ഡൽഹി: രാജ്യത്ത് കോവിഡ് വാക്‌സിന്റെ ഉത്പാദനം വർധിപ്പിക്കണമെന്ന തന്റെ പ്രസ്താവനയിൽ ഖേദം പ്രകടിപ്പിച്ച് കേന്ദ്രമന്ത്രി നിതിൻഖഡ്ഗരി.ഉത്പാദനം കൂട്ടാൻ കേന്ദ്രം ഇതിനോടകം തീരുമാനിച്ചിരുന്നു. താൻ പ്രസ്താവന നടത്തിയത് ഇതേ കുറിച്ച് അറിവില്ലാതെയാണ് സർക്കാർ തീരുമാനം രാസവള മന്ത്രി തന്നോട് വിശദീകരിച്ചെന്നും ഗഡ്കരി വ്യക്തമാക്കി. ഉത്പാദനം കൂട്ടിയാൽ വാക്‌സീൻ കയറ്റുമതി ചെയ്യാമെന്നും, പത്തിലധികം കമ്പനികൾ പരിഗണനയിലുണ്ടെന്നുമായിരുന്നു ഗഡ്കരിയുടെ പ്രസ്താവന.

രാജ്യത്തെ അനുയോജ്യരായ മരുന്ന് കമ്പനികൾക്ക് നിർമ്മാണ അനുമതി നൽകി നയം കൂടുതൽ ഉദാരമാക്കാനാണ് കേന്ദ്ര തീരുമാനം. തദ്ദേശീയമായി വികസിപ്പിക്കുന്ന കൊവാക്‌സിൻ നിർമ്മാണ ഫോർമുല കൈമാറാൻ സന്നദ്ധമാണെന്ന് നിർമ്മാതാക്കളായ ഭാരത് ബയോടെക്ക് അറിയിച്ചിരുന്നു. ബയോസെഫ്ടി ലെവൽ മൂന്ന് ലാബ് സൗകര്യമുള്ള കമ്പനികൾക്ക് നിർമ്മാണത്തിനായി സമീപിക്കാമെന്ന് കേന്ദ്രവും വ്യക്തമാക്കിയിരുന്നു. പത്തിലധികം കമ്പനികൾ താൽപര്യം പ്രകടിപ്പിച്ച പശ്ചാത്തലത്തിലാണ് കേന്ദ്ര നീക്കം.

ഓഗസ്റ്റ് മുതൽ കൂടുതൽ വിദേശ വാക്‌സീൻ എത്തി തുടങ്ങുന്ന പശ്ചാത്തലത്തിൽ കൂടിയാണ് വാക്‌സീൻ ഉത്പാദനവും സംഭരണവും കൂട്ടാനുള്ള സർക്കാർ തീരുമാനം. അതേസമയം, രണ്ട് വയസ് മുതൽ 18 വയസ് വരെ പ്രായമുള്ളവരിലെ രണ്ട് മൂന്ന് ഘട്ട വാക്‌സീൻ പരീക്ഷണം രണ്ടാഴ്‌ച്ചക്കുള്ളിൽ തുടങ്ങാൻ അനുമതി നൽകിയ കേന്ദ്ര തീരുമാനത്തിനെതിരെ ഡൽഹി ഹൈക്കോടതിയിൽ പൊതു തൽപര്യ ഹർജിയെത്തി.

പരീക്ഷണം നിർത്തി വയ്ക്കണമെന്നാണ് ഹർജിയിലെ ആവശ്യം. പരീക്ഷണത്തിന് സ്റ്റേ ഏർപ്പെടുത്താൻ വിസമ്മതിച്ച കോടതി കേന്ദ്രത്തിനും ഡ്രഗ്സ്സ് കൺട്രോളർ ജനറൽക്കും നോട്ടീസയച്ചു. കൊവാക്‌സീന്റെ ആദ്യ ഘട്ട പരീക്ഷണം വിജയകരമായ പശ്ചാത്തലത്തിലാണ് തുടർഘട്ടങ്ങൾക്ക് കേന്ദ്രം അനുമതി നൽകിയത്.