തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലും തമിഴ്‌നാട്ടിലെ കന്യാകുമാരി ജില്ലയിലും നിരവധിപേരുടെ ലക്ഷക്കണക്കിന് രൂപ നഷ്ടപ്പെട്ട നിർമൽകൃഷ്ണ ചിട്ടിതട്ടിപ്പ് കേസിൽ പ്രതികളെ സംരക്ഷിക്കാൻ ശ്രമമെന്ന് പരാതി. അന്വേഷണഏജൻസികൾ പ്രതി നിർമലന്റെ ബാധ്യത കുറച്ചുകാണിച്ചുകാണിക്കുന്നു എന്ന് ആരോപിച്ചാണ് പണം നഷ്ടപ്പെട്ടവർ രംഗത്തെത്തിയിരിക്കുന്നത്. കേരള ക്രൈംബ്രാഞ്ചും തമിഴ്‌നാട് എക്കണോമിക് ഒഫൻസെസ് വിങുമാണ് ഇപ്പോൾ പ്രധാനമായും കേസ് അന്വേഷിക്കുന്നത്.

നിർമ്മലൻ സമർപ്പിച്ച പാപ്പർ ഹർജിയിൽ 590 കോടിയിൽ അധികം രൂപയുടെ ബാധ്യതയുണ്ടെന്നാണ് സമ്മതിച്ചിട്ടുള്ളത്. എന്നാൽ അന്വേഷണ ഏജൻസികൾ കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ബാധ്യത 340 കോടി മാത്രമാണെന്നാണ് പറഞ്ഞിരിക്കുന്നത്. അന്വേഷണഏജൻസികളുടെ റിപ്പോർട്ടിൽ ബാധ്യത കുറച്ചുകാണിക്കുന്നതോടെ നിർമലന്റെ സ്വത്തുക്കൾ ഏറ്റെടുക്കുന്നത് കുറവുണ്ടാകുകയും ഇടപാടുകാർക്ക് കിട്ടാനുള്ള പണം കിട്ടാതെ വരുകയും ചെയ്യുമെന്നാണ് പണം നഷ്ടപ്പെട്ടവരുടെ പരാതി.

നിർമ്മലന് ആയിരം കോടിയുടെ ആസ്തി ഉണ്ടെന്ന് മധുര കോടതിയിൽ പ്രതിഭാഗം വക്കീൽ അറിയിച്ചിരുന്നു. എന്നിട്ടും അന്വേഷണഏജൻസികൾ നിർമലന്റെ ബാധ്യത മനഃപൂർവം കുറച്ചുകാണിച്ചതിനെതിരെ നിക്ഷേപകർ കൂട്ടത്തോടെ പ്രതിഷേധവുമായി സമരരംഗത്ത് ഇറങ്ങിയിരിക്കുകയാണ്. നിക്ഷേപകർക്ക് പണം തിരിച്ചുനൽകാനുള്ള നടപടികൾ ഇഴഞ്ഞുനീങ്ങുന്നുവെന്നും നിർമലനെ സഹായിക്കുന്നതിന് അന്വേഷണഏജൻസികൾ ഗൂഢാലോചന നടത്തുന്നുവെന്നും ആരോപിച്ച് നിർമ്മൽകൃഷ്ണ സമരസമിതിയുടെ ആഭിമുഖ്യത്തിൽ പാറശ്ശാല ഗാന്ധിപാർക്കിൽ ഏതാനും ദിവസങ്ങൾക്ക് മുമ്പ് നിക്ഷേപകർ പ്രതിഷേധവുമായി എത്തിയിരുന്നു.

നിർമ്മലന്റെ പാപ്പർ ഹർജി വഞ്ചിയൂർ കോടതി തള്ളിയപ്പോൾ ഈ ഐപിയിൽ ഉൾപ്പെടുത്തിയിട്ടുള്ള കേരളത്തിലെ കമ്പനികൾ ഉൾപ്പടെയുള്ള വസ്തുവകകൾ മധുര കോടതിയിൽ അറ്റാച്ച് ചെയ്യുന്നതിൽ നാഗർകോവിൽ എക്കണോമിക്ക് ഒഫൻസസ് വിങ് വീഴ്‌ച്ച വരുത്തി.യതായും നിക്ഷേപകർ ആരോപിക്കുന്നു. നിർമൽകൃഷ്ണ തട്ടിപ്പ് പുറത്തുവന്നതോടെ നെയ്യാറ്റിൻകര പെരുങ്കടവിളയിൽ പ്രവർത്തിച്ചിരുന്ന കൃഷ്ണ ഫിനാൻസ് എന്ന നിർമ്മലന്റെ സ്ഥാപനം രഹസ്യമായി പൂട്ടി നിക്ഷേപകരെ കബളിപ്പിക്കുകയുണ്ടായി.

ഇത്തരത്തിൽ കേരളത്തിലുടനീളം നടത്തിയിട്ടുള്ള തട്ടിപ്പുകളെക്കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷിക്കുകയോ നടപടി എടുക്കുകയോ ചെയ്തിട്ടില്ല. ക്രൈംബ്രാഞ്ച് പാറശാലയിൽ രണ്ടുദിവസം തുടർച്ചയായി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടപ്പോൾ അത് നൽകാൻ നിർവാഹമില്ലെന്നാണ് അറിയിച്ചത്. എന്ത് മറച്ചുവയ്ക്കാനാണ് അന്വേഷണറിപ്പോർട്ട് പുറത്തുവിടാത്തതെന്നാണ് നിക്ഷേപകർ ചോദിക്കുന്നത്. നാട്ടുകാരെ കാണിക്കാനുള്ള വെറും അന്വേഷണപ്രഹസനമാണ് അന്ന് പാറശാലയിൽ നടന്നതെന്നും അവർ സംശയിക്കുന്നു.

കന്യാകുമാരി എക്സ്പോർട്ട് എന്ന നിർമ്മലന്റെ സ്ഥാപനം വഴി കോടികൾ വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് നിക്ഷേപകർ പരാതി നൽകിയിട്ടും അതിനെപറ്റി അന്വേഷിക്കാൻ അന്വേഷണഏജൻസികൾ തയ്യാറായിട്ടില്ല. കേരള ക്രൈംബ്രാഞ്ചിനോട് അന്വേഷിക്കുമ്പോൾ അത് തമിഴ്‌നാട് എക്കണോമിക്ക് ഒഫൻസസ് വിങിന്റെ ഉത്തരവാദിത്തമാണെന്ന് പറഞ്ഞ് കൈകഴുകുകയാണ്.

പെരുങ്കടവിളയിൽ പ്രവർത്തിച്ച സ്ഥാപനത്തെക്കുറിച്ച് എക്കണോമിക് ഒഫൻസെസ് വിങ് അന്വേഷിക്കുകയോ തിരച്ചിൽ നടത്തുകയോ ചെയ്തിട്ടില്ല എന്ന പല ആവർത്തി പറഞ്ഞിട്ടുള്ളതാണ്. എന്നിട്ടും ആ സ്ഥാപനത്തെകുറിച്ചുള്ള പരാതികളെക്കുറിച്ച് അന്വേഷിക്കുന്നതിൽ കേരളാപൊലീസ് വലിയ വീഴ്‌ച്ചയാണ് വരുത്തിയിട്ടുള്ളത്, പെരുങ്കടവിള കൃഷ്ണ ഫിനാൻസിൽ സ്വർണ്ണ പണയവും, മറ്റു ഇടപാടുകളും നടത്തിയിട്ടുള്ള നിക്ഷേപകർ കേസിനെ തുടർന്ന് നാഗർകോവിൽ എക്കണോമിക് ഒഫൻസെസ് വിങിനെ സമീപിച്ചപ്പോൾ അവിടെ ഒന്നും തന്നെ എത്തിയിട്ടില്ല എന്നാണ് അറിയിച്ചിട്ടുള്ളത്. ഇതിനെക്കുറിച്ച് ഇടപാടുകാർ പെരുങ്കടവിള പൊലീസ് സ്റ്റേഷനിൽ ഭീമഹർജിയും ഡിജിപിക്ക് പരാതിയും നൽകിയിരുന്നു. എന്നാൽ പരാതി കൊടുത്ത് ആറു മാസത്തോളം ആയിട്ടും ഒരു പുരോഗതിയും ഉണ്ടായിട്ടില്ലെന്ന് പരാതിക്കാർ പറയുന്നു.

കന്യാകുമാരി എക്സ്പോർട്ട് അടക്കം നിർമലൻ നിക്ഷേപകരുടെ പണം കൊണ്ട് വാങ്ങിയ സ്ഥാപനങ്ങളൊക്കെ കൈമാറ്റം ചെയ്യൂകയാണ്, ഇതിന് ഒത്താശ ചെയ്തുകൊടുക്കുന്നത് കേരളത്തിലെയും തമിഴ്‌നാട്ടിലെയും അന്വേഷണ ഉദ്യോഗസ്ഥരാണെന്നാണ് നിക്ഷേപകരുടെ ആരോപണം. ജനങ്ങളുടെ നിക്ഷേപം സ്വീകരിച്ചു കൊണ്ട് തട്ടിപ്പ് നടത്തിയ വ്യക്തിക്ക് കേരളത്തിന്റെ നിയമപഴുതുകൾ ഉപയോഗിച്ചു കൊണ്ട് രക്ഷപ്പെടാനുള്ള സാഹചര്യമാണ് ഈ അന്വേഷണ സംഘം ഒരുക്കിയിരിക്കുന്നത്. പൊതുജനങ്ങളുടെ നിക്ഷേപം സ്വീകരിച്ച ഒരു സ്ഥാപന ഉടമയ്ക്ക് എങ്ങനെയാണ് ഐപി നൽകുവാൻ സാധിക്കുന്നത് - നിക്ഷേപകർ ചോദിക്കുന്നു. സർഫാസി നിയമം ഉപയോഗിച്ച് ഗോശ്രീ എന്ന ഫിനാൻസ് സ്ഥാപനത്തിന്റെ മറവിൽ നിർമ്മലൻ ഇപ്പോഴും വസ്തു വകകൾ കൈമാറ്റം ചെയ്ത് വരുകയാണെന്നും അവർ ആരോപിക്കുന്നു. നിർമ്മൽ കൃഷ്ണ നിധി എന്ന സ്ഥാപനത്തിന് സമാനമായ ഒരു സ്ഥാപനമാണ് ഗോശ്രീ ഫിനാൻസ് എന്ന സ്ഥാപനവും. ഇക്കാര്യങ്ങളിൽ അന്വേഷണം വേണമെന്നും തട്ടിപ്പുകാർക്ക് അനുകൂലമായി പ്രയോജനപ്പെടുത്തുന്ന ആക്ടുകളിൽ കാതലായ മാറ്റം വരുത്തണമെന്നുമാണ് സമരസമിതിയുടെ ആവശ്യം.

നിർമൽ കൃഷ്ണ ചിട്ടിഫണ്ട് തട്ടിപ്പിന് പിന്നിൽ രാഷ്ട്രീയ- ഉദ്യോഗസ്ഥ തലത്തിലുള്ള നിരവധി പ്രമുഖർക്കും പങ്കുണ്ടെന്ന ആരോപണം മുമ്പ് ഉയർന്നുവന്നിരുന്നു. അവരുടെ സഹായം ഇപ്പോഴും ലഭിക്കുന്നുണ്ടെന്നാണ് ഇപ്പോൾ ഉയർന്നുവരുന്ന ആരോപണങ്ങൾ തെളിയിക്കുന്നത്. മുമ്പ് നിർമലന് ജയിലിനുള്ളിലും പ്രത്യേകസൗകര്യങ്ങൾ ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയർന്നിരുന്നു. അതിന് തുടർച്ചയായിട്ടാണ് എക്കണോമിക് ഒഫൻസെസ് വിങിന്റെ അന്വേഷണം നേരിടുന്ന പ്രതിയുടെ സ്വത്തുക്കൾ രഹസ്യമായി കൈമാറാനും ശ്രമം നടക്കുന്നു എന്ന പരാതി ഉയരുന്നത്.