ചെന്നൈ: തമിഴ്‌നാട് തീരത്ത് നാശം വിതച്ച് നിവാർ ചുഴലിക്കാറ്റ് പുതുച്ചേരിക്കടുത്ത് കാരയ്ക്കലിൽ കര തൊട്ടു. പിന്നീട് കാറ്റ് ശാന്തതയിലേക്ക് പതിയെ മാറുകയാണ്. 135 കിലോമീറ്റർ വേഗതയിലാണ് ചുഴലിക്കാറ്റ് കര തൊട്ടത്. അതിതീവ്രചുഴലിക്കാറ്റായി തീരംതൊട്ട നിവാർ ഇപ്പോൾ ശക്തി കുറഞ്ഞ് തീവ്രചുഴലിക്കാറ്റ് എന്ന ഗണത്തിലേക്ക് മാറിയിട്ടുണ്ട്. കാറ്റിന്റെ വേഗം അടുത്ത മണിക്കൂറുകളിൽ കുറയുമെന്ന് കാലാവസ്ഥ കേന്ദ്രം അറിയിച്ചു. ഇതിന് ആറ് മണിക്കൂർ വരെ സമയമെടുത്തേക്കാം.വേഗം 65-75 കീമി ആയി കുറയും എന്നാണ് കണക്കുകൂട്ടൽ.

അഞ്ചുമണിക്കൂറിൽ തീവ്രത കുറഞ്ഞ് കൊടുങ്കാറ്റായി മാറുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം വടക്കൻ തമിഴ്‌നാട്ടിൽ കനത്ത മഴ തുടരും. തീവ്രത കുറയുന്നത് ആശങ്കകൾക്കും വിരാമമിടുന്നുണ്ട്. പുതുചേരിയിലാണ് കുടുതൽ മഴ കിട്ടിയത്. കൂടല്ലൂരിലും ചെന്നൈയിലും നല്ല മഴ പെയ്തു.

പുതുച്ചേരിക്കും മാരക്കാനത്തിനും ഇടയ്ക്കുള്ള തീരത്താണ് ചുഴലിക്കാറ്റ് പ്രവേശിച്ചത്. ചുഴലിക്കാറ്റിന്റെ കേന്ദ്രഭാഗം പുതുച്ചേരിയിൽ നിന്നും 50 കിലോമീറ്റർ അകലെയാണ്. ലക്ഷക്കണക്കിന് ആളുകളെയാണ് തീരദേശത്തുനിന്നും മാറ്റിപ്പാർപ്പിച്ചത്. ചെന്നൈയിൽ പ്രധാന റോഡുകൾ അടച്ചു. ചെമ്പരപ്പാക്കം തടാകത്തിൽ നിന്ന് പുറത്തേക്കൊഴുക്കുന്ന വെള്ളത്തിന്റെ അളവ് കൂട്ടിയതോടെ നഗരം പ്രളയഭീതിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. നിവാർ നാശം വിതയ്ക്കുമെന്ന് ആശങ്കയുള്ള കടലൂർ, തഞ്ചാവൂർ, ചെങ്കൽപേട്ട്, നാഗപട്ടണം, പുതുക്കോട്ട, തിരുവാരൂർ, വിഴുപുറം, പുതുച്ചേരി, കാരയ്ക്കൽ എന്നിവിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങളിൽനിന്നു ജനങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു.

ബുധനാഴ്ച രാത്രി 10:30 ഓടെയാണ് പോണ്ടിച്ചേരിയിൽ കരയിലെത്തിയ ചുഴലിക്കാറ്റ് ഇന്ന് തമിഴ്‌നാട്ടിൽ ശക്തിപ്രാപിക്കുമെന്നാണ് കരുതുന്നത്. തമിഴ്‌നാട് സർക്കാർ ശനിയാഴ്ച വരെ പൊതു അവധി പ്രഖ്യാപിച്ചു. ചെന്നൈ വിമാനത്താവളം 12 മണിക്കൂർ പ്രവർത്തനം നിർത്തിവച്ചു. തീരപ്രദേശങ്ങളിൽ വ്യാഴാഴ്ച വരെ കനത്ത മഴ ലഭിക്കുമെന്നാണ് കാലാവസ്ഥ വിഭാഗം അറിയിക്കുന്നത്. ചുഴലിക്കാറ്റ് വീടുകൾക്കും മരങ്ങൾക്കും വിളകൾക്കും കനത്ത നാശനഷ്ടമുണ്ടാക്കാൻ സാധ്യതയുണ്ട്. ശക്തമായ കാറ്റ് വൈദ്യുതി വിതരണത്തെയും ബാധിക്കുമെന്ന് കരുതുന്നു.

മണിക്കൂറിൽ 110 കിലോമീറ്റർ വേഗതയിലാണ് കാറ്റ് വീഴുന്നത്. കനത്ത മഴയെ തുടർന്ന് ചെന്നൈ നഗരത്തിൽ ജനജീവിതം സ്ഥംഭിച്ച അവസ്ഥയിലാണ്. കടലൂരിൽ വ്യാപക നാശനഷ്ടമുണ്ടായി. വേദാരണ്യത്ത് വൈദ്യുതി പോസ്റ്റ് വീണും വില്ലുപുരത്ത് വീടുതകർന്നും രണ്ടുപേർ മരിച്ചു. നിരവധി മരങ്ങൾ കടപുഴകി വീണു. ചെന്നൈയിലും പുതുച്ചേരിയിലും ശക്തമായ കാറ്റും മഴയും തുടരുകയാണ്.