കോട്ടയം : കഴുത്തിൽ ആഴത്തിലും വീതിയിലുമേറ്റ മുറിവാണ് നിഥിന മോളുടെ മരണത്തിന് കാരണമെന്ന് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. ധമനികൾ മുറിഞ്ഞ് പെട്ടെന്ന് രക്തം വാർന്നതാണ് മരണകാരണമായതെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. ചേർത്തുപിടിച്ച് കഴുത്തറുത്തതിനാലാണ് ആഴത്തിലുള്ള മുറിവുണ്ടായതും അമിതരക്തസ്രാവമുണ്ടായതുമെന്ന് പോസ്റ്റ്മോർട്ടം നടത്തിയ ഫോറൻസിക് സർജന്മാരുടെ തലവൻ പറഞ്ഞു.
കോട്ടയം മെഡിക്കൽ കോളേജിൽ വച്ചായിരുന്നു നിഥിനയുടെ പോസ്റ്റ്മോർട്ടം നടത്തിയത്. ശനിയാഴ്ച രാവിലെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലാണ് നിതിനയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടം ചെയ്തത്. തുടർ നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി.

പ്രതിയെ ഒരു ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രതിയെ പാലാ സെന്റ് തോമസ് കോളജിലെത്തിച്ചും തെളിവെടുപ്പ് നടത്തും. ഇതിനിടെ പെൺകുട്ടിയുടെ അമ്മയ്ക്കും പ്രതി ഭീഷണി സന്ദേശം അയച്ചിരുന്നതായുള്ള വിവരങ്ങൾ പുറത്തുവരുന്നുണ്ട്. ഈ സാഹചര്യത്തിൽ ഫോൺ വിവരങ്ങൾ ശേഖരിക്കാനും പൊലീസ് നടപടി തുടങ്ങി

ഇന്നലെയാണ് പാല സെന്റ് തോമസ് കോളേജ് ിൽ വെച്ച് സഹപാഠി നിഥിനയെ കഴുത്തറുത്തുകൊലപ്പെടുത്തിയത്. സഹപാഠിയായ കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് നിഥിനയെ കോളേജ് ക്യാമ്പസിൽ വെച്ച് അതിക്രൂരമായി കൊലപ്പെടുത്തിയത്. നിഥിന പ്രണയത്തിൽ നിന്നും അകലുന്നു എന്ന സംശയമാണ് കൊലപാതകത്തിന് കാരണമെന്നാണ് അഭിഷേക് പൊലീസിന് മൊഴി നൽകിയത്. കൊലപാതകം ഉദ്ദേശിച്ചിരുന്നില്ലെന്നും, തന്റെ കൈ മുറിച്ച് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുക മാത്രമാണ് വിചാരിച്ചിരുന്നതെന്നും അഭിഷേക് പറഞ്ഞു.

എന്നാൽ പൊലീസ് ഇത് വിശ്വസിച്ചിട്ടില്ല. കൊലപാതകം ആസൂത്രിതമെന്നും, അഭിഷേക് കരുതിക്കൂട്ടിത്തന്നെയാണ് കോളേജിൽ വന്നതെന്നും പൊലീസ് വിലയിരുത്തുന്നു. നിഥിനയെ കൊലപ്പെടുത്തുക ലക്ഷ്യമിട്ട് ഒരാഴ്ച മുമ്പേ പ്രതി ബ്ലെയ്ഡ് വാങ്ങിയിരുന്നതായും പൊലീസ് വ്യക്തമാക്കി. പ്രതിയെയും കൊണ്ട് കോളേജിലും ബ്ലെയ്ഡ് വാങ്ങിയ കടയിലും പൊലീസ് തെളിവെടുപ്പ് നടത്തും.

നിതിനയ്ക്ക് അന്തിമോപചാരം

വീട്ടിലെ പൊതുദർശനത്തിന് ശേഷം മൃതദേഹം തുറവേലിക്കുന്നിലെ ബന്ധുവീട്ടിലെത്തിച്ച് സംസ്‌കരിച്ചു.കോവിഡിനിടയിലും വൻ ജനാവലി തന്നെയാണ് നിഥിന മോളെ ഒരുനോക്ക് കാണാനായി തുറവേലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തുന്നത്. പ്രിയങ്കരിയും മിടുമിടുക്കിയുമായ നിഥിന ഇനിയില്ലെന്ന സത്യം വിശ്വസിക്കാൻ നാട്ടുകാർക്കും ബന്ധുക്കൾക്കുമാവുന്നില്ല.

കണ്ണീരടക്കാനാവാതെ നിലവിളിച്ചുകൊണ്ടാണ് അവർ പ്രിയപ്പെട്ട മകളുടെ മൃതദേഹത്തിന് അന്തിമോപചാരമർപ്പിച്ചത്. സംസ്ഥാന സർക്കാരിനുവേണ്ടി മന്ത്രി വിഎൻ വാസവനും സി.കെ ആശ എംഎൽഎയും നിഥിനയുടെ വീട് സന്ദർശിച്ചു.
നിഥിനമോൾ, പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്, സംസ്‌കാരം