കോഴിക്കോട്: നിപ വൈറസ് സ്ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് അതീവ ജാഗ്രത. നിപ ബാധിച്ച് മരിച്ച 12 വയസുകാരന്റെ രക്ഷിതാക്കളും അയൽവാസികളുമടക്കം 17 പേരാണ് നിലവിൽ നിരീക്ഷണത്തിലാണുള്ളത്. ഇവർ 21 ദിവസം ക്വാറന്റീനിൽ കഴിയേണ്ടി വരും.

തെങ്ങുകയറ്റ തൊഴിലാളിയായ പിതാവും കുട്ടിയുമായി പ്രാഥമിക സമ്പർക്കത്തിലേർപ്പെട്ട 17 പേരാണ് ഇവർ. കൂടാതെ വീട് സ്ഥിതി ചെയ്യുന്നതടക്കമുള്ള നാലു വാർഡുകൾ പൂർണമായും അടച്ചു. ചാത്തമംഗലം പഞ്ചായത്തിലെ കൂളിമാട്, പാഴൂർ, മുന്നൂര്, ചിറ്റാരിപ്പിലാക്കിൽ എന്നീ ഭാഗങ്ങളിൽ നിയന്ത്രണമേർപ്പെടുത്തിയിരിക്കുകയാണ്. കോവിഡ് പ്രോട്ടോകോൾ ഉള്ളതു കൊണ്ട് സ്ഥിതി ഗുരുതരമാകില്ലെന്നാണ് വിലയിരുത്തൽ.

12-വയസുകാരന് രോഗം വന്നതിന്റെ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രിയോടെയാണ് കുട്ടിക്ക് രോഗം സ്ഥിരീകരിച്ചത്. പ്ലാസ്മ, സിഎസ്എഫ്, സെറം എന്നീ മൂന്ന് സാമ്പിളുകളും പോസിറ്റീവാണെന്ന് പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നു. തുടർന്ന് അർധ രാത്രിയോടെ കുട്ടിയുടെ വീട് ഉൾപ്പെടുന്ന പ്രദേശം പൊലീസെത്തി അടച്ചു.

ഈ വീടുൾപ്പെടുന്ന വാർഡിലേക്കുള്ള റോഡും അടച്ചു. 17 പേരെ നിരീക്ഷണത്തിലാക്കി. മരിച്ച കുട്ടിയുടെ അഞ്ചു ബന്ധുക്കളും ഇതിൽ ഉൾപ്പെടും. കുട്ടിയുടെ പിതാവിന്റെ സഹോദരന് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. ദമ്പതികളുടെ ഏക മകനാണ് മരിച്ച 12-വയസുകാരൻ.

ചാത്തമംഗലം പഞ്ചായത്ത് മുഴുവൻ കർശന നിയന്ത്രണത്തിലാണ്. പ്രദേശത്തുള്ള ആർക്കെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യവകുപ്പിനെ അറിയിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. മാവൂർ പഞ്ചായത്തിലും നിരീക്ഷണം കർശനമാക്കും. മലപ്പുറത്തും കണ്ണൂരും വയനാടും ജാഗ്രതയും പുലർത്തും. ഇന്ന് രാവിലെ നാലരയോടെയാണ് കുട്ടിയുടെ മരണം സ്ഥിരീകരിച്ചത്. മാതാപിതാക്കളും കുട്ടിയുമായി അടുത്തിടപഴകിയ ബന്ധുക്കളും അയൽവാസികളും നിരീക്ഷണത്തിലാണ്.

നേരത്തെ കുട്ടിയെ ചികിത്സിച്ച ആശുപത്രിയിലെ ആരോഗ്യപ്രവർത്തകരെ ക്വാറന്റീനിൽ പ്രവേശിപ്പിക്കാനും ആരോഗ്യ വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. ഇതിനിടെ കുട്ടിക്ക് രോഗം ബാധിച്ചതിന്റെ ഉറവിടം കണ്ടെത്താനുള്ള നടപടികൾ ആരോഗ്യ വകുപ്പ് തുടങ്ങിയിട്ടുണ്ട്. പ്രദേശത്തെ ദേശാടന പക്ഷികളുടേയും വവ്വാലുകളുടേയും സാന്നിധ്യമാണ് അന്വേഷിക്കുന്നത്. കൂടുതൽ പരിശോധനകൾ വരുംദിവസങ്ങളിൽ നടന്നേക്കും.

പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച മൂന്നു സാംപിളുകളും പോസിറ്റീവായതായി ആരോഗ്യമന്ത്രി വീണാ ജോർജ് സ്ഥിരീകരിച്ചിരുന്നു. രാവിലെ ആരോഗ്യവകുപ്പ് അധികൃതരെത്തി സ്വകാര്യ ആശുപത്രിയിൽനിന്ന് മൃതദേഹം ഏറ്റുവാങ്ങും. തുടർന്ന് ലോകാരോഗ്യസംഘടനയുടെ മാനദണ്ഡങ്ങൾ പ്രകാരം സംസ്‌കാരം നടത്തും.

ആരോഗ്യമന്ത്രിയും ഡൽഹിയിൽ നിന്നുള്ള വിദഗ്ധ സംഘവും ഇന്ന് കോഴിക്കോട്ടെത്തും. നേരത്തെ ഈ കുട്ടിക്ക് കോവിഡ് ബാധിച്ചിരുന്നു. എന്നാൽ പനി മാറാഞ്ഞതിനെത്തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന കുട്ടിയെ രണ്ട് ദിവസം മുമ്പാണ് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

അതേസമയം ആശങ്കവേണ്ടെ, എന്നാൽ കോഴിക്കോടിന് പുറമെ കണ്ണൂർ, മലപ്പുറം ജില്ലകളിലുള്ളവരും ജാഗ്രത പുലർത്തണമെന്നും ആരോഗ്യ മന്ത്രി വീണാ ജോർജ് അറിയിച്ചു. 2018 മേയിലാണ് സംസ്ഥാനത്ത് ആദ്യമായി നിപ വൈറസ് റിപ്പോർട്ട് ചെയ്തത്. വൈറസ് ബാധയെ തുടർന്ന് അന്ന് 17 പേരാണ് മരിച്ചത്.