കൊച്ചി: കാക്കനാട് ബോസ്റ്റൽ സ്‌കൂളിൽ ജുഡീഷ്യൽ കസ്റ്റഡിയിലിരിക്കെ വട്ടകപ്പാറ തൈപ്പറമ്പിൽ ടി.എച്ച്.ഷെഫീഖ് (36) ചികിത്സയ്ക്കിടെ മരിച്ചതിന് പിന്നിൽ ജയിൽ അധികാരികളുടെ ക്രൂരത. വൈറ്റില പാലം ഉദ്ഘാടനത്തിന്റെ പേരിൽ പൊലീസ് അറസ്റ്റ് ചെയ്ത നിപുൺ ചെറിയാന്റെ വെളിപ്പെടുത്തൽ ഇക്കാര്യത്തിൽ നിർണ്ണായകമാകും. ജയിലിലെ ചികിൽസ നിഷേധമാണ് അദ്ദേഹം ചർച്ചയാക്കുന്നത്. ഇതിനൊപ്പം കേരളത്തിലെ ജയിലറകളിലെ ക്രൂരതകളിലേക്ക് കൂടി വെളിച്ചം വീശുന്നതാണ് നിപുൺ ചെറിയാന്റെ വിശദീകരണങ്ങൾ.

ഷഫീഖ് തലയടിച്ചു വീഴുന്നതു താൻ കണ്ടുവെന്നും ചികിത്സ വൈകിയെന്നുമുള്ള വെളിപ്പെടുത്തലുമായി വിഫോർ കേരള കോഓർഡിനേറ്റർ നിപുൺ ചെറിയാൻ രംഗത്ത് എത്തുമ്പോൾ പ്രതിക്കൂട്ടിലാകുന്നത് ജയിൽ വകുപ്പാണ്. ഷെഫീഖിന്റെ കസ്റ്റഡി മരണ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കുമെന്നും സിബിഐക്ക് വിടാൻ തയാറാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നിപുൺ സത്യം പറയുന്നത്.

ജയിലിൽ ചികിത്സ വൈകുന്ന അനാസ്ഥ വേറെയും ഉണ്ടായിട്ടുണ്ടെന്നു നിപുൺ പറയുന്നു. 13-ാം സെല്ലിലെ വയോധികനായ കുര്യൻ എന്ന അന്തേവാസി വീണു കയ്യൊടിഞ്ഞിട്ടും ചികിത്സ വൈകിപ്പിക്കുകയും ഒടിഞ്ഞ കയ്യുമായി സെല്ലിലടയ്ക്കുകയും ചെയ്തതായും നിപുൺ പറഞ്ഞു. കയ്യൊടിഞ്ഞതിനാൽ പ്രാഥമിക ആവശ്യങ്ങൾക്കു പോലും അദ്ദേഹം പ്രയാസപ്പെടുകയാണ്. ജയിലിൽ ഭക്ഷണം വിളമ്പുന്നത് വൃത്തിഹീന സാഹചര്യത്തിലാണെന്നും കോവിഡ് ഫലം വരുന്നതു വരെ പ്രതികളെ താമസിപ്പിക്കുന്ന ഇവിടെ യാതൊരു പ്രോട്ടോക്കോളും പാലിക്കുന്നില്ലെന്നും നിപുൺ പറയുന്നു. ജയിലിന്റെ സിസിടിവി ദൃശ്യങ്ങളുണ്ടെന്നും റിമാൻഡ് ചെയ്യുന്ന മജിസ്ട്രേറ്റ് ഉൾപ്പെടെയുള്ളവർ ഇതിന് ഉത്തരവാദിത്തമുള്ളവരാണെന്നും നിപുൺ കുറ്റപ്പെടുത്തി.

കഴിഞ്ഞ ആറാം തീയതി മുതൽ ജയിലിൽ കഴിയുന്നതിനിടെ 12ാം തീയതി 14ാം നമ്പർ സെല്ലിലെ അന്തേവാസി ഷെഫീഖ് നിലത്തു വീണത് തന്റെ കൺമുന്നിലായിരുന്നെന്ന് അദ്ദേഹം പറയുന്നു. മറ്റ് അന്തേവാസികളുമായി സംസാരിച്ചുകൊണ്ടിരിക്കെ നേരെ എതിർവശത്തെ സെല്ലിലൂടെ നടക്കുകയായിരുന്ന ഷെഫീഖ് ഉച്ചത്തിൽ ശബ്ദമുണ്ടാക്കി തലതല്ലി നിലത്തേയ്ക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് മറ്റ് തടവുകാർ അടുത്തെത്തി പ്രാഥമിക ശുശ്രൂഷ നൽകി. ജയിൽ അധികൃതർ സെല്ലിലെത്തിയിട്ടും കയ്യിൽ താക്കോൽ കൊടുക്കുന്നതു പോലെയുള്ള അപരിഷ്‌കൃത ചികിത്സകൾക്കാണ് മുതിർന്നതെന്ന് നിപുൺ പറയുന്നു.

ഷെഫീഖ് തലയടിച്ചു വീണത് പറഞ്ഞിട്ടും രക്തം വാർന്നു കിടക്കുമ്പോഴും ആശുപത്രിയിലേയ്ക്ക് മാറ്റാൻ അധികൃതർ തയാറായില്ലെന്നും സമയത്ത് ചികിത്സ കിട്ടിയിരുന്നെങ്കിൽ അദ്ദേഹം മരിക്കില്ലായിരുന്നെന്നും നിപുൺ പറയുന്നു. ഷെഫീഖിന്റെ നില ഗുരുതരമായതോടെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെനിന്നു കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റുകയുമായിരുന്നു. തുടർന്ന് 13ന് ഉച്ചകഴിഞ്ഞു 3.10നാണ് അദ്ദേഹം മരിച്ചത്. തന്റെ കൺമുന്നിൽ കണ്ട കാര്യമാണു പറഞ്ഞതെന്നും അതിനു മുമ്പ് പൊലീസ് മർദിച്ചിരുന്നോ എന്നു വ്യക്തമല്ലെന്നും നിപുൺ പറയുന്നു.

അതായത് പൊലീസിനെതിരെ നിപുൺ കുറ്റപ്പെടുത്തൽ നടത്തുന്നില്ല. എന്നാൽ തന്റെ കൺമുന്നിൽ കണ്ട സത്യം പറയുകയും ചെയ്യുന്നു. അതായത് ജയിൽ അധികൃതരുടെ അനാസ്ഥ മാത്രമാണ് സംഭവത്തിന് വഴിയൊരുക്കിയതെന്നാണ് വിശദീകരണം. സാധാരണ പൊലീസിനേയും ജയിൽ അധികൃതരേയും പേടിച്ച് ആരും ഇത്തരം സത്യം പുറത്തു പറയാറില്ല. ഇതാണ് നിപുൺ തെറ്റിക്കുന്നത്. അതുകൊണ്ട് തന്നെ ഷെഫീഖിന്റെ മരണത്തിൽ വ്യക്തത വരികയും ചെയ്യും.

പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴിപ്രകാരം ഷെഫീഖിന്റെ തലയ്ക്കു പിൻവശത്ത് ഉറച്ച പ്രതലത്തിൽ വീണതു മൂലമോ എന്തെങ്കിലും വസ്തു തട്ടിയതു കൊണ്ടോ ഉണ്ടാകുന്ന പരുക്ക് സംഭവിച്ചിരുന്നതായാണ് പറയുന്നത്. പരുക്കിന്റെ കാഠിന്യം കൊണ്ട് തലച്ചോറിലുണ്ടായ രക്തസ്രാവമാണ് മരണ കാരണമെന്നും മൊഴിയിൽ പറയുന്നു. അതേസമയം, ഷെഫീഖിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കടുത്ത ആരോപണങ്ങളുമായി ഭാര്യ സെറീന ഉൾപ്പടെയുള്ളവർ രംഗത്തു വന്നിരുന്നു.

തലയ്ക്കു പിന്നിലെ മുറിവിനു കാരണം പൊലീസ് മർദനമാണെന്നായിരുന്നു പിതാവ് ഷെഫീഖിന്റെ ആരോപണം. ഈ സാഹചര്യത്തിലാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയത്.