കോഴിക്കോട്: ജില്ലയിലെ ചാത്തമംഗലം പഞ്ചായത്തിൽ നിപ വൈറസ് ബാധിച്ച് 12 വയസ്സുകാരൻ മരിച്ച പശ്ചാത്തലത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി കേരളം. മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കും ഐസൊലേഷനുമായി സജ്ജമാക്കി. നിപ രോഗികൾക്ക് മാത്രമായി നെഗറ്റീവ് പ്രഷർ ഐസിയുവും സജ്ജീകരിച്ചിട്ടുണ്ട്. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് വ്യക്തമാക്കി.

ഐസിയു ബെഡുകളുടേയും വെന്റിലേറ്ററുകളുടേയും ലഭ്യത ഉറപ്പാക്കുന്നതാണെന്നും രോഗിയുമായി സമ്പർക്കത്തിലുള്ളവരെ അടിയന്തരമായി മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിക്കാൻ ആംബുലൻസ് സൗകര്യം ഉറപ്പുവരുത്തുമെന്നും വീണാ ജോർജ് പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിപ പ്രതിരോധവുമായി ബന്ധപ്പെട്ട ജീവനക്കാരുടെ ഒഴിവുകൾ ഉടൻ നികത്തുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.


നിപ പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ തന്നെ ചെയ്യാനുള്ള സൗകര്യമൊരുക്കും. എൻഐവി പൂനയുമായി സഹകരിച്ച് പോയിന്റ് ഓഫ് കെയർ ടെസ്റ്റിങ് അവിടെ നടത്തും. അത് ഒരിക്കൽ കൂടി കൺഫോം ചെയ്യാൻ എൻഐവി പൂനയിലേക്ക് അയയ്ക്കും. 12 മണിക്കൂറിനുള്ളിൽ പരിശോധനാ ഫലം അറിയിക്കുന്നതാണ്. ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലെ വിദഗ്ധ സംഘം ഉടൻ മെഡിക്കൽ കോളേജിൽ എത്തുമെന്നും മന്ത്രി പറഞ്ഞു.

വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ആരോഗ്യമന്ത്രി കോഴിക്കോട് മെഡിക്കൽ കോളേജ് സന്ദർശിച്ച് യോഗം ചേർന്ന് പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ മന്ത്രിമാരായ എ കെ ശശീന്ദ്രൻ, പി എ മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവർ കോഴിക്കോട്ടെത്തി പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നുണ്ട്.

ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് കോഴിക്കോട്ട് നടത്തി വരുന്നത്. വൈറസ് റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോഗം ചെർന്ന് ആക്ഷൻ പ്ലാൻ രൂപീകരിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ 16 കമ്മിറ്റികൾ രൂപീകരിച്ചു. കോണ്ടാക്ട് ട്രെയ്‌സിങ്, കമ്മ്യൂണിറ്റി സർവയലൻസ്, ഡേറ്റ അനാലിസിസ് തുടങ്ങിയവയാണ് ഈ കമ്മിറ്റികളുടെ ദൗത്യം.

188 പേരുടെ സമ്പർക്ക പട്ടിക തയ്യാറാക്കിയിരുന്നു. അതിൽ 20പേർ ഹൈ റിസ്‌കാണ്. ഇതോടൊപ്പം റൂട്ട് മാപ്പും തയ്യാറാക്കി. ഹൈ റിസ്‌കിലുള്ളവരെ മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്.

മരുന്ന് ലഭ്യതയും സുരക്ഷാ സാമഗ്രികളും ഉറപ്പാക്കി. മോണോക്ലോണൽ ആന്റിബോഡി ആസ്‌ട്രേലിയയിൽ നിന്നും ഐസിഎംആർ ഏഴ് ദിവസത്തിനുള്ളിൽ എത്തിക്കുമെന്ന് ഉറപ്പ് നൽകി.നിപ വൈറസിന്റെ ഉറവിടം കണ്ടെത്താൻ ഊർജിത ശ്രമം നടക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളുമായും ചർച്ച നടത്തി. അസ്വാഭാവികമായ പനി, അസ്വാഭാവിക മരണങ്ങൾ എന്നിവ ഉണ്ടായാൽ ഉടൻ റിപ്പോർട്ട് ചെയ്യാൻ എല്ലാ ആശുപത്രികൾക്കും നിർദ്ദേശം നൽകിയിട്ടുണ്ട്. ഡേറ്റ പെട്ടന്ന് കൈമാറാനായി പ്രത്യേക സംവിധാനവും ഒരുക്കിയിട്ടുണ്ട്.

അതേ സമയം നിപ വൈറസ് ബാധിച്ച് മരിച്ച കുട്ടിയുടെ അമ്മയ്ക്കു നേരിയ പനി അനുഭവപ്പെട്ടു. ഇവരുടെ സ്രവ സാംപിൾ പരിശോധനയ്ക്ക് അയയ്ക്കും. പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ള ഇവർ ഹൈ റിസ്‌ക് വിഭാഗത്തിലാണ്.

കുട്ടിയെ പരിചരിച്ച രണ്ട് ആരോഗ്യപ്രവർത്തകർക്ക് രോഗലക്ഷണങ്ങൾ കണ്ടതോടെ സമീപ ജില്ലകളിലടക്കം ജാഗ്രതാനിർദ്ദേശം നൽകി. ഒരാൾ മെഡിക്കൽ കോളജിലേയും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലേയും ജീവനക്കാരനാണ്. രോഗത്തിന്റ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. രോഗത്തിന്റ ഉറവിടം കണ്ടെത്താനുള്ള ശ്രമം ഊർജിതമാക്കിയിരുന്നു.

നിപ വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്ച നിർണായകമെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തൽ. ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച കുട്ടിയുടെ വീട്. ഈ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി.

നിരീക്ഷണത്തിലുള്ളവർക്കായി സെപ്റ്റംബർ ആറിന് വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൺഫേർമേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാകും.

കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പർക്ക പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകരേയും ഉപയോഗപ്പെടുത്തും. ന്യൂ ഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അധികൃതരോട് പുതിയ മോണോക്ലോണൽ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്.