കോഴിക്കോട്: ജില്ലയിൽ നിപ വൈറസ് സ്ഥിരീകരിച്ച 12 വയസുകാരൻ മരിച്ച സാഹചര്യത്തിൽ വൈറസ് വ്യാപനം തടയുന്നതിൽ അടുത്ത ഒരാഴ്ച നിർണായകമെന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ്ജ്. ആശങ്ക വേണ്ട, അതീവജാഗ്രത കർശനമായും പാലിക്കണം. കേന്ദ്രസംഘമെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. അതോടൊപ്പം ആരോഗ്യവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും ജില്ലയിലെത്തുമെന്നും മന്ത്രി പറഞ്ഞു.

നിപ പ്രതിരോധ പ്രവർത്തനങ്ങൾ സംബന്ധിച്ച് മന്ത്രിമാരായ എ.കെ.ശശീന്ദ്രൻ, പി.എ.മുഹമ്മദ് റിയാസ്, അഹമ്മദ് ദേവർകോവിൽ എന്നിവരുടെ സാന്നിധ്യത്തിൽ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേർന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

മെഡിക്കൽ കോളേജിലെ പേ വാർഡ് ബ്ലോക്ക് നിപ ചികിത്സയ്ക്കായി മാറ്റിയിട്ടുണ്ട്. അവിടെയുണ്ടായിരുന്ന രോഗികളെ മറ്റുവാർഡുകളിലേക്ക് മാറ്റി. ഹൈ റിസ്‌ക്ക് പട്ടികയിലുള്ള 18 പേരെ ഇവിടെ പ്രവേശിപ്പിച്ചു. പേ വാർഡ് ബ്ലോക്കിൽ താഴെ നിലയിൽ രോഗം സ്ഥിരീകരിക്കുന്നവരേയും മറ്റു രണ്ട് നിലകളിൽ നിരീക്ഷണത്തിലുള്ളവരേയുമാണ് പ്രവേശിപ്പിക്കുക.

ചാത്തമംഗലം പഞ്ചായത്തിലാണ് നിപ ബാധിച്ച കുട്ടിയുടെ വീട്. ഈ വീടിനടുത്ത പ്രദേശങ്ങളെ ഉൾപ്പെടുത്തി മൂന്ന് കിലോമീറ്റർ ചുറ്റളവ് കണ്ടെയിന്റ്‌മെന്റ് സോണാക്കി. സമീപ പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലും മലപ്പുറം, കണ്ണൂർ ജില്ലകളിലും ജാഗ്രതാ നിർദ്ദേശം നൽകി. ചികിത്സയുമായി ബന്ധപ്പെട്ട് ആവശ്യത്തിനനുസരിച്ചുള്ള മരുന്നുകളുടെ ലഭ്യത ഉറപ്പു വരുത്തിയിട്ടുണ്ട്.

നിരീക്ഷണത്തിലുള്ളവർക്കായി സെപ്റ്റംബർ ആറിന് വൈകുന്നേരത്തിനുള്ളിൽ പോയിന്റ് ഓഫ് കെയർ (ട്രൂനാറ്റ്) പരിശോധന കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചു തന്നെ നടത്തും. പുനെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതിനായി സംഘമെത്തി ലാബ് സജ്ജീകരിക്കും. പോയിന്റ് ഓഫ് കെയർ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തിയാൽ പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ കൺഫേർമേറ്റീവ് പരിശോധന നടത്തി 12 മണിക്കൂറിനുള്ളിൽ ഫലം ലഭ്യമാക്കാമെന്ന് ഇൻസ്റ്റിറ്റ്യൂട്ട് അധികൃതർ അറിയിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

നിലവിൽ ഒരു പോസിറ്റീവ് കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പൂണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇതുസംബന്ധിച്ച് അറിയിപ്പ് ലഭിച്ച ഉടൻതന്നെ ആരോഗ്യവകുപ്പ് അടിയന്തര യോഗം വിളിച്ചുചേർത്തിരുന്നു. വിവിധ കമ്മിറ്റികൾ ഈ അടിസ്ഥാനത്തിൽ രൂപീകരിച്ചിട്ടുണ്ട്. വൈറസ് സ്ഥിരീകരിച്ച കുട്ടിയുമായി അടുത്ത സമ്പർക്കത്തിൽപെട്ടവർ, ചികിത്സതേടിയ സ്വകാര്യ ക്ലിനിക്ക്, സ്വകാര്യ ആശുപത്രികൾ, മെഡിക്കൽ കോളേജ് എന്നിവിടങ്ങളിലെ സമ്പർക്ക പട്ടിക തയ്യാറായിട്ടുണ്ട്. 188 പേരാണ് നിലവിൽ സമ്പർക്ക പട്ടികയിലുള്ളത്. ഇതിൽ 18 പേർ ഹൈ റിസ്‌ക് സമ്പർത്തിലുള്ളവരാണ്. ആരോഗ്യപ്രവർത്തകരായ രണ്ട് പേർക്കാണ് രോഗലക്ഷണങ്ങളുള്ളത്. ഒരാൾ മെഡിക്കൽ കോളജിലേയും മറ്റൊരാൾ സ്വകാര്യ ആശുപത്രിയിലേയും ജീവനക്കാരനാണ്.

കുട്ടിയുടെ റൂട്ട് മാപ്പുമായി ബന്ധപ്പെട്ട് ആരും വിട്ടുപോകാത്ത തരത്തിലുള്ള സമ്പർക്ക പട്ടികയാണ് ശേഖരിക്കുന്നത്. നിപ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പരിചയ സമ്പന്നരായ ആരോഗ്യപ്രവർത്തകരേയും ഉപയോഗപ്പെടുത്തും. ന്യൂ ഡൽഹി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് അധികൃതരോട് പുതിയ മോണോക്ലോണൽ ആന്റിബോഡി ആവശ്യപ്പെട്ടിട്ടുണ്ട്. ഏഴ് ദിവസത്തിനുള്ളിൽ ലഭ്യമാക്കുമെന്ന് മറുപടി ലഭിച്ചതായും മന്ത്രി അറിയിച്ചു.