തിരുവനന്തപുരം: തിരുവനന്തപുരത്തും മുഹമ്മദ് നിഷാം പ്രശ്നക്കാരൻ തന്നെ. ഈ ജയിൽ ഭരിക്കുന്നത് നിഷാമിന്റെ പണമാണെന്നാണ് സൂചന. ഇതിന് തെളിവാണ് ഫ്ളാറ്റിലെ സുരക്ഷാ ജീവനക്കാരനായിരുന്ന ചന്ദ്രബാബുവിനെ കാറിടിച്ചുകൊന്ന കേസിലെ പ്രതിയായ വ്യവസായി മുഹമ്മദ് നിഷാമിനെതിരേ വീണ്ടും കേസ് വരുന്നത്. ജയിലിനുള്ളിലും കുറ്റകൃത്യം തുടരുകയാണ് ഈ മുതലാളി.

പൂജപ്പുര സെൻട്രൽ ജയിലിലെ സഹതടവുകാരനെ ആക്രമിക്കാൻ ക്വട്ടേഷൻ കൊടുത്ത സംഭവത്തിലാണ് കേസ്. ജയിൽ സന്ദർശനവേളയിൽ ജില്ലാ ജഡ്ജി മുമ്പാകെ കരകുളം സ്വദേശി നസീറെന്ന തടവുകാരൻ നൽകിയ പരാതിയിലാണ് പൂജപ്പുര പൊലീസ് നിഷാമിനും കൊലുസു ബിനുവെന്ന തടവുകാരനുമെതിരേ കേസെടുത്തത്. നസീറിന്റെ കാലിൽ ബിനു രണ്ട് മാസം മുൻപ് ചൂടുവെള്ളമൊഴിച്ചു. നസീറിന് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ജൂൺ 24-നാണ് സംഭവമെന്നാണ് നസീറിന്റെ മൊഴി. ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയായ നസീർ.

നിഷാമിന്റെ ക്വട്ടേഷൻ ഏറ്റെടുത്താണ് ബിനു നസീറിന്റെ കാലിൽ ചൂടുവെള്ളമൊഴിച്ചതെന്നാണ് പരാതി. എന്നാൽ, ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വച്ചിരുന്ന ചൂടുവെള്ളം കാലിൽ വീണെന്നാണ് പൊള്ളലേറ്റ സമയത്ത് നസീർ പറഞ്ഞത്. ഇത് ബിനുവിന്റെ കൈയിൽ നിന്നും അബദ്ധത്തിന് സംഭവിച്ചതാണെന്നാണ് ആദ്യം കരുതിയതെന്നാണ് നസീർ പറയുന്നത്. പിന്നീട് സത്യം തിരിച്ചറിഞ്ഞുവെന്നും വിശദീകരിക്കുന്നു. ഏതായാലും പരാതിയുടെ ഗൗരവും പൊലീസിന് മനസ്സിലായിട്ടുണ്ട്.

കഴിഞ്ഞയാഴ്ച അയ്യപ്പൻ എന്ന മറ്റൊരു പ്രതിയും നിഷാമുമായി തർക്കമുണ്ടായിരുന്നു. നസീറിനെ ആക്രമിക്കാനുള്ള ക്വട്ടേഷനെ സംബന്ധിച്ചായിരുന്നു തർക്കം. ഇതാണ് നിഷാമിന്റെ അടുപ്പക്കാരനായ ബിനു മനപ്പൂർവം ആക്രമിച്ചതാണെന്ന പരാതി നൽകാൻ കാരണം. നിഷാമും നസീറുമായി ചില തർക്കങ്ങളുണ്ടായിരുന്നു. ജയിലിൽ അനധികൃത സൗകര്യങ്ങളൊരുക്കാൻ മേസ്തിരിയായ നസീർ, നിഷാമിൽ നിന്നും പണം പറ്റിയെന്നും സൂചനയുണ്ട്. നസീറിന്റെ പരാതിയിലെ ദുരൂഹതയും പൊലീസ് അന്വേഷിക്കുന്നുണ്ട്.

വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകളിലായിരുന്ന നിഷാമിനെ എൻ.ഐ.എ രജിസ്റ്റർ ചെയ്ത കേസിലെ പ്രതികളുമായി ബന്ധം സ്ഥാപിക്കാൻ ശ്രമിച്ചത ്കണ്ടെത്തിയിരുന്നു. ഈ രഹസ്യാന്വേഷണ റിപ്പോർട്ടിനെ തുടർന്നാണ് പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റിയത്. അവിടേയും പ്രശ്നക്കാരനായി തുടരുകയാണ് നിഷാം.

എന്നാൽ, സുപ്രീംകോടതിയിൽ നിഷാമിന്റെ അപ്പീൽ നിൽക്കുന്നതിനാൽ ചില കേസുകളിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങുന്നതായുള്ള വിവരമുണ്ടെന്നും അതിനാൽ പുതിയ പരാതിക്ക് പിന്നിൽ ദുരൂഹതയുണ്ടെന്നും പൊലീസിനും ജയിൽ ഉദ്യോഗസ്ഥർക്കും സംശയമുണ്ട്. ജയിൽ ബാർബർ ഷോപ്പിലെ സാമഗ്രികൾ വൃത്തിയാക്കാൻ വെച്ച ചൂടുവെള്ളം കാലിൽ വീണെന്ന് പറഞ്ഞ് നസീർ ജയിൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. എന്നാൽ, സംഭവം നടന്ന ദിവസം പരാതിയൊന്നും നസീർ അറിയിച്ചില്ല.

സംഭവം നടക്കുമ്പോൾ ഒന്നാം ബ്ലോക്കിലായിരുന്നു നിഷാം. നിഷാമിന്റെ പ്രേരണയോടെ മറ്റൊരു സഹതടവുകാരനായ ബിനു കാലിൽ ചൂടുവെള്ളമൊഴിച്ചുവെന്നാണ് പരാതി. ഇത്തരമൊരു സംഭവം ജയിലിൽ നിന്നും നേരത്തെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും പൊലീസും പറയുന്നു. ജൂണിൽ നടന്ന സംഭവത്തിൽ സഹതടവുകാരനായ നസീർ ഇപ്പോഴാണ് പരാതി നൽകിയതെന്നതുകൊണ്ടാണ് ദുരൂഹതയുണ്ടെന്ന് സംശയിക്കുന്നത്. നസീർ കോടതിയിൽ നൽകിയ പരാതിയിൽ പൂജപ്പുര പൊലീസ് കേസേടുത്ത് പ്രാഥമിക വിവരങ്ങൾ ശേഖരിച്ചു. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവത്തിൽ കേസെടുത്തത് ഈ മാസം രണ്ടിനാണ്. മൂവരും കൊലക്കേസ് പ്രതികളാണ്.

ബിസിനസുകാരനായ മുഹമ്മദ് നിഷാം കൊലപ്പെടുത്തിയ സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. പണത്തിന്റെയും അധികാരത്തിന്റെയും അഹങ്കാരത്തിൽ ക്രൂരകൃത്യം ചെയ്ത ശേഷം കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന വിവാദവുമുണ്ടായി. തുടർന്ന് ശിക്ഷിക്കപ്പെട്ട നിഷാം വിയ്യൂർ, കണ്ണൂർ ജയിലിലും ശിക്ഷ അനുഭവിച്ചശേഷം ഇപ്പോൾ പൂജപ്പുരയിലുമാണ് കഴിയുന്നത്. പൂജപ്പുര സെൻട്രൽ ജയിലിലെ 12-ാം ബ്ലോക്കിലെ മേസ്തിരിയാണ് കൊലക്കേസ് പ്രതിയും പരാതിക്കാരനുമായ നസീർ. ഈ ബ്ലോക്കിൽ ജോലിക്കു പോകുന്നയാളാണ് വധശിക്ഷക്ക് ശിക്ഷക്കപ്പെട്ട് ജയിലിൽ കഴിയുന്ന മറ്റൊരു തടവുകാരനായ ബിനു.

എന്നാൽ സംഭവം നടന്ന ദിവസം തന്നെ ആരെങ്കിലും ആക്രമിച്ചതായി പരാതിയൊന്നും നസീർ അറിയിച്ചില്ലെന്ന് ജയിൽ സൂപ്രണ്ട് പറയുന്നു. സഹതടവുകാരുടെ അനുയായികൾക്ക് നിഷാം പണം നൽകാറുണ്ടെന്ന വിവരം ജയിൽ ഉദ്യോഗസ്ഥർക്ക് ലഭിച്ചിരുന്നു. ജയിൽ ബ്ലോക്കിലുള്ള മറ്റ് തടവുകാരിൽ നിന്നും മൊഴിയെടുക്കുമ്പോൾ കാര്യങ്ങൾ വ്യക്തവരുമെന്ന് പൊലീസ് പറയുന്നു കിങ്‌സ് ബിഡി കമ്പനി മുതലാളിയായ നിഷാം നിരവധി ആഡംബരക്കാറുകൾക്ക് ഉടമയായിരുന്നു.