തിരുവനന്തപുരം: കോഴിക്കോട്ടെ നിപ സ്ഥിരീകരിച്ചത് സ്വകാര്യ ആശുപത്രിയിലെ ചികിൽസയ്ക്കിടെ. കോഴിക്കോട് മെഡിക്കൽ കോളേജിൽ നിന്നാണ് ഈ രോഗി സ്വകാര്യ ആശുപത്രിയിൽ എത്തിയത്. മുമ്പ് രണ്ട് ആശുപത്രികളിലും ചികിൽസ തേടിയിരുന്നു. മസ്തിഷ്‌ക ജ്വരം ബാധിച്ചതോടെയാണ് നിപയിൽ സംശയം തോന്നിയത്. സാമ്പിൾ പരിശോധന അത് ശരിവയ്ക്കുകയും ചെയ്തു.

ഈ മാസം ഒന്നാം തീയതിയാണ് നിപ ലക്ഷണങ്ങളോടെ കുട്ടിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നേരത്തെ കുട്ടി കോവിഡ് പോസിറ്റീവായിരുന്നു. നിരവധി പേരുമായി കുട്ടി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരെ എല്ലാം കണ്ടെത്തും. എല്ലാവരുടേയും ആരോഗ്യവും പരിശോധിക്കും. നിപാ വൈറസ് ബാധിച്ചാൽ രണ്ടാഴ്ചയ്ക്ക് ശേഷമേ അസുഖം വ്യക്തമാകൂ. അതുകൊണ്ട് തന്നെ ഇനിയുള്ള മൂന്നാഴ്ച കേരളത്തിന് നിർണ്ണായകമാണ്.

നിലവിലെ സമ്പർക്കപ്പട്ടികയിൽ ആർക്കും അസുഖമില്ല. എങ്കിലും മൂന്നാഴ്ചയ്ക്ക് ശേഷമേ ഇക്കാര്യത്തിൽ വ്യക്തത വരൂ. കുട്ടിയുടെ മൂന്ന് സാമ്പിൾ പരിശോധനയുടെ ഫലവും പോസിറ്റീവാണഅ. പുണെ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് സംസ്ഥാന ആരോഗ്യവകുപ്പിനു വിവരം കൈമാറി. മ്പർക്ക ബാധിതരെ വിലയിരുത്താൻ ആരോഗ്യവകുപ്പ് വിവരങ്ങൾ തേടുകയാണ്.

2018 മേയിലാണ് കേരളത്തിൽ ആദ്യമായി നിപ്പ വൈറസ് ബാധ ഉണ്ടായത്. പേരാമ്പ്ര ചങ്ങരോത്ത് പഞ്ചായത്തിലാണ് ആദ്യം കേസ് റിപ്പോർട്ട് ചെയ്തത്. ഇരുപതോളം പേർ മരിച്ചു. കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ഈ വൈറസ് ബാധ ഏറെ ആശങ്ക പരത്തിയിരുന്നു.

പനിയും ഛർദിയുമായി ബുധനാഴ്ചയാണ് കുട്ടിയെ സ്വാകാര്യ ശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ആറ് ദിവസമായി കുട്ടി വെന്റിലേറ്ററിലായിരുന്നു. നിപയുടെ ലക്ഷണങ്ങൾ കണ്ടതോടെ സാന്പിളുകൾ പരിശോധനയ്ക്ക് അയയ്ക്കുകയായിരുന്നു.

നിപ സ്ഥിരീകരിച്ചതോടെ ചാത്തമംഗലം പഞ്ചായത്തിൽ ആരോഗ്യവകുപ്പ് സുരക്ഷാ ക്രമീകരണം ശക്തമാക്കി. പാഴൂരിലെ റോഡുകളും അടച്ചു.