ഞായറാഴ്ച നടത്തിയ ആക്രമണത്തിൽ താലിബാൻ കാബൂൾ ജയിലിൽ നിന്ന് മോചിപ്പിച്ചത്. പുൾ-എ-ചർക്കി എന്ന കാബൂൾ ജയിലിലായിരുന്നു നിമിഷ ഫാത്തിമ ഉണ്ടായിരുന്നതെന്നാണ് സൂചന. ഇവിടെ അയ്യായിരത്തോളം തടവുകാരാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ ജയിലാണിത്.