കോഴിക്കോട്: നിപ്പ ഭീതിയിൽ കൂടുതൽ ആശ്വാസം. മൃഗങ്ങളിൽനിന്ന് ശേഖരിച്ച സാന്പികളും നെഗറ്റീവായി. വവ്വാലുകളുടെയും ആടുകളുടെയും സാന്പിളുകളുടെ പരിശോധനാഫലമാണ് നെഗറ്റീവായിരിക്കുന്നത്.

ചാത്തമംഗലത്തനിന്ന് ശേഖരിച്ച സാന്പിളുകളാണ് പരിശോധിച്ചത്. ഭോപ്പാൽ വൈറോളജി ഇൻസ്റ്റ്യൂട്ടിലാണ് ഇവ പരിശോധിച്ചതെന്നും ആരോഗ്യമന്ത്രി വീണ ജോർജ് പറഞ്ഞു. മരിച്ച കുട്ടിയുമായി സന്പർക്ക പട്ടികയിലുണ്ടായിരുന്ന 20 പേരുടെ പരിശോധന ഫലം കൂടി നെഗറ്റീവായി. ഇതോടെ ആകെ 108 പേരുടെ പരിശോധന ഫലം നെഗറ്റീവായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

94 പേർക്കായിരുന്നു രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. ഇവരുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നും ഇത് ആശ്വാസകരമായ സാഹചര്യമാണെന്നും മന്ത്രി നേരത്തെ പറഞ്ഞിരുന്നു.

അതേസമയം സമ്പർക്കപ്പട്ടികയിലുൾപ്പെട്ട ഹൈ റിസ്‌ക് കാറ്റഗറിയിൽ പെട്ടവരെ പ്രത്യേകമായി നിരീക്ഷിച്ചു വരികയാണെന്നും മന്ത്രി അറിയിച്ചു. പുതുതായി ആർക്കും നിപ്പ സ്ഥിരീകരിച്ചിട്ടില്ലെങ്കിലും കോഴിക്കോട് ജില്ലയിൽ കൃത്യമായി നിരീക്ഷണം നടത്താൻ തന്നെയാണ് തീരുമാനിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.